---
title: "ജി.ടി.എ.യിൽ ഇനി ആക്ഷൻ മാത്രമല്ല, പ്രണയവും! ലൂസിയയെ സന്തോഷിപ്പിക്കാൻ പൂക്കളുമായി ജേസൺ; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച"
english_title: "GTA’s New Romance Missions Put Jason and Lucia in the Spotlight"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392950/gta-romance-missions-jason-lucia"
published_at: "2026-11-24T10:19:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b05184c1f341_WhatsApp_Image_2026-11-24_at_10.23.05_AM.jpeg"
keywords: ["GTA6", "GrandTheftAuto", "GamingNews", "VideoGames", "SocialMedia"]
---

# ജി.ടി.എ.യിൽ ഇനി ആക്ഷൻ മാത്രമല്ല, പ്രണയവും! ലൂസിയയെ സന്തോഷിപ്പിക്കാൻ പൂക്കളുമായി ജേസൺ; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച

> **Lead Summary:** ****ആക്ഷനും കവർച്ചയും പൊലീസിൽ നിന്നുള്ള രക്ഷപ്പെടലുമൊക്കെയായി പരിചിതമായ ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ (ജി.ടി.എ.) പരമ്പരയിൽ ഇത്തവണ ചർച്ചയാകുന്നത് പതിവിൽ നിന്ന് വ്യത്യസ്തമായ ദൗത്യങ്ങളാണ്. നായകനായ ജേസണിന് ലൂസിയയെ സന്തോഷിപ്പിക്കാൻ വീട്ടുജോലികൾ ചെയ്യുകയും പൂക്കൾ വാങ്ങുകയും ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യേണ്ടി വരുന്നതാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

## Article Content

****ആക്ഷനും കവർച്ചയും പൊലീസിൽ നിന്നുള്ള രക്ഷപ്പെടലുമൊക്കെയായി പരിചിതമായ ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ (ജി.ടി.എ.) പരമ്പരയിൽ ഇത്തവണ ചർച്ചയാകുന്നത് പതിവിൽ നിന്ന് വ്യത്യസ്തമായ ദൗത്യങ്ങളാണ്. നായകനായ ജേസണിന് ലൂസിയയെ സന്തോഷിപ്പിക്കാൻ വീട്ടുജോലികൾ ചെയ്യുകയും പൂക്കൾ വാങ്ങുകയും ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യേണ്ടി വരുന്നതാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

ഇരുവരും തമ്മിലുള്ള ബന്ധം കൂടുതൽ അടുപ്പമുള്ളതാക്കാൻ ഗെയിമിൽ ചില ജോലികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വീട്ടിലെ പടികൾ നന്നാക്കുക, ചോർന്നൊലിക്കുന്ന മേൽക്കൂര ശരിയാക്കുക, ചുമർ പെയിന്റ് ചെയ്യുക, പലചരക്ക് സാധനങ്ങൾ വാങ്ങുക, ലൂസിയയ്ക്കായി പൂക്കൾ എത്തിക്കുക തുടങ്ങിയവയാണ് അവയിൽ ചിലത്. ദൗത്യങ്ങൾ പൂർത്തിയാകുമ്പോൾ ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയായി ചെറിയ ഹൃദയ ചിഹ്നവും ലഭിക്കും.

എന്നാൽ ഇതിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ പങ്കുവെക്കുന്നത്. ജേസൺ ലൂസിയയുടെ കാലുകൾ തിരുമ്മുന്നതും അവളുടെ സുഹൃത്തുക്കളുടെ കഥകൾ കേൾക്കുന്നതുമൊക്കെ ഉൾപ്പെടുത്തിയതോടെ ഗെയിം ഒരു ആക്ഷൻ അനുഭവത്തേക്കാൾ ബന്ധങ്ങളെ കേന്ദ്രീകരിക്കുന്ന കളിയായി മാറുകയാണെന്നാണ് വിമർശകരുടെ വാദം.

എന്നാൽ വിമർശനങ്ങളിലെ ഇരട്ടത്താപ്പും ചർച്ചയാകുന്നുണ്ട്. ഗെയിമുകളിൽ സ്ത്രീകളെ ലൈംഗിക വിനോദത്തിനുള്ള ഉപാധികളായി അവതരിപ്പിക്കുന്ന രംഗങ്ങളും സ്ട്രിപ്പ് ക്ലബ്ബുകളിലെ അനുഭവങ്ങളും ആഘോഷിക്കപ്പെടുമ്പോൾ, പങ്കാളിയെ പരിഗണിക്കുന്നതും അവർക്കായി ചെറിയ കാര്യങ്ങൾ ചെയ്യുന്നതും വിമർശിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ചിലർ ഉയർത്തുന്നത്. സ്ത്രീകളെ ലൈംഗികവൽക്കരിക്കുന്ന ഗെയിം അനുഭവങ്ങൾ പുരുഷന്മാരുടെ ആഗ്രഹങ്ങളുമായി ചേർത്തുവായിക്കപ്പെടുമ്പോൾ, ബന്ധങ്ങളിലെ പരിഗണനയും ഉത്തരവാദിത്തവും പ്രതിഫലിപ്പിക്കുന്ന ദൗത്യങ്ങൾക്കെതിരായ പ്രതികരണങ്ങൾ വിരോധാഭാസമാണെന്നും അവർ അഭിപ്രായപ്പെടുന്നു.

വിമർശനങ്ങൾക്ക് മറുപടിയായി മറ്റൊരു വിഭാഗം ഗെയിമർമാരും രംഗത്തെത്തി. ഗെയിമിലെ പങ്കാളിയെ ബഹുമാനത്തോടെ പരിഗണിക്കേണ്ടി വരുമ്പോൾ ചില പുരുഷന്മാർ സമൂഹമാധ്യമങ്ങളിൽ അസ്വസ്ഥരാകുന്നത് കാണാൻ രസമുണ്ടെന്നായിരുന്നു ഇവരുടെ പരിഹാസം. പങ്കാളിക്കായി ചെറിയ കാര്യങ്ങൾ ചെയ്യുന്നതിനെ പോലും വലിയ പ്രശ്നമായി കാണുന്നതെന്തിനെന്നും അവർ പ്രതികരിച്ചു.

ഈ ചർച്ച ഗെയിമിങ് ലോകത്തെ സ്ത്രീകളുടെ പങ്കാളിത്തത്തിലേക്കും ശ്രദ്ധ തിരിക്കുന്നുണ്ട്. അമേരിക്കയിലെ വീഡിയോ ഗെയിം കളിക്കാരിൽ 46 ശതമാനവും സ്ത്രീകളാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 9.8 കോടി സ്ത്രീകൾ ഗെയിമിങ് രംഗത്തുണ്ടെങ്കിലും പതിറ്റാണ്ടുകളായി ഗെയിമുകൾ പ്രധാനമായും പുരുഷന്മാരെ ലക്ഷ്യമിട്ടാണ് വിപണനം ചെയ്യപ്പെട്ടിരുന്നത്. കളിക്കാരുടെ എണ്ണത്തിൽ സ്ത്രീകൾ വലിയ പങ്കുവഹിക്കുമ്പോഴും ഗെയിമുകളിലെ കഥകളിലും കഥാപാത്രങ്ങളിലും അവരുടെ സാന്നിധ്യം എത്രത്തോളം പ്രതിഫലിക്കുന്നുണ്ടെന്ന ചോദ്യം പ്രസക്തമാകുന്നു.

ഒരു ഗെയിമിൽ സ്ത്രീ കഥാപാത്രം പ്രധാന വേഷത്തിലെത്തുന്നത് മാത്രം വലിയ മാറ്റമായി കാണാനാകില്ല, ഗെയിമുകളിലെ നായകസ്ഥാനവും കഥയുടെ ദിശയും തീരുമാനിക്കുന്നത് ആരാണ് എന്ന ചോദ്യമാണ് പ്രധാനം.

Grand Theft Auto is drawing attention for its unusual new missions, where Jason is seen doing household tasks and bringing flowers to Lucia. The shift from pure action to relationship-focused gameplay has sparked debate online, with critics and supporters arguing over gender roles, representation, and player expectations.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392950/gta-romance-missions-jason-lucia)