---
title: "മിനി കൂപ്പർ അപകടം: സുഹൈലിന്റെ അറസ്റ്റ്‌ എക്സൈസ് രേഖപ്പെടുത്തി; നടപടി 23 വയസിന് താഴെയുള്ളയാൾ മദ്യം കഴിച്ചതിൽ"
english_title: "Excise records arrest of Suhail Sajeev in Nedumbassery accident case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392941/nedumbassery-accident-suhail-sajeev-arrest"
published_at: "2026-11-24T08:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b04fc904328c_nedumbassery-accident-suhail-sajeev-arrest.jpg"
keywords: ["NedumbasseryAccident", "SuhailSajeev", "ExciseAction", "KeralaNews", "MiniCooperAccident"]
---

# മിനി കൂപ്പർ അപകടം: സുഹൈലിന്റെ അറസ്റ്റ്‌ എക്സൈസ് രേഖപ്പെടുത്തി; നടപടി 23 വയസിന് താഴെയുള്ളയാൾ മദ്യം കഴിച്ചതിൽ

> **Lead Summary:** എറണാകുളം: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനി കൂപ്പര്‍ അപകടക്കേസില്‍ മുഖ്യപ്രതി സുഹൈല്‍ സജീവിന്റെ അറസ്റ്റ് എക്‌സൈസ് രേഖപ്പെടുത്തി. 23 വയസില്‍ താഴെയുള്ളയാള്‍ മദ്യം കഴിച്ചതിനാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

## Article Content

എറണാകുളം: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനി കൂപ്പര്‍ അപകടക്കേസില്‍ മുഖ്യപ്രതി സുഹൈല്‍ സജീവിന്റെ അറസ്റ്റ് എക്‌സൈസ് രേഖപ്പെടുത്തി. 23 വയസില്‍ താഴെയുള്ളയാള്‍ മദ്യം കഴിച്ചതിനാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

ജാമ്യത്തില്‍ ഇറങ്ങിയ സുഹൈല്‍ എക്‌സൈസ് ഓഫീസില്‍ ഹാജരായപ്പോഴാണ് നടപടി. മദ്യപിച്ചതുമായി ബന്ധപ്പെട്ട് ഒരു ബാറില്‍ നിന്ന് മാത്രം ഏകദേശം 4500 രൂപയുടെ ബില്ല് ഇയാള്‍ക്ക് വന്നിരുന്നുവെന്ന് എക്‌സൈസ് കണ്ടെത്തിയിരുന്നു. അതിനൊപ്പം അവിടെയുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു.

അബ്കാരി ആക്റ്റ് പ്രകാരമാണ് കേസ്. സുഹൈല്‍ സജീവ് കഴിഞ്ഞ ആഴ്ചയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. പുറത്തിറങ്ങി രണ്ട് ദിവസത്തിന് ശേഷമാണ് ഇയാള്‍ എക്‌സൈസിന് മുന്നില്‍ ഹാജരായത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു.

കാക്കനാട് ബോസ്റ്റല്‍ സ്‌കൂളില്‍ നിന്നാണ് സുഹൈല്‍ സജീവ് പുറത്തിറങ്ങിയത്. 36 ദിവസങ്ങള്‍ക്ക് ശേഷമാണ് മോചിതനായത്. കേസില്‍ സുഹൈലിനൊപ്പം അറസ്റ്റിലായ ജോയല്‍ എസ്. ആന്റോ, നിനവ്, അമീന്‍ ഷാ എന്നിവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. 10 ദിവസത്തിനുശേഷം മാത്രമേ സുഹൈലിനെ മോചിപ്പിക്കാവു എന്ന കോടതി വ്യവസ്ഥയെ തുടര്‍ന്നാണ് പിന്നീട് പുറത്തിറങ്ങിയത്.

മജിസ്‌ട്രേറ്റ് കോടതിയും ജില്ലാ കോടതിയും നേരത്തെ സുഹൈലിന്റെ ജാമ്യ അപേക്ഷ തള്ളിയിരുന്നു. പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഒക്ടോബര്‍ 11ന് പുലര്‍ച്ചെ നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡിലാണ് അപകടം നടന്നത്.

സുഹൈല്‍ സജീവ് മദ്യപിച്ച് ഓടിച്ച വാഹനം ഇടിച്ചാണ് മൂന്ന് പേര്‍ മരിച്ചത്. കേസില്‍ സുഹൈലിനെതിരെ നരഹത്യാ കുറ്റവും ഒപ്പം ഉണ്ടായിരുന്ന മറ്റു മൂന്നുപേര്‍ക്കെതിരെ പ്രേരണ കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്. ഈ മാസം അവസാനത്തോടെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Excise officials recorded the arrest of Suhail Sajiv in the Nedumbassery mini Cooper crash case that killed three people. The action was taken after he appeared before the department following his release on bail, with the case booked under the Abkari Act.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392941/nedumbassery-accident-suhail-sajeev-arrest)