കൊച്ചി: കൊച്ചിയിൽ വൻ ചന്ദനവേട്ട. 20 ലക്ഷം രൂപ വില വരുന്ന 92 കിലോ ചന്ദനം കൊച്ചി നഗരത്തിലെ ഒരു വീട്ടിൽ നിന്ന് കണ്ടെടുത്തു. ആന്ധ്രയിലേക്ക് കടത്താനായി ഇടുക്കിയിൽ നിന്ന് കൊണ്ടുവന്നതാണ് ചന്ദനം.
വനംവകുപ്പിന്റെ മിന്നൽ പരിശോധനയിൽ അഞ്ച് പേർ അറസ്റ്റിലായി. കൊച്ചി പനമ്പള്ളി നഗറിലെ വാടക വീട്ടിൽ നിന്നാണ് ചന്ദന തടികൾ കണ്ടെത്തിയത്. ആറ് മാസമായി ഈ വീട് കേന്ദ്രീകരിച്ച് ചന്ദനക്കടത്ത് നടന്നിരുന്നതായാണ് വിവരം. വനംവകുപ്പ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഒരു വലിയ തടി ചന്ദനത്തടി മുറിച്ച് അറുത്ത് നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇടുക്കി ചെറുതോണിയിലെ സ്വകാര്യ ഭൂമിയിൽ നിന്ന് മുറിച്ചതാണ് തടികളെന്ന് പ്രതികൾ മൊഴി നൽകി. തൊടുപുഴ സ്വദേശി സാജു സെബാസ്റ്റ്യനാണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്.
ഇയാളെയും സഹായി കൂടത്തായി സ്വദേശി സിനു തോമസിനെയും അറസ്റ്റ് ചെയ്തു. പരിശോധനയ്ക്കെത്തുമ്പോൾ ചന്ദനം വാങ്ങാനായി മൂന്ന് പേർ എത്തിയിരുന്നു. വാങ്ങാനെത്തിയ ഇടുക്കി അടിമാലി സ്വദേശികളായ നിഷാദ്, സാജൻ, ആനവിരട്ടി സ്വദേശി റോയ് എന്നിവരും അറസ്റ്റിലായി.
ഇടനിലക്കാർ വഴി ആന്ധ്രയിൽ ചന്ദനതൈലം നിർമിക്കുന്നവരിലേക്കാണ് ചന്ദന തടികൾ പോകുന്നതെന്നാണ് സൂചന. പ്രതികളെ വിശദമായി ചോദ്യം ചെയ്താലെ ഇക്കാര്യങ്ങളിൽ വ്യക്തത വരൂ എന്ന് വനംവകുപ്പ് അറിയിച്ചു.
92 kg of sandalwood was seized from a house in Kochi