---
title: "കോഴിക്കോട് ബീച്ചിലെ നവജാതശിശുവിൻ്റെ മൃതദേഹം: പൊക്കിൾക്കൊടി മുറിച്ചത് മൂർച്ചയില്ലാത്ത വസ്തുകൊണ്ട്, പ്രസവം ആശുപത്രിയിലാകില്ലെന്ന് പൊലീസ്"
english_title: "Newborn Body Found on Kozhikode Beach; Police Say Delivery Was Likely Not in Hospital"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392968/kozhikode-beach-newborn-body-found"
published_at: "2026-11-24T11:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd091f22156_newborn-baby-body-found-kozhikode-beach.jpg"
keywords: ["KozhikodeNews", "NewbornCase", "PostmortemReport", "PoliceInvestigation", "KeralaCrime"]
---

# കോഴിക്കോട് ബീച്ചിലെ നവജാതശിശുവിൻ്റെ മൃതദേഹം: പൊക്കിൾക്കൊടി മുറിച്ചത് മൂർച്ചയില്ലാത്ത വസ്തുകൊണ്ട്, പ്രസവം ആശുപത്രിയിലാകില്ലെന്ന് പൊലീസ്

> **Lead Summary:** കോഴിക്കോട്: ബീച്ചിൽ നവജാത ശിശുവിൻ്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടതിൽ നിർണായക സൂചനകളുമായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞിൻ്റെ പൊക്കിൾകൊടി മുറിച്ചത് മൂർച്ചയില്ലാത്ത വസ്തുകൊണ്ടെന്ന് കണ്ടെത്തൽ.

## Article Content

കോഴിക്കോട്: ബീച്ചിൽ നവജാത ശിശുവിൻ്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടതിൽ നിർണായക സൂചനകളുമായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞിൻ്റെ പൊക്കിൾകൊടി മുറിച്ചത് മൂർച്ചയില്ലാത്ത വസ്തുകൊണ്ടെന്ന് കണ്ടെത്തൽ.

പൊക്കിൾക്കൊടിക്ക് 33 സെൻ്റീമീറ്റർ നീളം ഉണ്ടായിരുന്നു. പ്രസവം നടന്നത് ആശുപത്രിയിലാകാൻ സാധ്യതയില്ലെന്നാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കുഞ്ഞിൻ്റെ മാതാപിതാക്കളെ കണ്ടെത്തുന്നതിനായി വെള്ളയിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ബുധനാഴ്ച രാവിലെ ആറുമണിയോടെ കോഴിക്കോട് നോർത്ത് ബീച്ചിലെ ഓപ്പൺ സ്റ്റേജിന് സമീപമാണ് നവജാത പെൺകുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. പ്രഭാതനടത്തത്തിന് എത്തിയവരാണ് മണലിൽ കമഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം ആദ്യം കണ്ടത്.

ആദ്യം ബൊമ്മയോ കളിപ്പാട്ടമോ ആണെന്നാണ് കരുതിയതെങ്കിലും പിന്നീട് സുരക്ഷാ ജീവനക്കാരും നാട്ടുകാരും അടുത്തെത്തി പരിശോധിച്ചപ്പോഴാണ് പൊക്കിൾക്കൊടി വേർപെടാത്ത നിലയിലുള്ള നവജാത ശിശുവിന്‍റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.

ഉടൻ തന്നെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പ്രസവത്തിന് മുമ്പ് തന്നെ കുഞ്ഞ് മരിച്ചിരുന്നതായാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. കോഴിക്കോട് ബീച്ച് ആശുപത്രിയിലായിരുന്നു പോസ്റ്റ്‌മോർട്ടം നടപടികൾ നടന്നത്.

സംഭവത്തിൽ വെള്ളയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കടൽത്തീരത്ത് തിരമാലകൾ എത്താത്ത ഭാഗത്താണ് മൃതദേഹം കിടന്നിരുന്നത് എന്നതിനാൽ കടലിൽ നിന്ന് കരയ്ക്കടിഞ്ഞതല്ലെന്നും ആരോ ഉപേക്ഷിച്ചതാണെന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു.

പുലർച്ചെ മൂന്നര വരെ ബീച്ചിൽ പൊലീസിന്‍റെ രാത്രികാല പട്രോളിംഗ് ഉണ്ടായിരുന്നു. ഇതിന് ശേഷമുള്ള സമയത്താകാം മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. പ്രസവശേഷം മൃതദേഹം രഹസ്യമായി ഉപേക്ഷിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.

കുഞ്ഞിന്‍റെ അമ്മയെയും മൃതദേഹം ഉപേക്ഷിക്കാൻ എത്തിയവരെയും കണ്ടെത്തുന്നതിനായി ബീച്ച് പരിസരത്തെയും സമീപ റോഡുകളിലെയും സിസിടിവി ദൃശ്യങ്ങളും ആശുപത്രി വിവരങ്ങളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

A postmortem report on the newborn body found at Kozhikode beach suggests the umbilical cord was cut with a blunt object, indicating the delivery likely did not take place in a hospital. Police have intensified their probe using CCTV footage and hospital records to trace the mother and those involved.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392968/kozhikode-beach-newborn-body-found)