കോഴിക്കോട്: പൊതുവേദിയിൽ പെൺകുട്ടിയെ വിലക്കിയെന്ന വിവാദത്തിൽ വിശദീകരണവുമായി സമസ്ത. കുട്ടിയെ അപമാനിച്ചിട്ടില്ലെന്നും കുട്ടിക്ക് വേദിയിലെത്താനുള്ള മാനസിക പ്രയാസം മനസിലാക്കിയാണ് എം.ടി. അബ്ദുല്ല മുസ്ലിയാരുടെ നടപടിയെന്നും സമസ്ത കേരള ജംഇയ്യതുൽ ഉമല അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പെൺകുട്ടിക്കോ കുടുംബത്തിനോ ഇതുമായി ബന്ധപ്പെട്ട് പരാതിയില്ലെന്നും വിവാദം മാധ്യമങ്ങൾ സൃഷ്ടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ വാക്കുകൾ -'വേദിയിലേക്ക് വരുമ്പോൾ സ്ത്രീകൾക്ക് സ്വാഭാവികമായും ലജ്ജ ഉണ്ടാകുമല്ലോ.
അങ്ങനെയാണ് ഞങ്ങൾ മനസിലാക്കുന്നത്. ആ ഒരു ലജ്ജ കുട്ടിക്ക് ഉണ്ടായെന്ന് മനസിലായി. ഇനി മറ്റുള്ള കുട്ടികളേയും ഇവിടേക്ക് വിളിച്ചു വരുത്തിയാൽ അവർക്ക് സന്തോഷത്തിലേറെ പ്രയാസം വരുമോ എന്ന് മനസ്സിലാക്കിയിട്ടാണ്, അദ്ദേഹത്തിന് ആധികാരികമായി പറയാൻ പറ്റിയ ഒരാളോട് ഇനി വിളിക്കാൻ പാടില്ല എന്ന് പറഞ്ഞത്.
അല്ലാതെ കുട്ടികളെ അപമാനിക്കാൻ വേണ്ടിയല്ല. കുട്ടിക്ക് വിഷമം ഇല്ലാതിരിക്കാൻ വേണ്ടിയാണ് അദ്ദേഹം പറഞ്ഞത്. പിന്നെ അദ്ദേഹത്തിന്റെ സംസാര ശൈലി അങ്ങനെയാണെന്ന് എല്ലാവർക്കും അറിയാം. സമസ്ത കേരള ജംഇയ്യതുൽ ഉമല ഒരു വലിയ പ്രസ്ഥാനമാണ്.
നാട്ടിലെ സ്ത്രീകൾക്കോ മറ്റേതെങ്കിലും ജനങ്ങൾക്കോ ഏതെങ്കിലും തരത്തിലുള്ള അപമാനമുണ്ടാക്കുന്ന ഒരു സംഘടനയല്ല. ചരിത്രം പരിശോധിച്ചാൽ തീവ്ര ആശയങ്ങൾക്കോ വർഗീയ ആശയങ്ങൾക്കോ ഞങ്ങൾ ഒരിക്കലും പിന്തുണ കൊടുക്കാറിവല്ല. ഈ രാജ്യത്തിന്റെ എല്ലാ നന്മയും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടനയാണിത്' -മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു
Samastha with explanation in the controversy of blocking the actress in public.