കൊച്ചി : നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരായ നടിയുടെ പരാതി വ്യാജമെന്ന് വിജയ് ബാബുവിന്റെ (Vijay Babu) അമ്മ മായ ബാബു. മകനെതിരായ പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മായ ബാബു മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നൽകി.
മകനെതിരെ നടി നൽകിയത് വ്യാജ പരാതിയാണെന്നും പിന്നിൽ എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവർത്തകരാണെന്നും മായ ബാബു പരാതിയില്‍ ആരോപിക്കുന്നു. അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നും വിജയ് ബാബുവിന്റെ അമ്മ പരാതിയില്‍ പറയുന്നു.
അതേസമയം, പൊലീസ് കേസെടുത്തതിന് പിന്നാലെ യു എ ഇയിലേക്ക് കടന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുളള ശ്രമത്തിലാണ് കൊച്ചി സിറ്റി പൊലീസ്. ഇന്റർപോൾ വഴി കഴിഞ്ഞ ദിവസം ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇതിന് തുടർച്ചയായിട്ടാണ് പിടികിട്ടാപ്പുളളിയായി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്. ഇന്റർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായി കൊച്ചിയിലെ കോടതി കഴിഞ്ഞ ദിവസം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
ഈ അറസ്റ്റ് വാറന്റാണ് യുഎഇ പൊലീസിന് കൈമാറിയിട്ടുണ്ട്. വിജയ് ബാബു യു എ ഇയിൽ എവിടെയുണ്ടന്ന് നിലവിൽ കൊച്ചി പൊലീസിന് അറിയില്ല. അറസ്റ്റ് വാറന്റിന്റെ പശ്ചാത്തലത്തിൽ എവിടെയുണ്ടെന്ന് അന്വേഷിച്ച് കണ്ടെത്താനാണ് യു എ ഇ പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ആവശ്യമെങ്കിൽ യുഇഎ പൊലീസിന് വിജയ് ബാബുവിനെ തടഞ്ഞുവെയ്ക്കുന്നതിനും തടസമില്ല. അവിടെ നിന്നുളള മറുപടി കിട്ടിയശേഷം ഇന്റർപോൾ വഴി വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനാണ് പൊലീസിന്റെ ശ്രമം.
Vijay Babu's mother says actress' complaint is false