---
title: "സന്നിധാനത്ത് റീലുകളും വ്‌ളോഗുകളും വേണ്ട....! ശബരിമല ശ്രീകോവിലിലെ വിഗ്രഹങ്ങളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നു; കർശന നടപടിക്കൊരുങ്ങി പോലീസ്"
english_title: "Police to Act Strictly Against Sharing Sanctum Visuals at Sabarimala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393239/sabarimala-sanctum-visuals-police-action"
published_at: "2026-11-26T09:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07acadcec23_sabarimala-sanctum-visuals-police-action.jpg"
keywords: ["Sabarimala", "KeralaPolice", "TempleSecurity", "YouTubeVideos", "KeralaNews", "SocialMediaMisuse", "Devaswom", "SocialMediaReels", "DevaswomVigilance"]
---

# സന്നിധാനത്ത് റീലുകളും വ്‌ളോഗുകളും വേണ്ട....! ശബരിമല ശ്രീകോവിലിലെ വിഗ്രഹങ്ങളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നു; കർശന നടപടിക്കൊരുങ്ങി പോലീസ്

> **Lead Summary:** ** **ശബരിമലയിൽ ശ്രീകോവിലിനുള്ളിലെ അയ്യപ്പന്റെയും മാളികപ്പുറത്തമ്മയുടെയും വിഗ്രഹങ്ങൾ ഫോട്ടോയും വീഡിയോയും എടുത്ത് പ്രചരിപ്പിക്കുന്ന സംഭവങ്ങൾ കൂടുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് പോലീസ് കർശന നടപടിയിലേക്ക് കടക്കുകയാണ്.

## Article Content

** **ശബരിമലയിൽ ശ്രീകോവിലിനുള്ളിലെ അയ്യപ്പന്റെയും മാളികപ്പുറത്തമ്മയുടെയും വിഗ്രഹങ്ങൾ ഫോട്ടോയും വീഡിയോയും എടുത്ത് പ്രചരിപ്പിക്കുന്ന സംഭവങ്ങൾ കൂടുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് പോലീസ് കർശന നടപടിയിലേക്ക് കടക്കുകയാണ്.

വിലക്ക് ലംഘിച്ച് ദൃശ്യങ്ങൾ പകർത്തുന്നവരുടെ ഫോണുകളും ക്യാമറകളും പിടിച്ചെടുക്കുമെന്ന് പോലീസ് അറിയിച്ചു. ശബരിമല സന്നിധാനത്തെ ശ്രീകോവിൽ, പതിനെട്ടാംപടി, മേൽത്തിരുമുറ്റം, മാളികപ്പുറം തുടങ്ങിയ ഇടങ്ങളിൽ മൊബൈൽ ഫോണോ ക്യാമറയോ ഉപയോഗിച്ച് ചിത്രീകരിക്കുന്നത് കേരള ഹൈക്കോടതിയും നേരത്തെ വിലക്കിയിട്ടുണ്ട്.

സാമൂഹിക മാധ്യമങ്ങളിൽ റീലുകളും വ്‌ളോഗുകളും തയ്യാറാക്കാനാണ് പലരും ദൃശ്യങ്ങൾ പകർത്തുന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. ചിലർ ഇത് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലേക്കും നാട്ടിലെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്കും അയക്കുന്നു. ലൈക്കും ഷെയറും നേടാൻ വേണ്ടിയാണ് ചില യൂട്യൂബർമാർ ഇങ്ങനെ ചെയ്യുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ദർശനത്തിന് മുമ്പ് തന്നെ മൊബൈൽ ഫോണിലെ വീഡിയോ തുറന്ന് ഷർട്ടിന്റെ മുൻവശത്തെ കീശയിലോ ഇരുമുടി കെട്ടിലോ ഒളിപ്പിച്ചാണ് ചിലർ ചിത്രീകരണം നടത്തുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പറയുന്നു. പിന്നീട് ചിത്രീകരണം അനുവദനീയമായ സ്ഥലങ്ങളിലെ ദൃശ്യങ്ങൾ കൂടി ചേർത്ത് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കാറുണ്ട്.

അനുമതിയില്ലാത്ത ഇത്തരം വീഡിയോകൾ സാമൂഹിക വിരുദ്ധരും തീവ്രവിഭാഗത്തിൽപ്പെട്ടവരും ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി. ക്ഷേത്രാചാരങ്ങൾക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ചിത്രീകരണത്തിനെതിരെ പോലീസ്, ദേവസ്വം ബോർഡ് എന്നിവർ നടപടി കടുപ്പിച്ചിട്ടുണ്ട്.

ശബരിമല നട അടച്ച സമയത്തെ വീഡിയോ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച റാന്നി സ്വദേശിയായ ഒരു യൂട്യൂബർക്കെതിരെ നേരത്തെ കേസ് എടുത്തിരുന്നു. ‘നടയച്ചശേഷമുള്ള ശബരിമലക്കാഴ്ച’ എന്ന പേരിൽ ആളൊഴിഞ്ഞ പതിനെട്ടാം പടിയും കൊടിമരത്തിന്റെ ഭാഗങ്ങളും കാണിച്ചായിരുന്നു വീഡിയോ. പിന്നീട് അത് നീക്കം ചെയ്തു.

ശ്രീകോവിലിനുള്ളിലെ പ്രതിഷ്ഠയുടെ ദൃശ്യങ്ങൾ പകർത്തരുത്, സോപാനത്ത് നിന്ന് ചടങ്ങുകൾ ചിത്രീകരിക്കരുത്, മേൽത്തിരുമുറ്റത്ത് ഫോട്ടോയും വീഡിയോയും അനുവദനീയമല്ല എന്നിങ്ങനെയാണ് പ്രധാന നിയന്ത്രണങ്ങൾ. ശബരിമല പ്രത്യേക സുരക്ഷാ മേഖലയായതിനാൽ ഡ്രോണുകൾക്കും നിരോധനമുണ്ട്. അംഗീകൃത മാധ്യമപ്രവർത്തകർക്ക് നിശ്ചിത സ്ഥലങ്ങളിൽ നിന്ന് മാത്രമേ ചിത്രീകരണം അനുവദിക്കൂ.

Police in Sabarimala are preparing strict action against visitors who secretly photograph or record the sanctum and other restricted areas. Intelligence inputs and a Devaswom Vigilance report say many such visuals are being used to create social media reels and videos, despite court and temple restrictions.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393239/sabarimala-sanctum-visuals-police-action)