---
title: "'580 പ്രവർത്തകർ രക്തസാക്ഷികളായ പാർട്ടിയാണ് സിപിഐഎം; വി.ഡി. സതീശൻ മുഖ്യമന്ത്രിയായതോടെ പൊലീസ് കോൺഗ്രസിലെ ഒരു ഗ്രൂപ്പായി പ്രവർത്തിക്കുന്നു' - ഗുരുതര ആരോപണവുമായി പിണറായി വിജയൻ"
english_title: "CPIM Is a Party of 580 Martyrs, Says Pinarayi; Alleges Police Act Like Congress Faction"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393608/cpim-martyrs-pinarayi-police-allegation"
published_at: "2026-11-28T19:10:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0adacf7e54d_cpim-martyrs-pinarayi-police-allegation.jpg"
keywords: ["CPIM", "PinarayiVijayan", "KeralaPolitics", "PoliceAllegation", "Congress"]
---

# '580 പ്രവർത്തകർ രക്തസാക്ഷികളായ പാർട്ടിയാണ് സിപിഐഎം; വി.ഡി. സതീശൻ മുഖ്യമന്ത്രിയായതോടെ പൊലീസ് കോൺഗ്രസിലെ ഒരു ഗ്രൂപ്പായി പ്രവർത്തിക്കുന്നു' - ഗുരുതര ആരോപണവുമായി പിണറായി വിജയൻ

> **Lead Summary:** കൂടുതല്‍ ജനപിന്തുണ തേടാനാണ് തങ്ങള്‍ ശ്രമിച്ചത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇത്തരം ആക്രമണങ്ങള്‍ വളരെ നാളുകളായി നേരിടുകയാണ്. ഭരണകൂടത്തിന്റെ ആക്രമണവും നേരിടേണ്ടി വന്നിട്ടുണ്ട്. കയ്യൂരും മോറാഴയുമൊക്കെ നാടിന്റെ ചരിത്രമാണ്.

## Article Content

കൂടുതല്‍ ജനപിന്തുണ തേടാനാണ് തങ്ങള്‍ ശ്രമിച്ചത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇത്തരം ആക്രമണങ്ങള്‍ വളരെ നാളുകളായി നേരിടുകയാണ്. ഭരണകൂടത്തിന്റെ ആക്രമണവും നേരിടേണ്ടി വന്നിട്ടുണ്ട്. കയ്യൂരും മോറാഴയുമൊക്കെ നാടിന്റെ ചരിത്രമാണ്.

പ്രതികരണങ്ങളുടെ കാര്യത്തില്‍ ഞങ്ങളെപ്പോഴും ശ്രദ്ധിക്കാറുണ്ട്. വികാരാധീനരായി പ്രതികരിക്കുകയല്ല തങ്ങളുടെ രീതിയെന്നും പിണറായി വിജയന്‍ പറഞ്ഞു. എകെജി സെന്ററില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

വി ഡി സതീശന്‍ മുഖ്യമന്ത്രി ആയതില്‍ പിന്നെ പൊലീസ് കോണ്‍ഗ്രസിലെ ഒരു ഗ്രൂപ്പായി പ്രവര്‍ത്തിക്കുകയാണെന്നും പിണറായി വിജയന്‍ ആരോപിച്ചു. എസ്എഫ്‌ഐക്കാരും ഡിവൈഎഫ്‌ഐക്കാരുമായതിനാല്‍ ആശുപത്രിയില്‍ കയറി പോലും ക്രൂരമായി മര്‍ദ്ദിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്.

റിപ്പോര്‍ട്ടര്‍ ടിവിയില്‍ നടന്ന റെയ്ഡും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. റെയ്ഡില്‍ ഓഫീസില്‍ നിന്ന് ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. അവിടെ നിന്ന് കിട്ടിയ മറ്റ് കാര്യങ്ങള്‍ ഉപയോഗിച്ച് മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്യുകയല്ലേ പൊലീസ് ചെയ്തത്? കേന്ദ്രത്തില്‍ മോദി ചെയ്യുന്നതാണ് കേരളത്തില്‍ യുഡിഎഫ് ചെയ്യുന്നതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

മുന്‍ എംഎല്‍എയും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി. ഐ. മധുസൂദനന്റെ പ്രതികരണത്തില്‍ വ്യക്തത വരുത്തിക്കഴിഞ്ഞു.

തങ്ങള്‍ പ്രകോപനം സൃഷ്ടിക്കാനല്ല ഉദ്ദേശിക്കുന്നത്. കോടതിവിധി വന്നപ്പോള്‍ കുടുംബം പ്രതികരിച്ചിരുന്നു. സ്വാഭാവികമായും സഖാക്കളും സുഹൃത്തുക്കളും പ്രതികരിച്ചു. സ്വാഭാവിക പ്രതികരണം പാര്‍ട്ടിക്കെതിരെ ആയുധമാക്കി മാറ്റാതിരിക്കാനുള്ള കരുതല്‍ എല്ലാവരും കാണിക്കണം.

നമ്മള്‍ ഇതൊന്നും കണ്ടില്ല എന്ന് നടിച്ചു പോയിട്ട് കാര്യമില്ല. ആര്‍എസ്എസുകാരാണ് കൊലപാതകം നടത്തിയത്. മധുസൂദനന്റെ പ്രസംഗം ആര്‍എസ്എസിനെതിരെയാണ്. അതില്‍ ഏതെങ്കിലും ഒരു വാക്ക് അടര്‍ത്തിയെടുത്ത് ആര്‍എസ്എസിനെ ന്യായീകരിക്കാനാണോ നോക്കുന്നത്?.

നിങ്ങള്‍ ഒരു പ്രതീതി സൃഷ്ടിക്കാനാണ് നോക്കുന്നത്. സിപിഐഎമ്മാണ് അക്രമി സംഘം എന്ന് വരുത്തി തീര്‍ക്കാനുള്ള പ്രതീതി. ആര്‍എസ്എസിനെതിരെ പറഞ്ഞതില്‍ എന്തെങ്കിലും പാകപ്പിഴവ് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ ആണോ ശ്രമിച്ചത്?.

വലിയ രീതിയില്‍ ആക്രമിക്കാനുള്ള ശ്രമമാണ് ഉണ്ടായത്. ഉദ്ദേശം വ്യക്തമാണ്. സിപിഐഎമ്മിനെ കൊലയാളി സംഘമായി ചിത്രീകരിക്കാനാണ് ശ്രമം. വൈകുന്നേരം ചര്‍ച്ച നടത്തിയാല്‍ കൊലയാളി സംഘം ആകുമോയെന്നും പിണറായി വിജയന്‍ ചോദിച്ചു.

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയിലും പിണറായി വിജയന്‍ പ്രതികരിച്ചു. വിചിത്രമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. മുഖ്യമന്ത്രിസ്ഥാനത്ത് ഇരിക്കുന്ന ആള്‍ക്ക് ഒരു യാത്ര ചെയ്യാന്‍ സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ചെയ്യും.

എന്തുകൊണ്ടാണ് ഇങ്ങനെ വിവാദങ്ങള്‍ ഉണ്ടാകുന്നത് എന്ന് അദ്ദേഹം തന്നെ വിശദീകരിക്കട്ടെ. ഒരുപാട് ദുരൂഹമായ സംഭവങ്ങള്‍ ഇതിന്റെ പിന്നാലെ ഉണ്ടാകുന്നു. അത് പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

തന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആരാണ് ഫോണ്‍ ചോര്‍ത്തുന്നത്?. മുഖ്യമന്ത്രിക്ക് അറിവുള്ള കാര്യമാണല്ലോ. വിചിത്രമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. ആ കാര്യത്തില്‍ മുഖ്യമന്ത്രി കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്.

കേരളത്തില്‍ ഫോണ്‍ ചോര്‍ത്താന്‍ അധികാരം ചില ഘട്ടങ്ങളില്‍ പൊലീസിനുണ്ട്. മുഖ്യമന്ത്രിയുടെ ഫോണ്‍ അടക്കം ചോര്‍ത്തുന്നു എന്നാണല്ലോ അദ്ദേഹം പറഞ്ഞത്. അപ്പോള്‍ ചോര്‍ത്തുന്നവരെ കുറിച്ചുള്ള കാര്യത്തില്‍ വ്യക്തത അദ്ദേഹം വരുത്തണം.

ഇവര്‍ തമ്മിലുള്ള എന്തെങ്കിലും തര്‍ക്കത്തിന്റെ ഭാഗമാണോ അത് എന്ന് അറിയില്ല. കേന്ദ്ര ഗവണ്‍മെന്റ് ആണെങ്കില്‍ അത് അങ്ങനെ പറയണം. പക്ഷേ ഇവിടെ കേന്ദ്ര ഗവണ്‍മെന്റ് എന്ന് പറഞ്ഞിട്ടില്ല. ആരുടെയും ഫോണ്‍ ആ രീതിയില്‍ ചോര്‍ത്തുന്നത് പൊതുവില്‍ ഭൂഷണമല്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Pinarayi Vijayan accused the police of functioning like a faction of the Congress after V.D. Satheesan became chief minister, while also criticizing recent raids and alleged phone tapping claims. He said the CPM has long faced attacks and urged restraint in turning natural reactions into political weapons.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393608/cpim-martyrs-pinarayi-police-allegation)