---
title: "സായയുടെ മരണം: ഷാളും കയ്യക്ഷരവും സംശയത്തിൽ, ദുരൂഹത ആരോപിച്ച് സഹോദരൻ"
english_title: "Saya Death Mystery: Family Raises Doubts Over Shawl and Handwriting"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393017/saya-death-mystery-family-doubts"
published_at: "2026-11-24T18:45:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b058ee873802_saya-death-mystery-family-doubts.jpg"
keywords: ["KollamNews", "KeralaCrime", "SayaDeath", "LatestNews", "KeralaPolice"]
---

# സായയുടെ മരണം: ഷാളും കയ്യക്ഷരവും സംശയത്തിൽ, ദുരൂഹത ആരോപിച്ച് സഹോദരൻ

> **Lead Summary:**  

## Article Content

 

കൊല്ലം: ഭർതൃവീട്ടിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വീണ്ടും ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. സായ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഭർതൃവീട്ടുകാർ എന്തൊക്കെയോ മറച്ചുവയ്ക്കാൻ ശ്രമിക്കുകയാണെന്നും സഹോദരൻ സെയ്ഫ് ഷാജി പറഞ്ഞു.

മരണത്തിന് രണ്ട് ദിവസം മുൻപ് മാതാപിതാക്കളെ വിളിച്ച് അടുത്ത ദിവസം വീട്ടിലേക്ക് വരുന്നുണ്ടെന്ന് സായ പറഞ്ഞിരുന്നുവെന്ന് സെയ്ഫ് വെളിപ്പെടുത്തി. മരണത്തിന്റെ തലേ ദിവസവും താൻ സായയുമായി സംസാരിച്ചിരുന്നുവെന്നും അപ്പോൾ മനോവിഷമങ്ങളൊന്നും തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സായയ്ക്ക് ഭർതൃവീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ അതത്ര ഗൗരവമേറിയ വിഷയങ്ങളായിരുന്നില്ല. സായ അതേക്കുറിച്ച് കൂടുതലൊന്നും പറഞ്ഞിട്ടുമില്ല. എറണാകുളത്തുള്ള വീട്ടിലേക്ക് സായ വരുന്നത് പതിവായിരുന്നു. മരണത്തിന് 2 ദിവസം മുൻപ് വിളിച്ചപ്പോഴും ഉടൻ വീട്ടിലേക്ക് വരുന്നുണ്ടെന്ന് അവൾ പറഞ്ഞിരുന്നു. എല്ലാ കാര്യങ്ങളെയും ധൈര്യത്തോടെ നേരിടുന്നവളായിരുന്നു സായ. അവൾ ഒരിക്കലും ജീവനൊടുക്കില്ല. അവളെ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഷാൾ അവളുടേതല്ല. മുറിയിൽ നിന്ന് കിട്ടിയ ആത്മഹത്യാക്കുറിപ്പിലും ദുരൂഹതകളുണ്ട്. എഴുത്തിലെ കയ്യക്ഷരം സായയുടേതല്ല. അതൊരുപക്ഷേ അവളെക്കൊണ്ട് നിർബന്ധിച്ച് എഴുതിപ്പിച്ചതാകാം. സായ മരിച്ച് മണിക്കൂറുകൾ കഴിഞ്ഞാണ് ഭർതൃവീട്ടുകാർ ഞങ്ങളെ വിവരം അറിയിച്ചത്. ഇതൊക്കെ മരണത്തിലുള്ള സംശയം ബലപ്പെടുത്തുകയാണ്. ഭർതൃവീട്ടുകാർ എന്തൊക്കെയോ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നു. സായ ജനൽ കമ്പിയിൽ തൂങ്ങിനിൽക്കുന്നതു കണ്ടു എന്നാണ് ഭർതൃവീട്ടുകാരുടെ മൊഴി. ആ ജനലിലെ കർട്ടനുകൾക്കോ അതിലുണ്ടായിരുന്ന സീഷെൽ ഹാങ്ങിങ്ങുകൾക്കോ യാതൊരു ഇളക്കവും സംഭവിച്ചിട്ടില്ല. ആത്മഹത്യയായിരുന്നുവെങ്കിൽ മരണവെപ്രാളത്തിൽ സായ അവ പിടിച്ചു വലിക്കുകയോ പൊട്ടിക്കുകയോ ചെയ്യാനുള്ള സാധ്യത കൂടുതലാണ്. അത്തരം അടയാളങ്ങളൊന്നും മുറിയിൽ നിന്ന് ലഭിക്കാത്തതും ദുരൂഹത വർധിപ്പിക്കുന്നു എന്നും സെയ്ഫ് പറഞ്ഞു.

ഇരവിപുരം ഭരണിക്കാവിൽ ഷാജി - റിഹാന ദമ്പതികളുടെ മകൾ സായയെ (26) ഒക്ടോബർ 31ന് രാത്രിയാണ് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർ ഉടൻ പാലത്തറയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവദിവസം വൈകിട്ട് 4ന് വീട്ടിൽ ബഹളം നടന്നതായി അയൽവീട്ടുകാർ പറഞ്ഞു.

സായയുടെ മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണമെന്നും ഭർത്താവിനോട് സ്നേഹം മാത്രമേ ഉള്ളൂവെന്നും കുറിപ്പിൽ പറയുന്നു. 2023 ജനുവരി 15നായിരുന്നു സായയുടെയും മാടൻനട സ്വദേശി അഫ്സലിന്റെയും വിവാഹം. പത്തനാപുരം സ്വദേശിയായ സായയുടെ കുടുംബം ഇപ്പോൾ എറണാകുളത്താണ് താമസം.

സായയുടെ മരണത്തിൽ ഭർത്താവ് അഫ്സലിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുവായ യുവതി നേരത്തെ രംഗത്തെത്തിയിരുന്നു. അഫ്സൽ ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ടയാൾ ആണെന്നും സായ ഭർതൃവീട്ടിൽ ക്രൂരമായ മാനസിക പീഡനം നേരിട്ടിരുന്നുവെന്നും യുവതി പറഞ്ഞു. മൃതദേഹം കണ്ടെത്തിയ മുറി പൊലീസ് എത്തും മുൻപ് വൃത്തിയാക്കിയതിലും ദുരൂഹതയുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും അവൾ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393017/saya-death-mystery-family-doubts)