കോഴിക്കോട് : കോഴിക്കോട് പറമ്പിൽ ബസാറിലെ മോഡൽ ഷഹാനയുടെ മരണത്തിൽ അറസ്റ്റിലായ ഭർത്താവ് സജാദിനെ റിമാന്റ് ചെയ്തു.
ഈ മാസം 28 വരെയാണ് കോഴിക്കോട് ജെഎഫ്എംസി I കോടതിയാണ് സജാദിനെ റിമാന്റ് ചെയ്തത്. സജാദിനെ ജില്ലാ ജയിലിലേക്ക് മാറ്റി.
സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സജാദിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് യുവതി മരിച്ചത്. രാത്രി പതിനൊന്നേമുക്കാലോടെ സജാദിന്റെ നിലവിളി കേട്ട് അയൽവാസികൾ ഇവരുടെ വീട്ടിലെത്തുകയായിരുന്നു.
സജാദിന്റെ മടിയിൽ ഷഹാന അവശയായി കിടക്കുന്നതാണ് അയൽവാസികൾ കണ്ടത്. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഷഹാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഷഹാനയുടെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം. എന്നാൽ ശരീരത്തിൽ ചെറിയ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധനയ്ക്ക് ശേഷമേ മറ്റ് കാരണങ്ങൾ വ്യക്തമാകു എന്നാണ് പൊലീസ് അറിയിക്കുന്നത്.
ഷഹാനയുടെ മരണത്തില്‍ ഇന്നലെ രാത്രിയാണ് ഭർത്താവ് സജാദിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. സ്ത്രീപീഡനം (498A),ആത്മഹത്യാ പ്രേരണ (306), എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ചേവായൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്.
Death of model Shahana; Her husband Sajad is in remand