---
title: "സ്ത്രീകളുടെ രാത്രി ജോലിക്ക് പുതിയ വ്യവസ്ഥകൾ; ഗതാഗതസൗകര്യം, സിസിടിവി, സുരക്ഷാ ജീവനക്കാർ എന്നിവ നിർബന്ധമാക്കും, നിയമഭേദഗതി ബിൽ തിങ്കളാഴ്ച നിയമസഭയിൽ"
english_title: "Kerala eases night shift rules for women with safety conditions"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393509/kerala-eases-night-shift-rules-women"
published_at: "2026-11-28T07:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a38dbf0aab_kerala-eases-night-shift-rules-women.jpg"
keywords: ["KeralaNews", "NightShift", "WomenWorkers", "ShopsAndEstablishments", "BinduKrishna"]
---

# സ്ത്രീകളുടെ രാത്രി ജോലിക്ക് പുതിയ വ്യവസ്ഥകൾ; ഗതാഗതസൗകര്യം, സിസിടിവി, സുരക്ഷാ ജീവനക്കാർ എന്നിവ നിർബന്ധമാക്കും, നിയമഭേദഗതി ബിൽ തിങ്കളാഴ്ച നിയമസഭയിൽ

> **Lead Summary:** തിരുവനന്തപുരം: ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം പ്രവർത്തിക്കുന്ന വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിൽ സ്ത്രീകളെ രാത്രി ഷിഫ്റ്റിൽ നിയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുന്നു.

## Article Content

തിരുവനന്തപുരം: ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം പ്രവർത്തിക്കുന്ന വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിൽ സ്ത്രീകളെ രാത്രി ഷിഫ്റ്റിൽ നിയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുന്നു.

രാത്രി 9 മുതൽ പുലർച്ചെ 6 വരെയുള്ള സമയത്ത് ഇനി രണ്ടുസ്ത്രീകളെ രാത്രി ഷിഫ്റ്റിൽ നിയമിക്കാം. നിലവിൽ അഞ്ചുപേരുണ്ടെങ്കിലേ രാത്രി ഷിഫ്റ്റ് അനുവദിക്കൂ. ബിൽ തിങ്കളാഴ്ച നിയമസഭയിൽ മന്ത്രി ബിന്ദു കൃഷ്ണ അവതരിപ്പിക്കും.

വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾ തുടങ്ങുന്നതിനുള്ള തടസ്സങ്ങൾ കുറച്ച് സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിയമഭേദഗതി. ഓഫീസുകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, ചെറുതും വലുതുമായ കടകൾ, ഹോട്ടലുകൾ, റസ്റ്ററൻറുകൾ, സിനിമാ തിയേറ്ററുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി ഫാക്ടറി നിയമ പരിധിയിലല്ലാത്ത സ്ഥാപനങ്ങൾക്കാണ് ഇത് ബാധകമാകുക.

കേരളത്തിലെ ഭൂരിഭാഗം വാണിജ്യസ്ഥാപനങ്ങളിലും രാത്രിയിൽ അഞ്ചുപേരിൽ താഴെ മാത്രമാണ് ജോലിചെയ്യുന്നത്. സ്ത്രീകളെ രാത്രി നിയോഗിക്കണമെങ്കിൽ നിയമപ്രകാരം അഞ്ചുപേർ വേണം. അതിൽ രണ്ടുപേരെങ്കിലും സ്ത്രീകളായിരിക്കണം.

ഈ നിബന്ധന കാരണം രാത്രി ഷിഫ്റ്റ് വേണ്ടിവരുന്ന സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് ജോലി അവസരം നഷ്ടപ്പെടുന്നുവെന്നാണ് വിലയിരുത്തൽ. രണ്ട് ജീവനക്കാരികൾ മാത്രമുള്ള ഒരു കടയ്ക്ക് നിലവിലെ നിയമം അനുസരിച്ച് രാത്രി 9നുശേഷം തുറന്നുപ്രവർത്തിക്കാൻ കഴിയുമായിരുന്നില്ല. പുതിയ ഭേദഗതി വന്നാൽ അതിനും സാധിക്കും.

സ്ത്രീകളെ രാത്രി ഷിഫ്റ്റിന് നിർബന്ധിക്കരുതെന്നും സമ്മതം എഴുതിവാങ്ങണമെന്നും ബില്ലിൽ പറയുന്നു. താമസിക്കുന്ന സ്ഥലത്തുനിന്ന് സ്ഥാപനത്തിലേക്ക് കൊണ്ടുവരാനും തിരികെ വിടാനും ഗതാഗതസൗകര്യം ഒരുക്കണം. വാഹനത്തിൽ സുരക്ഷാജീവനക്കാരും സി.സി.ടി.വിയും ജി.പി.എസും വേണം. ഡ്രൈവറെ നിയമിക്കുന്നതിന് മുൻപ് പശ്ചാത്തലം പരിശോധിക്കണമെന്നും വ്യവസ്ഥയുണ്ട്.

പകൽ ഷിഫ്റ്റിൽനിന്ന് രാത്രി ഷിഫ്റ്റിലേക്കും തിരിച്ചും മാറുന്നതിന് 12 മണിക്കൂർ ഇടവേള നൽകണം. സ്ഥാപനത്തിൽ സി.സി.ടി.വിയും സുരക്ഷാ ജീവനക്കാരും വേണം. സ്ത്രീകളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ദോഷകരമാണെന്ന് കണ്ടാൽ രാത്രികാല ജോലി സർക്കാർ നിരോധിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.

The Kerala government is set to relax restrictions on night shifts for women in commercial and industrial establishments under the Shops and Establishments law. The proposed amendment allows women to work night shifts with mandatory consent, transport, CCTV, GPS, security arrangements, and other safety safeguards.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393509/kerala-eases-night-shift-rules-women)