---
title: "നിർണ്ണായക രാഷ്ട്രീയ നീക്കം: കേന്ദ്രത്തിന്റെ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെ; വ്യവസ്ഥകൾ അംഗീകരിച്ച് കേന്ദ്രം"
english_title: "DMK Backs Delimitation Bill After Centre Accepts Key Conditions"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393548/dmk-backs-delimitation-bill-centre-accepts-conditions"
published_at: "2026-11-28T11:43:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a721534711_dmk-backs-delimitation-bill-centre-accepts-conditions.jpg"
keywords: ["DMK", "DelimitationBill", "MKSStalin", "TamilNadu", "LokSabha"]
---

# നിർണ്ണായക രാഷ്ട്രീയ നീക്കം: കേന്ദ്രത്തിന്റെ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെ; വ്യവസ്ഥകൾ അംഗീകരിച്ച് കേന്ദ്രം

> **Lead Summary:** **ചെന്നൈ: **കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെ തീരുമാനിച്ചു. പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിൻ മുന്നോട്ടുവെച്ച പ്രധാന നിർദേശങ്ങൾ കേന്ദ്രം അംഗീകരിച്ചതോടെയാണ് ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന്റെ ബില്ലിന് പിന്തുണ നൽകാൻ ഡിഎംകെ സന്നദ്ധത അറിയിച്ചത്.

## Article Content

**ചെന്നൈ: **കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെ തീരുമാനിച്ചു. പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിൻ മുന്നോട്ടുവെച്ച പ്രധാന നിർദേശങ്ങൾ കേന്ദ്രം അംഗീകരിച്ചതോടെയാണ് ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന്റെ ബില്ലിന് പിന്തുണ നൽകാൻ ഡിഎംകെ സന്നദ്ധത അറിയിച്ചത്.

വനിതാ സംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം കൊണ്ടുവരുന്ന മണ്ഡല പുനർനിർണയ ബിൽ പാസാക്കാൻ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം അനിവാര്യമാണ്. കഴിഞ്ഞ ഏപ്രിലിൽ അവതരിപ്പിച്ചപ്പോൾ മതിയായ ഭൂരിപക്ഷമില്ലാത്തതിനാൽ ബിൽ പരാജയപ്പെട്ടിരുന്നു. തുടർന്നാണ് 22 ലോക്‌സഭാ അംഗങ്ങളുള്ള ഡിഎംകെയുടെ പിന്തുണ തേടി കേന്ദ്രസർക്കാർ സമീപിച്ചത്.

ജനസംഖ്യാ അടിസ്ഥാനത്തിൽ മണ്ഡലങ്ങൾ പുനർനിർണയിച്ചാൽ, ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ തമിഴ്‌നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ലോക്‌സഭയിലെ പ്രാതിനിധ്യം കുറയുമെന്നായിരുന്നു ഡിഎംകെയുടെ ആശങ്ക. ഇത് പരിഹരിക്കാൻ എം.കെ. സ്റ്റാലിൻ രണ്ട് പ്രധാന ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചത്.

ലോക്‌സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിച്ചാലും തമിഴ്‌നാടിന്റെ നിലവിലെ 7.18 ശതമാനം സീറ്റ് വിഹിതം കുറയ്ക്കരുതെന്നതായിരുന്നു ഒന്നാമത്തേത്. 1971-ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള നിലവിലെ സീറ്റ് വിഹിത അനുപാതം അടുത്ത 25 വർഷത്തേക്ക് മാറ്റമില്ലാതെ തുടരണമെന്നതായിരുന്നു രണ്ടാമത്തെ ആവശ്യം.

പാർലമെന്റിൽ നൽകുന്ന വെറും വാഗ്ദാനങ്ങൾക്ക് പകരം, തമിഴ്‌നാടിന്റെ പ്രാതിനിധ്യം സംരക്ഷിക്കപ്പെടുമെന്ന വ്യവസ്ഥ നിയമത്തിൽ തന്നെ വ്യക്തമായി ഉൾപ്പെടുത്തണമെന്നും ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും ആനുപാതികമായി 50 ശതമാനം സീറ്റുകൾ വർധിപ്പിക്കുന്നതിനും 2051 വരെ നിലവിലെ അനുപാതം മാറ്റമില്ലാതെ തുടരുന്നതിനും കേന്ദ്രം സമ്മതം അറിയിച്ചതോടെയാണ് ഡിഎംകെയുടെ ആശങ്കകൾക്ക് പരിഹാരമായത്.

DMK has decided to support the Centre’s delimitation bill after the Union government accepted key conditions raised by party chief M.K. Stalin. The assurances are aimed at protecting Tamil Nadu’s representation if parliamentary seats are redistributed on a population basis.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393548/dmk-backs-delimitation-bill-centre-accepts-conditions)