May 4, 2022 04:44 PM

കാസർഗോഡ് : കാസർഗോഡ് ചെറുവത്തൂരിൽ ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിൽ ഭക്ഷ്യ സാമ്പിളുകളിൽ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി.

ഐഡിയൽ ഫുഡ് പോയന്റിൽ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത്. ഷവർമ്മ, മയോണൈസ്, ഉപ്പിലിട്ടത്, മസാലപ്പൊടികൾ എന്നിവയാണ് കോഴിക്കോട്ടെ റീജ്യണൽ അനലറ്റിക്കൽ ലാബിൽ പരിശോധിച്ചത്.

വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്തതെന്നാണ് റിപ്പോർട്ട്. ഷിഗെല്ല, സാൽമണെല്ല ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടോ എന്നുള്ള പരിശോധന നടക്കുകയാണ്. ഐഡിയൽ ഫുഡ് പോയന്റിൽ നിന്ന് ഷവർമ്മ കഴിച്ച വിദ്യാർത്ഥിനി ഭക്ഷ്യവിഷബാധയെത്തുടർന്ന് മരിച്ചിരുന്നു.

മുപ്പതിലേറെ പേർ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടുകയും ചെയ്തു. വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിന് പിന്നാലെ ചെറുവത്തൂരിൽ ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന നടന്നിരുന്നു. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ഐസ്ക്രീം വിതരണകേന്ദ്രം അടപ്പിച്ചു.

ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കൂൾബാറുൾപ്പടെയുള്ള കടകൾ അടച്ചുപൂട്ടാനും ചെറുവത്തൂർ പഞ്ചായത്ത് യോഗത്തിൽ തീരുമാനമായി. കടകളിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിശോധന നിർബന്ധമാക്കാനും തീരുമാനിച്ചു.

അതേസമയം, സംസ്ഥാനത്ത് രാത്രി ഭക്ഷണം വിൽക്കുന്ന കടകളിൽ വ്യാപക പരിശോധന തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. ഭക്ഷ്യവിഭവങ്ങളിൽ മായം ചേ‍ർക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കാസ‍ർകോട് ചെറുവത്തൂരിൽ മൂന്ന് പേർക്ക് മാത്രമാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കൂടുതൽ പരിശോധനാഫലങ്ങൾക്കായി കാത്തിരിക്കുകയാണ്. ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

അതിനിടെ ചെറുവത്തൂരിലെ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ് കേസെടുത്തത്.

സംഭവത്തിൽ നിലപാടറിയിക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നല്‍കി. കാസർകോട് സംഭവത്തിൽ ഉചിതമായ നടപടി സ്വീകരിച്ചതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ശുചിത്വം ഉറപ്പാക്കാൻ നടപടി ഉണ്ടാകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Case of poisoning from shawarma; Presence of bacteria in food samples

Next TV

Top Stories