കോഴിക്കോട്: കോഴിക്കോട് പറമ്പിൽ ബസാറിലെ മോഡൽ ഷഹാനയുടെ മരണത്തിൽ അറസ്റ്റിലായ ഭർത്താവ് സജാദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതിന് ശേഷം പൊലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തുമെന്നാണ് വ്യക്തമാകുന്നത്.
കോടതിയുടെ അനുവാദം വാങ്ങി ഇന്ന് തന്നെ തെളിവെടുപ്പ് നടത്താനാകുമെന്നാണ് പ്രതീക്ഷ. സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സജാദിനെ അറസ്റ്റ് ചെയ്തത്.
ഇക്കാര്യത്തിൽ കൂടുതൽ തെളിവ് തേടിയാണ് പൊലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ഷഹാന മരിച്ച പറമ്പിൽ ബസാറിലെ വാടകവീട്ടിലാണ് ചേവായൂർ പൊലീസ് തെളിവെടുപ്പിനായി സജാദിനെ എത്തിക്കുക.
ഷഹാനയുടെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം. എന്നാൽ ശരീരത്തിൽ ചെറിയ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധനക്ക് ശേഷമേ മറ്റ് കാരണങ്ങൾ വ്യക്തമാകു എന്നാണ് പൊലീസ് അറിയിക്കുന്നത്.
Shahana's death: Husband to appear in court today