---
title: "'പച്ചമാംസം കൊത്തിവലിക്കുന്നതുപോലെ എന്നെ വിചാരണ ചെയ്യുന്നു...ടൂറിന് തലേന്നാണ് നിരഞ്ജനെ അവസാനം കണ്ടത്; എന്‍റെ ജീവനാണ് വേണ്ടതെങ്കില്‍ എടുത്തുകൊള്ളൂ' - സൈബര്‍ ആക്രമണത്തില്‍ കുറിപ്പുമായി ശൂരനാട് സ്കൂള്‍ പ്രിന്‍സിപ്പല്‍"
english_title: "Principal Responds to Cyber Attack, Says She Last Saw Niranjan the Day Before the Tour"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393284/principal-responds-to-cyber-attack"
published_at: "2026-11-26T13:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07e50db5253_principal-responds-to-cyber-attack.jpg"
keywords: ["CyberAttack", "SchoolPrincipal", "KeralaNews", "StudentDeath", "FacebookPost"]
---

# 'പച്ചമാംസം കൊത്തിവലിക്കുന്നതുപോലെ എന്നെ വിചാരണ ചെയ്യുന്നു...ടൂറിന് തലേന്നാണ് നിരഞ്ജനെ അവസാനം കണ്ടത്; എന്‍റെ ജീവനാണ് വേണ്ടതെങ്കില്‍ എടുത്തുകൊള്ളൂ' - സൈബര്‍ ആക്രമണത്തില്‍ കുറിപ്പുമായി ശൂരനാട് സ്കൂള്‍ പ്രിന്‍സിപ്പല്‍

> **Lead Summary:** കൊല്ലം : ശൂരനാട് ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥി ജീവനൊടുക്കിയതിന് പിന്നാലെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് പ്രിന്‍സിപ്പല്‍ ബി. സന്ധ്യാകുമാരി. താന്‍ നിരപരാധിയാണെന്നും സ്കൂള്‍ വിദ്യാര്‍ഥികളെ മക്കളെ പോലെ കണ്ടാണ് പെരുമാറിയിട്ടുള്ളതെന്നും നിലവിലെ സൈബര്‍ അധിക്ഷേപങ്ങള്‍ തന്നെ മാനസികമായി തളര്‍ത്തിയെന്നും അവര്‍ കുറിച്ചു.

## Article Content

കൊല്ലം : ശൂരനാട് ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥി ജീവനൊടുക്കിയതിന് പിന്നാലെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് പ്രിന്‍സിപ്പല്‍ ബി. സന്ധ്യാകുമാരി. താന്‍ നിരപരാധിയാണെന്നും സ്കൂള്‍ വിദ്യാര്‍ഥികളെ മക്കളെ പോലെ കണ്ടാണ് പെരുമാറിയിട്ടുള്ളതെന്നും നിലവിലെ സൈബര്‍ അധിക്ഷേപങ്ങള്‍ തന്നെ മാനസികമായി തളര്‍ത്തിയെന്നും അവര്‍ കുറിച്ചു.

സങ്കടകരമായ മരണത്തില്‍ തനിക്കോ മറ്റ് അധ്യാപകര്‍ക്കോ സ്കൂളിനോ പങ്കില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. സ്കൂളില്‍ നിന്നുള്ള വിനോദയാത്രയില്‍ താന്‍ പങ്കെടുത്തിരുന്നില്ലെന്നും വിനോദയാത്രയ്ക്ക് ശേഷം താന്‍ നിരഞ്ജനെ കാണുകയോ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഇക്കാര്യം ആര്‍ക്ക് വേണമെങ്കിലും അന്വേഷിച്ച് ബോധ്യപ്പെടാവുന്നതാണെന്നും അധ്യാപിക എഴുതി. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ തന്നെയും കുടുംബത്തെയും നിഷ്കരുണം വേട്ടയാടുകയാണെന്നും പച്ചമാസം കൊത്തിവലിക്കുന്നുവെന്നും സന്ധ്യ പറയുന്നു. മരണത്തിന് ഉത്തരവാദി താനാണെന്ന് ആരോപിക്കുന്നവര്‍ നിരഞ്ജന്റെ ആത്മാവിനെക്കൂടിയാണ് വേദനിപ്പിക്കുന്നതെന്നും കുറിപ്പിലുണ്ട്.

**പ്രിന്‍സിപ്പല്‍ സന്ധ്യാകുമാരിയുടെ കുറിപ്പിങ്ങനെ: **'ഞാൻ ശൂരനാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലാണ്. കഴിഞ്ഞദിവസം എന്റെ സ്കൂളിലെ പ്രിയപ്പെട്ട വിദ്യാർത്ഥിയായിരുന്ന നിരഞ്ജൻ എന്ന കുഞ്ഞ് എല്ലാവരെയും വേദനിപ്പിച്ചുകൊണ്ട് ആത്മഹത്യ ചെയ്യുകയുണ്ടായി...

നാടിനെ മുഴുവൻ വേദനിപ്പിച്ചതാണ് ഈ സംഭവം സ്കൂളിലെ എല്ലാവർക്കും പ്രിയപ്പെട്ടവൻ ആയിരുന്ന അവന്റെ ഭൗതികശരീരം സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കുന്ന ദിവസം സംഘടിതമായി എത്തിയ ഒരു കൂട്ടം ആളുകളും മുൻകാലങ്ങളിൽ അച്ചടക്കനടപടികൾക്ക് വിധേയരായ വരും കുറച്ചു വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിച്ച് കുട്ടിയുടെ മരണത്തിന് ഉത്തരവാദി പ്രിൻസിപ്പൽ ആയ ഞാനും അധ്യാപകരും ആണെന്ന തരത്തിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണമുന്നയിച്ച് സ്കൂൾ ആക്രമിക്കുകയും സമരം ചെയ്യുകയും സോഷ്യൽ മീഡിയയിലും മറ്റ് മാധ്യമങ്ങളിലൂടെയും എന്നെ അതിക്രൂരമായി വേട്ടയാടുകയും ചെയ്യുന്ന സ്ഥിതിയുമുണ്ടായി.

കഴിഞ്ഞ 25 വർഷക്കാലമായി അധ്യാപന ജോലി ചെയ്യുന്ന എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അടിസ്ഥാനമില്ലാത്ത ആക്ഷേപത്തിനും ആക്രമണത്തിനും ആണ് നിരപരാധിയായ ഞാൻ ഇരയായത്...

കഴിഞ്ഞ ആറു വർഷമായി ഈ സ്കൂളിൽ ജോലിചെയ്യുന്ന ഞാൻ പഠിപ്പിക്കുന്നതോടൊപ്പം കുട്ടികളുടെ തെറ്റുകുറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഒരു അധ്യാപിക എന്ന നിലയിലും അതിരുവിട്ടുള്ള പെരുമാറ്റങ്ങളെ ഒരു മാതാവ് എന്ന നിലയിലും ഉപദേശിക്കുന്നതിനും തിരുത്തുന്നതിനും ശ്രമിച്ചിട്ടുണ്ട്. തികച്ചും ദാരിദ്ര്യത്തിന്റെ ജീവിതപഞ്ചാത്തലത്തിൽ ജനിച്ചു വളർന്ന ഞാൻ ഈ നിലയിൽ എങ്കിലും എത്താൻ കഴിഞ്ഞത് എന്റെ അധ്യാപകർ പകർന്നു നൽകിയ അറിവുംഎന്റെ തെറ്റുകളെ അവർ ചൂണ്ടിക്കാട്ടി ബോധ്യപ്പെടുത്തി തന്നത് കൊണ്ടും ഞാൻ അതുവഴി തിരുത്തപ്പെട്ടതു കൊണ്ടുമാണ് എന്ന്ഉറച്ചു വിശ്വസിക്കുന്നു.

എന്റെ വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളിൽ ബഹുഭൂരിപക്ഷവും എന്റെ ജീവിത പശ്ചാത്തലം പോലെ പാവപ്പെട്ട കുടുംബങ്ങളിൽ നിന്ന് വന്നവരാണ്.. അതുകൊണ്ടുതന്നെ അവരെ പഠിപ്പിക്കുന്നതിലും തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാട്ടുന്നതിലും ഒരുപോലെ ഇടപെട്ടിട്ടുണ്ട്. ചിലപ്പോൾ കുട്ടികൾക്ക് അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും ഉപദേശങ്ങൾ ഇഷ്ടമാകാതെ വന്നേക്കാം എന്നാൽ നാളെ അവർ രക്ഷകർത്താക്കൾ ആകുമ്പോൾ ഇതൊക്കെ ആവശ്യമായിരുന്നല്ലോ എന്ന് തിരിച്ചറിവ് ഉണ്ടാകും.

സമരത്തിലൂടെയും സോഷ്യൽ മീഡിയ ആക്രമണത്തിലൂടെയും എന്റെ ജീവിതം തന്നെ വിചാരണയ്ക്ക് വച്ചവരോട് എനിക്ക് ബോധിപ്പിക്കാൻ ഉള്ളത് നിങ്ങൾ പ്രചരിപ്പിച്ചത് പോലെ ഈ കുഞ്ഞിന്റെ മരണത്തിലോ അതിന്റെ കാരണങ്ങളിലോ എനിക്കോ സഹ അധ്യാപകർക്കോ യാതൊരു പങ്കുമില്ല.

സ്കൂളിൽ നിന്നുള്ള വിനോദയാത്രയിൽ ഞാൻ പോയിരുന്നില്ല. ആരോപണമുന്നയിക്കുന്നത് പോലെ വിനോദയാത്ര പോയി വന്നതിനു ശേഷം നിരഞ്ജൻ എന്ന വിദ്യാർത്ഥിയെയോ അവന്റെ വീട്ടുകാരെയോ ആരെയും തന്നെ ഞാൻ കാണുകയോ ഫോൺ വിളിക്കുകയോ ഏതെങ്കിലും തരത്തിൽ ബന്ധപ്പെടുകയോ ഒരു വാക്കുപോലും ഉരിയാടുകയോ ചെയ്തിട്ടില്ല.

പച്ചമാംസം കൊത്തി വലിക്കുന്നത് പോലെ എന്നെ വിചാരണയ്ക്ക് വച്ചനിങ്ങൾക്ക് അന്വേഷിക്കാവുന്നതും കണ്ടെത്താവുന്നതുമാണ് ഞാൻ ഇതിൽ ആരോടെങ്കിലും സംസാരിച്ചിട്ടുണ്ടോ എന്ന്. എന്റെ ഫോണിൽ നിന്ന് ഈ കുട്ടികളുടെയോ അവരുടെ ആരുടെയെങ്കിലും ബന്ധുക്കളുടെയോ ഫോണിലേക്ക് ഒരു കോൾ എങ്കിലും വിളിച്ചിട്ടുണ്ടോ എന്ന്.

ടൂർ പോകുന്നതിന്റെ തലേദിവസമാണ് നിരഞ്ജനെ അവസാനമായി ഞാൻ കാണുന്നതും മിണ്ടുന്നതും അതിനുശേഷം ആ കുഞ്ഞിനെ കാണുകയോ സംസാരിക്കുകയോ ഞാൻ ചെയ്തിട്ടില്ല. എന്നിട്ടും യാതൊരു അടിസ്ഥാനവുമില്ലാത്ത ക്രൂരമായ ആരോപണങ്ങൾ ഉന്നയിച്ച് എന്നെയും എന്റെ കുടുംബത്തെയും എന്റെ ജീവിതത്തെയും നിഷ്കരുണം വേട്ടയാടുകയാണ് ഉണ്ടായത്..

മനസ്സിനും മനസ്സാക്ഷിക്കും നിരക്കാത്ത ഒന്നും തന്നെ എന്റെ ജീവിതത്തിൽ ഞാൻ ചെയ്തിട്ടില്ല.. ഞാൻ പഠിപ്പിക്കുന്ന എല്ലാ കുട്ടികളെയും എന്റെ മക്കളെ പോലെ തന്നെയാണ് ഇന്നുവരെ കണ്ടിട്ടുള്ളതും ഇനിയും.

പ്രിയപ്പെട്ട നിരഞ്ജന്റെ മരണത്തിന് ഉത്തരവാദി പ്രിൻസിപ്പൽ ആയ ഞാനാണെന്ന് ആക്ഷേപിക്കുന്നവർ ആ കുഞ്ഞിന്റെ ആത്മാവിനെ കൂടിയാണ് വേദനിപ്പിക്കുന്നത്.

അവന്റെ ജീവിതത്തിലെ അവസാന വേദനകൾ കുറിച്ചിട്ട ആത്മഹത്യാക്കുറിപ്പ് പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട് സ്കൂളിനെതിരെയോ അധ്യാപകർക്കെതിരെയോ എനിക്കെതിരെയോ ഒരു വാക്കോ അക്ഷരമോ അതിൽ ഉണ്ടായിരുന്നെങ്കിൽ ഇതിനകംതന്നെ പോലീസ് നിയമനടപടി സ്വീകരിക്കുമായിരുന്നു.

അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു വേട്ടയാടുന്നവർക്ക് എന്റെ ജീവനാണ് വേണ്ടതെങ്കിൽ എടുത്തു കൊള്ളുക. എല്ലാവർക്കും നന്മ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു'.

പതിനെട്ടാം പിറന്നാളിന് തലേന്ന് ഞായറാഴചയാണ് പ്ലസ്ടു വിദ്യാര്‍ഥിയായ നിരഞ്ജന്‍ ജീവനൊടുക്കിയത്. സ്കൂളില്‍ നിന്നുള്ള വിനോദയാത്രയ്ക്കിടെ സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിച്ചതിന്‍റെ പേരില്‍ അധ്യാപകരും പ്രിന്‍സിപ്പലും നിരഞ്ജനെ പരസ്യമായി ശകാരിച്ചുവെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് സഹപാഠികളും കുട്ടിയുടെ കുടുംബവും ആരോപിച്ചത്.

പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ അധ്യാപകര്‍ സ്കൂളിലേക്ക് വിളിച്ചുവരുത്തിയിരുന്നവുെന്നും ഇത് കുട്ടിക്ക് മനോവിഷമം ഉണ്ടാക്കിയെന്നും വീട്ടുകാര്‍ വെളിപ്പെടുത്തി. നിരഞ്ജന്‍റെ മരണത്തിന് പിന്നാലെ സ്കൂളിന് മുന്നില്‍ വിദ്യാര്‍ഥികളും ബന്ധുക്കളും പ്രതിഷേധിക്കുകയും സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തു.

Shuranad Government Higher Secondary School principal B. Sandhyakumari has responded to intense cyber attacks after student Niranjan’s death, saying she is being falsely blamed. In a Facebook post, she said she last saw and spoke to him the day before the school tour and had no role in the incident.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393284/principal-responds-to-cyber-attack)