---
title: "രണ്ട് മദ്രസ വിദ്യാർഥികൾ കുളത്തിൽ മരിച്ച നിലയിൽ; കരിമ്പ് പറിച്ചതിന് മർദ്ദിച്ച് കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തിയെന്ന് കുടുംബം, മതവിദ്വേഷമാണ് കൊലയ്ക്ക് പിന്നിലെന്നും ആരോപണം"
english_title: "Two Madrasa Students Found Dead in Pond; Family Alleges Murder"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393560/madrasa-students-found-dead-pond"
published_at: "2026-11-28T13:21:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a88b4abe5c_madrasa-students-found-dead-pond.jpg"
keywords: ["BiharNews", "Gopalganj", "MadrasaStudents", "ReligiousHatred", "PoliceFIR"]
---

# രണ്ട് മദ്രസ വിദ്യാർഥികൾ കുളത്തിൽ മരിച്ച നിലയിൽ; കരിമ്പ് പറിച്ചതിന് മർദ്ദിച്ച് കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തിയെന്ന് കുടുംബം, മതവിദ്വേഷമാണ് കൊലയ്ക്ക് പിന്നിലെന്നും ആരോപണം

> **Lead Summary:** ഗോപാൽഗഞ്ച്: ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിൽ 14 വയസുള്ള രണ്ട് മദ്രസ വിദ്യാർഥികളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുഹമ്മദ് സൈദ് ഷഹീദി, അഷ്‌റഫ് അലി എന്നിവരാണ് മരിച്ചത്.

## Article Content

ഗോപാൽഗഞ്ച്: ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിൽ 14 വയസുള്ള രണ്ട് മദ്രസ വിദ്യാർഥികളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുഹമ്മദ് സൈദ് ഷഹീദി, അഷ്‌റഫ് അലി എന്നിവരാണ് മരിച്ചത്.

പാടത്തുനിന്ന് കരിമ്പ് പറിച്ചതിന്റെ പേരിൽ കുട്ടികളെ ക്രൂരമായി മർദിച്ച ശേഷം കുളത്തിലേക്ക് എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.

നവംബർ 23-നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് അഷ്‌റഫിന്റെ ബന്ധുവായ മുഹമ്മദ് ഷഹാബുദ്ദീൻ വ്യക്തമാക്കുന്നു. അന്ന് സംഭാവന ശേഖരിക്കാനായി പോയ അഞ്ച് മദ്രസ വിദ്യാർഥികൾ പാടത്തുനിന്ന് കരിമ്പ് പറിച്ചിരുന്നു.

ഇതേത്തുടർന്ന് പാടത്തിന്റെ ഉടമ സത്യേന്ദ്ര പാണ്ഡെ, ഇയാളുടെ മക്കൾ, നാട്ടുകാർ എന്നിവർ ചേർന്ന് കുട്ടികളെ പിന്തുടർന്ന് മർദിക്കുകയും 10,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു.

ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചെളിയിൽ കുടുങ്ങിയ മുഹമ്മദ് സൈദ് ഷഹീദിയെയും അഷ്‌റഫ് അലിയെയും അഞ്ചോളം പേർ ചേർന്ന് പിടികൂടി കുളത്തിലേക്ക് എറിയുകയായിരുന്നുവെന്നാണ് ബന്ധുവിന്റെ ആരോപണം.

**വിദ്വേഷക്കൊലയെന്ന് കുടുംബം**

മരിച്ച രണ്ട് കുട്ടികൾക്കും നീന്തൽ അറിയില്ലായിരുന്നുവെന്ന് മുഹമ്മദ് ഷഹാബുദ്ദീൻ പറഞ്ഞു. തൊപ്പി ധരിച്ച മദ്രസ വിദ്യാർഥികളായതുകൊണ്ടാണ് കുട്ടികളെ ലക്ഷ്യമിട്ടതെന്നും അദ്ദേഹം ആരോപിച്ചു.

മറ്റൊരു സമുദായത്തിലെ കുട്ടികളായിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംഭവത്തിൽ സത്യേന്ദ്ര പാണ്ഡെയ്ക്കും മക്കൾക്കുമെതിരെ നവംബർ 27-ന് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

എന്നാൽ, കുട്ടികളുടെ മരണം വെറും മുങ്ങിമരണമായി ചിത്രീകരിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് കുടുംബം ആരോപിക്കുന്നു. കേസിൽ കൃത്യമായ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും കുടുംബം മുന്നറിയിപ്പ് നൽകി.

Two 14-year-old madrasa students were found dead in a pond in Bihar’s Gopalganj district, with their family alleging they were beaten and thrown into the water after picking sugarcane from a field. The family has also claimed the killings were driven by religious hatred, while police have registered an FIR against the landowner and his sons.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393560/madrasa-students-found-dead-pond)