അഗർത്തല: ബിജെപി ഭരിക്കുന്ന ത്രിപുരയിൽ മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് രാജിവച്ചു. ഗവർണർക്ക് രാജിക്കത്ത് നൽകിയതായി ബിപ്ലവ് കുമാർ അറിയിച്ചു. പാർട്ടി ദേശീയ നേതൃത്വത്തിൻ്റെ നിർദേശം അനുസരിച്ചാണ് രാജി എന്നാണ് സൂചന.
ബിപ്ലവിൻ്റെ ഭരണരീതികളിലും ചില വിവാദ പ്രസ്താവനകളിലും ബിജെപി നേതൃത്വം അതൃപ്തിയിലായിരുന്നു. "എല്ലാത്തിനും മുകളിൽ പാർട്ടിയാണ് പ്രധാനം. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിനും നിർദ്ദേശത്തിനും കീഴിലാണ് ഞാൻ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചത്.
പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായും പിന്നീട് മുഖ്യമന്ത്രിയെന്ന നിലയിലും ത്രിപുരയിലെ ജനങ്ങളോട് നീതി പുലർത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ത്രിപുരയിൽ സമാധാനവും വികസനവും ഉറപ്പാക്കാനും സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനുമായിരുന്നു എൻ്റെ പ്രയത്നം," - രാജി വാർത്ത സ്ഥിരീകരിച്ചു കൊണ്ട് ബിപ്ലബ് കുമാർ ദേബ് പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ബിപ്ലബിൻ്റെ രാജിപ്രഖ്യാപനം വരുന്നത്. വെള്ളിയാഴ്ച ഡൽഹിയിലുണ്ടായിരുന്ന ദേബ് ശനിയാഴ്ച രാവിലെ അഗർത്തലയിൽ തിരിച്ചെത്തിയിരുന്നു.
വൈകിട്ട് അഞ്ച് മണിക്ക് ബിജെപിയുടെ നിയമസഭാ കക്ഷിയോഗം ചേരുന്നുണ്ട്. ബി.ജെ.പി എം.എൽ.എമാർ എല്ലാവരും പങ്കെടുക്കുന്ന ഈ യോഗത്തിൽ സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവും ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയുംനിയമസഭാ കക്ഷി യോഗത്തിൽ നിരീക്ഷകരായി പങ്കെടുക്കുന്നുണ്ട്.
Tripura Chief Minister Bilawal Kumar Deb has resigned