---
title: "കണ്ണനെ കൺനിറയെ വണങ്ങി രാഷ്ട്രപതി ദ്രൗപതി മുർമു"
english_title: "President Droupadi Murmu Offers Prayers at Guruvayur Temple"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393483/droupadi-murmu-guruvayur-temple-visit"
published_at: "2026-11-27T20:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b09a1a53a6e7_droupadi-murmu-guruvayur-temple-visit.jpg"
keywords: ["DroupadiMurmu", "GuruvayurTemple", "KeralaNews", "Thrissur", "IndianPresident", "PresidentVisit", "TempleVisit"]
---

# കണ്ണനെ കൺനിറയെ വണങ്ങി രാഷ്ട്രപതി ദ്രൗപതി മുർമു

> **Lead Summary:**  

## Article Content

 

 ഗുരുവായൂർ:  ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ശീവേലിക്കുശേഷം 3.55ന് ക്ഷേത്രത്തിനകത്തേക്ക് കടന്ന രാഷ്ട്രപതി 4.10ന് പുറത്തുവന്നു. സോപാനത്തിനു മുൻപിൽ തൊഴുത് കാണിക്കയർപ്പിച്ച ശേഷം ഉപദേവൻമാരെയും വണങ്ങി ചുറ്റമ്പലം വലംവെച്ചാണ് ദർശനം പൂർത്തിയാക്കിയത്.

ക്ഷേത്രം ഗോപുരനടയിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടും ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടും ചേർന്ന് രാഷ്ട്രപതിയെ പൂർണ്ണകുംഭം നൽകി സ്വീകരിച്ചു. മേൽശാന്തി പഴയം സതീശൻ നമ്പൂതിരിയിൽ നിന്ന് രാഷ്ട്രപതി പ്രസാദം ഏറ്റുവാങ്ങി.

ദേവസ്വത്തിന്റെ സമ്മാനമായി സ്വർണക്കോലത്തിന്റെ ചെറുമാതൃക ദേവസ്വം മന്ത്രി കെ. മുരളീധരനും കുമിഴ് മരത്തിൽ നിർമ്മിച്ച വെണ്ണക്കണ്ണന്റെ ശില്പം ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥും രാഷ്ട്രപതിക്ക് നൽകി. രാഷ്ട്രപതിയുടെ മകൾ നിത്യശ്രീ മുർമു, ഗവർണർ ഓംപ്രകാശ് മാഥൂർ എന്നിവരും കൂടെയുണ്ടായിരുന്നു.

ദർശനത്തിനുശേഷം പുറത്തേക്കിറങ്ങിയ രാഷ്ട്രപതി കിഴക്കേ നടപ്പുരയിലെ കല്യാണമണ്ഡപങ്ങളുടെ അപ്പുറംവരെ ചെന്ന് ഭക്തരെ കൈവീശി അഭിവാദ്യം ചെയ്തു. അരിയന്നൂരിലെ ഹെലിപാഡിൽ ഉച്ചതിരിഞ്ഞ് 3.10നാണ് അവർ എത്തിയത്. 3.30ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി പത്തു മിനിറ്റ് വിശ്രമിച്ച ശേഷം ലഘുഭക്ഷണം കഴിച്ച് 4.30ന് മടങ്ങി.

കളക്ടർ ശിഖാ സുരേന്ദ്രനും ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാലും സ്വീകരിച്ചു. എ.ഡി.ജി.പിമാരായ പി. വിജയൻ, ദിനേന്ദ്ര കശ്യപ്, ഡി.ഐ.ജി ടി. നാരായണൻ, തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷ ഒരുക്കിയിരുന്നു.

President Droupadi Murmu visited the Guruvayur temple and offered prayers after the evening rituals. She was received by temple authorities and later greeted devotees before leaving after a brief stay.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393483/droupadi-murmu-guruvayur-temple-visit)