---
title: "ചക്കക്കൊമ്പൻ ദൗത്യം തുടങ്ങി; ചിന്നക്കനാലിൽ നിരോധനാജ്ഞ, സ്കൂളുകൾക്ക് അവധി, സാഹചര്യം അനുകൂലമായാൽ മയക്കുവെടി നടപടി"
english_title: "Mission Chakkakomban Begins as Elephant Reaches 301 Colony"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393065/mission-chakkakomban-begins-301-colony"
published_at: "2026-11-25T07:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b063e5de25d2_mission-chakkakomban-begins-301-colony.jpg"
keywords: ["MissionChakkakomban", "Chinnakkanal", "Idukki", "WildlifeOperation"]
---

# ചക്കക്കൊമ്പൻ ദൗത്യം തുടങ്ങി; ചിന്നക്കനാലിൽ നിരോധനാജ്ഞ, സ്കൂളുകൾക്ക് അവധി, സാഹചര്യം അനുകൂലമായാൽ മയക്കുവെടി നടപടി

> **Lead Summary:** ഇടുക്കി: ചിന്നക്കനാലിൽ ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ‘മിഷൻ ചക്കക്കൊമ്പൻ’ തുടങ്ങി. ചൊവ്വാഴ്ച വൈകീട്ടുവരെ എൺപതേക്കർ ഭാഗത്ത് കണ്ടിരുന്ന ആന ഇപ്പോൾ 301 കോളനിയിൽ എത്തിയിട്ടുണ്ടെന്നാണ് വിവരം.

## Article Content

ഇടുക്കി: ചിന്നക്കനാലിൽ ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ‘മിഷൻ ചക്കക്കൊമ്പൻ’ തുടങ്ങി. ചൊവ്വാഴ്ച വൈകീട്ടുവരെ എൺപതേക്കർ ഭാഗത്ത് കണ്ടിരുന്ന ആന ഇപ്പോൾ 301 കോളനിയിൽ എത്തിയിട്ടുണ്ടെന്നാണ് വിവരം.

മുത്തങ്ങയിൽനിന്നെത്തിച്ച വിക്രം, ഭരത് എന്നീ രണ്ട് കുങ്കിയാനകൾ, 100 പേരടങ്ങുന്ന ദൗത്യസംഘം, അഞ്ച് വെറ്ററിനറി ഓഫീസർമാർ, 15 ട്രെക്കിങ് ടീം അംഗങ്ങൾ എന്നിവരാണ് ദൗത്യത്തിനായി തയ്യാറായത്. റേഡിയോ കോളർ ഉൾപ്പെടെ ആവശ്യമായ ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. സാഹചര്യം അനുകൂലമായാൽ മാത്രമേ മയക്കുവെടി നടപടിയിലേക്ക് കടക്കൂ.

ആനയെ ട്രാക്ക് ചെയ്ത് നിരപ്പായ അഞ്ച് സ്‌പോട്ട് ദൗത്യസംഘം തിരഞ്ഞെടുത്തിട്ടുണ്ട്. അവിടെ എത്തിച്ചശേഷം മയക്കുവെടി വെക്കും. മൂന്നുമിനിറ്റിനകം ആന മയങ്ങിത്തുടങ്ങുമെന്നാണ് വിലയിരുത്തൽ. ശാന്തമായെന്ന് ഉറപ്പായാൽ കുങ്കിയാനകളുടെ സഹായത്തോടെ ചക്കക്കൊമ്പന്റെ ശരീരത്തിൽ റേഡിയോ കോളർ ഘടിപ്പിക്കും. മഞ്ഞുമൂടിയ കാലാവസ്ഥയും ചിന്നക്കനാലിലെ ദുഷ്‌കരമായ ഭൂപ്രകൃതിയും സംഘത്തിന് വെല്ലുവിളിയാണ്. ചിന്നക്കനാൽ ഫാത്തിമമാതാ സ്‌കൂളാണ് ബേസ് ക്യാമ്പ്.

ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ സിമന്റുപാലം മേഖലയിൽ മോക്ഡ്രിലും നടത്തി. ആദ്യം ഡ്രോണും മറ്റു സംവിധാനങ്ങളുമായി ഒരു സംഘം ബി.എൽ.റാം മേഖലയിലേക്ക് പോയി. പരിശോധനകൾക്ക് ശേഷം ഭരതിനെ ആ ഭാഗത്തേക്ക് കൊണ്ടുപോയി. പിന്നാലെ മയക്കുവെടി സംഘം, ആനയുടെ ശരീരം തണുപ്പിക്കാനുള്ള വെള്ളവുമായി മൊബൈൽ ടാങ്കർ യൂണിറ്റും എത്തി. പിന്നീട് വിക്രമും സ്ഥലത്തെത്തി. കോളർ ധരിപ്പിക്കുന്നതുവരെയുള്ള നടപടികൾ സംഘം അവലോകനം ചെയ്തു; ഏകദേശം ഒരുമണിക്കൂറോളം മോക്ഡ്രിൽ നീണ്ടു.

അരിക്കൊമ്പന് ഘടിപ്പിച്ചത് ഡൽഹിയിൽനിന്ന് വരുത്തിച്ച 10 കിലോ ഭാരമുള്ള റേഡിയോ കോളറായിരുന്നു. ചക്കക്കൊമ്പന് ഘടിപ്പിക്കുന്നത് വിദേശത്തുനിന്ന് വരുത്തിച്ച അഞ്ചുകിലോ ഭാരമുള്ള, ആധുനിക സംവിധാനങ്ങളുള്ള കോളറാണ്. ഇതിന് അഞ്ചുമുതൽ ഏഴുവർഷംവരെ ബാറ്ററി കാലാവധിയുണ്ടാകും. ജി.പി.എസ്., റേഡിയോ സിഗ്നലുകൾ എന്നിവ വഴി പ്രവർത്തിക്കുന്ന കോളറിൽനിന്നുള്ള സന്ദേശങ്ങൾ സി.സി.എഫ്., രണ്ട് ആർ.ഒ.മാർ, ഡി.എഫ്.ഒ. എന്നിവർക്ക് ലഭിക്കും.

ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ ഗ്രാമപ്പഞ്ചായത്തിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്ന്, രണ്ട്, ഒൻപത്, 10, 11, 12 വാർഡുകളിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് അവധി.

അടിയന്തരസാഹചര്യങ്ങൾ നേരിടാൻ ചിന്നക്കനാൽ കുടുംബാരോഗ്യകേന്ദ്രം, അടിമാലി താലൂക്ക് ആശുപത്രി, ശാന്തൻപാറ കുടുംബാരോഗ്യകേന്ദ്രം, ദേവികുളം സാമൂഹികാരോഗ്യകേന്ദ്രം, മൂന്നാറിലെ ടാറ്റാ ടീ ഹൈറേഞ്ച് ആശുപത്രി എന്നിവിടങ്ങളിലും ഡോക്ടർമാരെയും നഴ്സിങ് ജീവനക്കാരെയും ആംബുലൻസ് സൗകര്യവും ഒരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

A mission to dart and fit a radio collar on wild elephant Chakkakomban has begun in Chinnakanal after the animal was reportedly spotted at 301 Colony. A 100-member team, two kumki elephants, veterinarians, and tracking units are on standby, with the darting to proceed only if conditions are favorable.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393065/mission-chakkakomban-begins-301-colony)