മലപ്പുറം : നിലമ്പൂരിൽ കൊല്ലപ്പെട്ട ഒറ്റമൂലി വൈദ്യന്റെ രക്തക്കറ ലഭിച്ചെന്ന് ഫോറൻസിക് സംഘം. ഡിഎൻഎ പരിശോധനക്ക് ആവശ്യമായ സാമ്പിളുകൾ ലഭിച്ചുവെന്നും ഉടൻ പരിശോധന ഫലം ലഭ്യമാകുമെന്നും അന്വേഷണം സംഘം അറിയിച്ചു.
അതേസമയം, കേസിലെ പ്രതി ഷൈബിൻ അഷ്റഫിന് നിയമോപദേശം നൽകിയെന്ന് ആരോപണം നേരിടുന്ന മുൻ പൊലീസ് ഉദ്യോഗസ്ഥന് നോട്ടീസ് നൽകാൻ അന്വേഷണ സംഘം തീരുമാനിച്ചു.
രണ്ട് വർഷം മുമ്പ് വൈദ്യനെ കൊലപ്പെടുത്തിയ ശേഷം വീട്ടിലെ കുളിമുറിയിൽ വച്ചാണ് വെട്ടി മുറിച്ചു കഷ്ണങ്ങളാക്കി എന്നായിരുന്നു നൗഷാദിന്റെ മൊഴി. ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ ശേഷം, മൃതദേഹം കഷ്ണങ്ങളാക്കിയ കുളിമുറി, രൂപമാറ്റം വരുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
കുളിമുറിയുടെ ടൈലുകൾ മാറ്റിയ നിലയിലാണ്. രക്തക്കറയും മറ്റു ആവശിഷ്ടങ്ങളും കണ്ടെത്താൻ ഷൈബിൻ അഷ്റഫിന്റെ ഇരുനില വീടിന്റെ കുളിമുറിയിൽ നിന്നും പുറത്തേക്കുള്ള പൈപ്പുകളുടെ ഭാഗങ്ങൾ മുറിച്ചു ഫോറൻസിക് സംഘം സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.
എന്നാല്‍, കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനായിട്ടില്ല. പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. മൃതദേഹം വലിച്ചെറിഞ്ഞെന്ന് പറയുന്ന എടവണ്ണ സീതി ഹാജി പാലത്തിലും അടുത്ത ദിവസം നൗഷാദിനെ തെളിവെടുപ്പിന് എത്തിക്കും.
റിമാൻഡിലുള്ള മുഖ്യ പ്രതി ഷൈബിൻ അശ്റഫിനെയും മറ്റു രണ്ടു പേരെയും കസ്റ്റഡിയിൽ ലഭിക്കാൻ അടുത്ത ദിവസം പൊലീസ് അപേക്ഷ നൽകും. പിടിയിലാകാനുള്ള നാല് പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് സൂചന.
Murder of a ottamooli doctor; Blood stains and samples needed for DNA testing were obtained