---
title: "കുടിക്കാൻ നൽകേണ്ട മരുന്ന് ഞരമ്പിൽ കുത്തിവച്ചു; നാലുവയസ്സുകാരി അതീവ ഗുരുതരാവസ്ഥയിൽ, നഴ്സിങ് വിദ്യാർഥിനിയുടെ ഗുരുതര വീഴ്ചയെന്ന് കുടുംബം"
english_title: "Oral Medicine Injected Into Vein: Four-Year-Old Critically Ill"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393217/oral-medicine-injected-into-vein"
published_at: "2026-11-26T06:17:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07821153faf_oral-medicine-injected-into-vein.jpg"
keywords: ["MedicalError", "HospitalIncident", "NursingTrainee", "PatientSafety", "GujaratNews"]
---

# കുടിക്കാൻ നൽകേണ്ട മരുന്ന് ഞരമ്പിൽ കുത്തിവച്ചു; നാലുവയസ്സുകാരി അതീവ ഗുരുതരാവസ്ഥയിൽ, നഴ്സിങ് വിദ്യാർഥിനിയുടെ ഗുരുതര വീഴ്ചയെന്ന് കുടുംബം

> **Lead Summary:** ഗാന്ധിനഗർ : ചികിത്സയിലിരിക്കെ കുടിക്കാൻ നൽകേണ്ട മരുന്ന് ഞരമ്പിലൂടെ കുത്തിവച്ചതിനെ തുടർന്ന് നാലുവയസ്സുകാരി അതീവ ഗുരുതരാവസ്ഥയിൽ. ഗുജറാത്തിലെ മെഹ്സാന ജില്ലയിലുള്ള ജി.എം.ഇ.ആർ.എസ്. സിവിൽ ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിലാണ് സംഭവം.

## Article Content

ഗാന്ധിനഗർ : ചികിത്സയിലിരിക്കെ കുടിക്കാൻ നൽകേണ്ട മരുന്ന് ഞരമ്പിലൂടെ കുത്തിവച്ചതിനെ തുടർന്ന് നാലുവയസ്സുകാരി അതീവ ഗുരുതരാവസ്ഥയിൽ. ഗുജറാത്തിലെ മെഹ്സാന ജില്ലയിലുള്ള ജി.എം.ഇ.ആർ.എസ്. സിവിൽ ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിലാണ് സംഭവം.

പേശികളുടെ ബലക്ഷയത്തെ തുടർന്ന് കൺപോള തൂങ്ങിപ്പോകുന്ന അസുഖത്തിനുള്ള ചികിത്സയ്ക്കായി വെള്ളിയാഴ്ച രാവിലെയാണ് പിതാവായ മനോജ് സിങ് സാല മകൾ ആർവിയെ ആശുപത്രിയിൽ എത്തിച്ചത്.

പീഡിയാട്രിക് വാർഡിൽ ചികിത്സയിലായിരുന്ന കുട്ടിക്ക് രണ്ടു കുത്തിവയ്‌പ്പുകൾ നൽകാനുണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു. എന്നാൽ, ക്ലിനിക്കൽ ട്രെയിനിങ്ങിനെത്തിയ ഒരു നഴ്സിങ് വിദ്യാർഥിനി, കുടിക്കാൻ നൽകേണ്ട മരുന്ന് കുട്ടിയുടെ ഞരമ്പിലേക്ക് നേരിട്ട് കുത്തിവയ്‌ക്കുകയായിരുന്നുവെന്നാണ് ആരോപണം.

ഇത് കുടിക്കാൻ നൽകേണ്ട മരുന്നാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടും ട്രെയിനി അതു വകവച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു. ഇതിനുപിന്നാലെ പെൺകുട്ടിയുടെ ആരോഗ്യനില പെട്ടെന്ന് വഷളായി.

സംസാരിക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥയിലായ കുട്ടിയുടെ കണ്ണുകൾ മാത്രമാണ് ചലിപ്പിക്കാനായിരുന്നത്. തിങ്കളാഴ്ച കുട്ടിയ്ക്ക് അപസ്മാരമുണ്ടാവുകയും അബോധാവസ്ഥയിലാവുകയും ചെയ്തുവെന്ന് പിതാവ് പറഞ്ഞു. ഇതിനുപുറമേ ഹൃദയമിടിപ്പ് അസാധാരണമാംവിധം കൂടുകയും അത് നിയന്ത്രണവിധേയമാക്കാൻ കഴിയാത്ത സ്ഥിതിയാവുകയും ചെയ്തു.

തുടർന്ന് പി.ഐ.സി.യു. (PICU) ടീമും നഴ്സിങ് ജീവനക്കാരും അടിയന്തര ഇടപെടൽ നടത്തി സിപിആർ നൽകിയ ശേഷമാണ് കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.

പിതാവിന്റെ പരാതിയെത്തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, ട്രെയിനിയും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരും പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്. സംഭവത്തിൽ ഒരു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആശുപത്രി അധികൃതർ വകുപ്പ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മറ്റ് നഴ്സിങ് ജീവനക്കാർ വിസമ്മതിച്ചതിനെത്തുടർന്ന്, സ്റ്റാഫ് നഴ്സായ അജയ് ആണ് രത്നപ്രഭ നഴ്സിങ് കോളജിലെ നാലാം സെമസ്റ്റർ ബിഎസ്‌സി നഴ്സിങ് വിദ്യാർഥിനിയോട് കുത്തിവയ്‌പ്പ് എടുക്കാൻ ആവശ്യപ്പെട്ടതെന്ന് ആക്ടിങ് സിവിൽ സൂപ്രണ്ട് മുകേഷ് വോറ പറഞ്ഞു.

താൻ കുത്തിവയ്‌പ്പ് എടുത്തുവെന്നും സ്റ്റാഫ് നഴ്സ് പറഞ്ഞതുപോലെയാണ് ചെയ്തതെന്നും ട്രെയിനി സമ്മതിച്ചപ്പോൾ, ഈ മരുന്ന് മറ്റേതോ രോഗിക്കായി നൽകിയതായിരുന്നു എന്നാണ് അജയ് വാദിക്കുന്നത്. ഇരുഭാഗത്തും വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണം വ്യക്തമാക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

സ്റ്റാഫ് നഴ്സ് അജയിനെ ആശുപത്രി അധികൃതർ സസ്പെൻഡ് ചെയ്യുകയും, ട്രെയിനി വിദ്യാർഥിനിക്കെതിരെ നടപടി ആവശ്യപ്പെട്ട് രത്നപ്രഭ നഴ്സിങ് കോളജ് പ്രിൻസിപ്പലിന് ഔദ്യോഗികമായി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.

സംഭവത്തിൽ ഉന്നതതല അന്വേഷണ സമിതി രൂപീകരിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ, വഡ്നഗർ ആശുപത്രിയിൽ ക്ലിനിക്കൽ ട്രെയിനിങ്ങിലുണ്ടായിരുന്ന അമ്പതോളം നഴ്സിങ് വിദ്യാർഥികളുടെ പരിശീലനവും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ റദ്ദാക്കിയിട്ടുണ്ട്.

മരുന്ന് നൽകുന്നതിലെ മാർഗ്ഗരേഖകൾ (പ്രോട്ടോക്കോൾ) കൃത്യമായി പാലിക്കപ്പെട്ടിട്ടുണ്ടോയെന്നും ഇതിൽ പങ്കാളികളായ ഓരോരുത്തരുടെയും വീഴ്ച എന്തൊക്കെയാണെന്നും സമിതി പരിശോധിക്കും.

ഉത്തരവാദികൾക്കെതിരെ കർശന വകുപ്പുതല-നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, അഹമ്മദാബാദിലെ ആശുപത്രിയിൽ കഴിയുന്ന കുട്ടി ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിലാണ്.

A four-year-old girl is in critical condition after a nursing trainee allegedly injected an oral medicine into her vein at a civil hospital in Mehsana, Gujarat. The hospital has suspended a staff nurse, issued notice to the nursing college, and ordered a high-level probe into the incident.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393217/oral-medicine-injected-into-vein)