---
title: "'ആരാച്ചാരുടെ ചുമതല ആർക്കും നൽകിയിട്ടില്ല, കൊലവിളി നടത്തിയാൽ കൈയുംകെട്ടി നോക്കിനിൽക്കുന്ന സർക്കാരല്ല കേരളത്തിലുള്ളത്'- ആരോഗ്യ മന്ത്രി കെ. മുരളീധരൻ"
english_title: "Health Minister Warns of Strict Action Over Incendiary Speech"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393265/health-minister-warns-strict-action-incendiary-speech-new"
published_at: "2026-11-26T11:21:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07ca4c06d61_health-minister-warns-strict-action-incendiary-speech-new.jpg"
keywords: ["KeralaPolitics", "HealthMinister", "CPMLeader", "IncendiarySpeech", "LegalAction"]
---

# 'ആരാച്ചാരുടെ ചുമതല ആർക്കും നൽകിയിട്ടില്ല, കൊലവിളി നടത്തിയാൽ കൈയുംകെട്ടി നോക്കിനിൽക്കുന്ന സർക്കാരല്ല കേരളത്തിലുള്ളത്'- ആരോഗ്യ മന്ത്രി കെ. മുരളീധരൻ

> **Lead Summary:** **കണ്ണൂർ: **കൊലവിളി നടത്തിയാൽ കൈയുംകെട്ടി നോക്കിനിൽക്കുന്ന സർക്കാരല്ല കേരളത്തിലുള്ളതെന്നും ട്രാക്ക് വിട്ട് നീങ്ങിയാൽ കർശന നടപടിയുണ്ടാകുമെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. സി.പി.എം നേതാവും മുൻ എം.എൽ.എയുമായ ടി.ഐ. മധുസൂദനന്റെ പ്രസംഗവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കണ്ണൂർ: **കൊലവിളി നടത്തിയാൽ കൈയുംകെട്ടി നോക്കിനിൽക്കുന്ന സർക്കാരല്ല കേരളത്തിലുള്ളതെന്നും ട്രാക്ക് വിട്ട് നീങ്ങിയാൽ കർശന നടപടിയുണ്ടാകുമെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. സി.പി.എം നേതാവും മുൻ എം.എൽ.എയുമായ ടി.ഐ. മധുസൂദനന്റെ പ്രസംഗവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അക്രമവും കൊലവിളിയും കാരണമാണ് നിലവിലെ സീറ്റ് പോലും ആ പാർട്ടിക്ക് നഷ്ടമായതെന്ന് മുരളീധരൻ പറഞ്ഞു. ജെൻസി കാലഘട്ടത്തിൽ ഇത്തരം മുദ്രാവാക്യങ്ങൾക്ക് പ്രസക്തിയില്ലെന്നും, ഇത് പാർട്ടിയെ കൂടുതൽ തകർച്ചയിലേക്കാണ് നയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജഡ്ജിയെപ്പോലും ഭീഷണിപ്പെടുത്തുന്ന നിലപാടുകൾ പഴയകാലത്തെ തുരുമ്പിച്ച രീതികളാണെന്നും, 'കോടതി വെറുതെ വിട്ടാലും ഞങ്ങൾ വെറുതെ വിടില്ല, വെറുതെ വിട്ടവർ ഇന്ന് ഭൂമിയിലില്ല' തുടങ്ങിയ വാദങ്ങളുടെ കാലം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ആരാച്ചാരുടെ ചുമതല ആർക്കും നൽകിയിട്ടില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

ധനരാജ് വധക്കേസ് വിധിക്കെതിരെ സി.പി.എം നേതാക്കളും എം.പിമാരുമടക്കം വിമർശനം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. അരിയിൽ ഷുക്കൂർ വധക്കേസിലെ വിധിയിലും യു.ഡി.എഫിന് അഭിപ്രായവ്യത്യാസങ്ങളും ദുഃഖവുമുണ്ടെങ്കിലും ജഡ്ജിയെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. യഥാർത്ഥ പ്രതികൾ ഇപ്പോഴും പുറത്താണെന്നാണ് കരുതുന്നതെങ്കിലും രാജ്യത്ത് നിയമവും നീതിന്യായ വ്യവസ്ഥയുമുണ്ടെന്നും, പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളാണ് ഇരു കേസുകളിലും തിരിച്ചടിയായതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.

ഭരണകൂട വീഴ്ചയെന്ന എം.വി. ഗോവിന്ദന്റെ വാദം പാർട്ടി പ്രവർത്തകർക്ക് പോലും മനസ്സിലാകില്ലെന്നും അദ്ദേഹം പരിഹസിച്ചു. കോടതിയെ ബഹുമാനിക്കാതെ പെരുമാറുന്നത് ജനാധിപത്യത്തിന് നിരക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പയ്യന്നൂരിൽ നടന്ന കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ യോഗത്തിലായിരുന്നു ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗം.

ധനരാജ് വധക്കേസിൽ കണക്ക് പറയുന്നത് കണക്ക് പറഞ്ഞുതന്നെ തീർക്കുമെന്നും അതിന് മടിയില്ലെന്നുമായിരുന്നു മധുസൂദനൻ പറഞ്ഞത്. ധനരാജ് കൊല്ലപ്പെട്ടിട്ടില്ലെന്ന് കോടതി പറയാത്തത് ഭാഗ്യമാണെന്നും, ജുഡീഷ്യറി ഭരണകൂട താൽപര്യത്തിനനുസരിച്ച് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഒന്നാം സാക്ഷിയായ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ മൊഴി കോടതി തള്ളിയതിനെയും അദ്ദേഹം വിമർശിച്ചു. ചീമേനി സംഭവത്തിൽ ആരെയും കോടതി ശിക്ഷിച്ചിട്ടില്ലെങ്കിലും പ്രതികളാരും ഇന്ന് ജീവിച്ചിരിപ്പില്ലെന്ന വസ്തുത ഓർമ്മിക്കണമെന്നും മധുസൂദനൻ പ്രസംഗത്തിൽ പറഞ്ഞിരുന്നു.

Health Minister K. Muraleedharan said the Kerala government will not stand idle in the face of violent threats and warned of strict action if anyone crosses the line. He was responding to questions about CPM leader and former MLA T.I. Madhusoodanan’s controversial remarks, which he said reflected outdated and undemocratic thinking.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393265/health-minister-warns-strict-action-incendiary-speech-new)