---
title: "ആപ്പിളിനെതിരെ 1,500 കോടി രൂപയുടെ പകർപ്പവകാശ കേസുമായി ഐഐടി ഡൽഹി പൂർവ്വ വിദ്യാർത്ഥിയുടെ സ്റ്റാർട്ടപ്പ്"
english_title: "IIT Delhi Alumnus’s Startup Sues Apple for ₹1,500 Crore Over NameDrop"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393419/apple-copyright-case-iit-delhi-startup"
published_at: "2026-11-27T12:45:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b092ead47a0d_WhatsApp_Image_2026-11-27_at_12.45.53_PM.jpeg"
keywords: ["Apple", "IITDelhi", "Startup", "PatentDispute", "NameDrop"]
---

# ആപ്പിളിനെതിരെ 1,500 കോടി രൂപയുടെ പകർപ്പവകാശ കേസുമായി ഐഐടി ഡൽഹി പൂർവ്വ വിദ്യാർത്ഥിയുടെ സ്റ്റാർട്ടപ്പ്

> **Lead Summary:** ****മുംബൈ: ഐഫോണുകളിലെ പ്രശസ്തമായ 'നെയിംഡ്രോപ്പ്' എന്ന ഫീച്ചർ തങ്ങളുടെ ആശയം മോഷ്ടിച്ച് നിർമ്മിച്ചതാണെന്ന് ആരോപിച്ച് ടെക് ഭീമനായ ആപ്പിളിനെതിരെ ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനിയായ ജി.ജി ടെക്നോളജീസ് നിയമപോരാട്ടത്തിന് നീങ്ങുകയാണ്. 1,500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്പനി ബോംബെ ഹൈക്കോടതിയെ സമീപിച്ചു.

## Article Content

****മുംബൈ: ഐഫോണുകളിലെ പ്രശസ്തമായ 'നെയിംഡ്രോപ്പ്' എന്ന ഫീച്ചർ തങ്ങളുടെ ആശയം മോഷ്ടിച്ച് നിർമ്മിച്ചതാണെന്ന് ആരോപിച്ച് ടെക് ഭീമനായ ആപ്പിളിനെതിരെ ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനിയായ ജി.ജി ടെക്നോളജീസ് നിയമപോരാട്ടത്തിന് നീങ്ങുകയാണ്. 1,500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്പനി ബോംബെ ഹൈക്കോടതിയെ സമീപിച്ചു.

ഐഐടി ഡൽഹി പൂർവ്വ വിദ്യാർത്ഥിയായ ഗൗരവ് ഗോയൽ 2018-ൽ സ്ഥാപിച്ച കമ്പനിയാണ് ജി.ജി ടെക്നോളജീസ്. രണ്ട് ഫോണുകൾ അടുത്ത് കൊണ്ടുവരുന്നതിലൂടെ കോൺടാക്റ്റ് വിവരങ്ങൾ എളുപ്പത്തിൽ കൈമാറാൻ സാധിക്കുന്ന 'സ്റ്റേ ടച്ച്' (StayTouch) എന്ന ആപ്പ് ഇവർ 2019-ൽ പുറത്തിറക്കിയിരുന്നു. ഇതിന്റെ സാങ്കേതികവിദ്യയ്ക്ക് 2024 ജൂലൈയിൽ ഇന്ത്യൻ പേറ്റന്റും ലഭിച്ചിരുന്നു.

എന്നാൽ 2023-ൽ ഐഒഎസ് 17 അപ്‌ഡേറ്റിനൊപ്പം ആപ്പിൾ അവതരിപ്പിച്ച 'നെയിംഡ്രോപ്പ്' ഫീച്ചർ തങ്ങളുടെ പേറ്റന്റ് ലംഘിച്ചാണ് നിർമ്മിച്ചിരിക്കുന്നതെന്നാണ് ജി.ജി ടെക്നോളജീസിന്റെ പ്രധാന ആരോപണം. നഷ്ടപരിഹാരത്തിന് പുറമെ, സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലൂടെ ഇന്ത്യയിലെ ഐഫോണുകളിൽ നിന്നും ആപ്പിൾ വാച്ചുകളിൽ നിന്നും ഈ ഫീച്ചർ നീക്കം ചെയ്യണമെന്നും, അല്ലാത്തപക്ഷം ഇവയുടെ വിൽപ്പനയും ഇറക്കുമതിയും തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

ഇന്ത്യയ്ക്ക് പുറമെ അമേരിക്കയിലും ആപ്പിളിനെതിരെ കമ്പനി നിയമനടപടികൾ സ്വീകരിച്ചിരുന്നു. അമേരിക്കയിൽ ഏപ്രിലിൽ ആദ്യ പേറ്റന്റ് കേസ് ഫയൽ ചെയ്ത കമ്പനി നവംബറിൽ രണ്ടാമത്തെ കേസും നൽകിയിരുന്നു. ബോംബെ ഹൈക്കോടതി കേസ് ഇതുവരെ വാദം കേൾക്കുന്നതിനായി ലിസ്റ്റ് ചെയ്തിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393419/apple-copyright-case-iit-delhi-startup)