---
title: "കുടുംബകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിന്റെ പക..! മകൾ ജനിച്ചതോടെ കൂട്ടുകാരിൽ നിന്ന് അകന്നു; 22-കാരനെ സുഹൃത്തുക്കൾ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന് കുടുംബം"
english_title: "Family Says 22-Year-Old Was Beaten to Death by Friends After Pulling Away"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393297/friends-beat-22-year-old-to-death"
published_at: "2026-11-26T15:01:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07fd5f83d29_friends-beat-22-year-old-to-death.jpg"
keywords: ["BengaluruCrime", "YouthMurder", "PoliceInvestigation", "DomesticTragedy", "ArrestMade"]
---

# കുടുംബകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിന്റെ പക..! മകൾ ജനിച്ചതോടെ കൂട്ടുകാരിൽ നിന്ന് അകന്നു; 22-കാരനെ സുഹൃത്തുക്കൾ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന് കുടുംബം

> **Lead Summary:** **ബംഗളൂരു: മ**കൾ ജനിച്ചതിന് പിന്നാലെ സുഹൃത്തുക്കളിൽ നിന്ന് അകന്ന് കുടുംബകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച യുവാവിനെ കൂട്ടുകാർ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയതായി ആരോപണം. ഹൊരമാവുവിൽ താമസിച്ചിരുന്ന 22-കാരനായ അംബറാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളിൽ നിന്ന് ഇയാൾക്ക് തുടർച്ചയായി ഭീഷണികളും മർദ്ദനങ്ങളും നേരിടേണ്ടി വന്നിരുന്നതായും, അവർ വിളിക്കുമ്പോഴെല്ലാം നേരിട്ട് ചെല്ലാൻ നിർബന്ധിച്ചിരുന്നതായും കുടുംബം ആരോപിച്ചു.

## Article Content

**ബംഗളൂരു: മ**കൾ ജനിച്ചതിന് പിന്നാലെ സുഹൃത്തുക്കളിൽ നിന്ന് അകന്ന് കുടുംബകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച യുവാവിനെ കൂട്ടുകാർ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയതായി ആരോപണം. ഹൊരമാവുവിൽ താമസിച്ചിരുന്ന 22-കാരനായ അംബറാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളിൽ നിന്ന് ഇയാൾക്ക് തുടർച്ചയായി ഭീഷണികളും മർദ്ദനങ്ങളും നേരിടേണ്ടി വന്നിരുന്നതായും, അവർ വിളിക്കുമ്പോഴെല്ലാം നേരിട്ട് ചെല്ലാൻ നിർബന്ധിച്ചിരുന്നതായും കുടുംബം ആരോപിച്ചു.

നവംബർ 18-ന് പുലർച്ചെ അഞ്ച് മണിയോടെ വീട്ടിലേക്ക് പാലും ബിസ്‌കറ്റും വാങ്ങിയ ശേഷം ജോലിയുണ്ടെന്ന് പറഞ്ഞ് പുറത്തുപോയ അംബറിനെ കാണാതാവുകയായിരുന്നു. രണ്ട് ദിവസമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് യുവാവിനെയും സുഹൃത്തുക്കളെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണുകൾ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് കുടുംബം ഹെന്നൂർ പൊലീസിൽ പരാതി നൽകി.

നവംബർ 22-ന് മുനേശ്വരനഗറിലെ വസതിയുടെ നാലാം നിലയിലുള്ള സ്റ്റോർ റൂമിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അംബറിന്റെ സുഹൃത്ത് യൂനുസിന്റെ പിതാവ് മുഹമ്മദ് ഷാഫിയാണ് മൃതദേഹം കണ്ടത്. തൊട്ടടുത്ത ദിവസം ഡി.ജെ. ഹള്ളി പൊലീസിൽ നിന്ന് അംബേദ്കർ ആശുപത്രിയിൽ എത്താൻ ആവശ്യപ്പെട്ട് വിളിവന്നപ്പോഴാണ് അംബർ മരിച്ച വിവരം കുടുംബം അറിയുന്നത്.

പ്രദേശവാസികളായ സയ്യിദ് യൂനുസും കൂട്ടാളികളുമായും അംബറിന് അടുപ്പമുണ്ടായിരുന്നുവെന്ന് സഹോദരൻ നാഗരാജ് പറഞ്ഞു. ഇവർ പതിവായി വീട്ടിലെത്തി അംബറിനെ കൊണ്ടുപോകുമായിരുന്നുവെന്നും ചിലപ്പോൾ ഒന്നോ രണ്ടോ ദിവസം വീട്ടിൽ നിന്ന് മാറിനിൽക്കാറുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ചെറിയ തർക്കങ്ങളുടെ പേരിൽ പോലും യൂനുസും കൂട്ടാളി ജുനൈദ് എന്ന കോലിയും തന്നെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ടെന്ന് അംബർ വീട്ടിൽ പറഞ്ഞിരുന്നു. ഒക്ടോബറിൽ ഇവരുടെ ആക്രമണത്തിൽ അംബറിന്റെ ഇടതുകൈക്ക് പരിക്കേറ്റിരുന്നതായും വിവരമുണ്ട്.

പൊലീസിൽ പരാതി നൽകാൻ കുടുംബം നിർബന്ധിച്ചെങ്കിലും സുഹൃത്തുക്കളാണെന്ന് പറഞ്ഞ് അംബർ വിസമ്മതിക്കുകയായിരുന്നു. എന്നാൽ, മകൾ ജനിച്ചതോടെ ഈ സംഘവുമായുള്ള ബന്ധം അവസാനിപ്പിക്കാൻ അംബർ തീരുമാനിച്ചു. ഇതോടെ സുഹൃത്തുക്കൾ ഭീഷണി തുടരുകയും വിളിക്കുമ്പോഴെല്ലാം എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതായാണ് കുടുംബത്തിന്റെ ആരോപണം.

മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ ആന്തരിക രക്തസ്രാവം മൂലമാണ് അംബർ മരിച്ചതെന്ന് സ്ഥിരീകരിച്ചു. യുവാവിന്റെ കൈകളിലും കാലുകളിലും മുഖത്തും തലയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്കുകളുണ്ടായിരുന്നു. അംബറിനെ കെട്ടിയിട്ട് മർദ്ദിച്ചതാകാമെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ തമീം, എം.ഡി. മുദാസിർ, യൂനുസ് എന്നീ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ലിഫ്റ്റ് റിപ്പയർ ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന അംബറും കുടുംബവും നേപ്പാൾ സ്വദേശികളാണ്. 25 വർഷം മുമ്പാണ് കുടുംബം ബംഗളൂരുവിൽ എത്തിയത്. 2024-ൽ പൂജ ഛേത്രിയെ വിവാഹം കഴിച്ച അംബറിന് മരണത്തിന് ഒരാഴ്ച മുമ്പാണ് പെൺകുഞ്ഞ് ജനിച്ചത്.

A 22-year-old man from Bengaluru was found dead days after he went missing, with his family alleging that friends who had long threatened and assaulted him beat him to death. Police have arrested three suspects, while the post-mortem confirmed internal bleeding as the cause of death.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393297/friends-beat-22-year-old-to-death)