---
title: "ചക്കക്കൊമ്പൻ ദൗത്യം ഊർജിതം; കുങ്കികൾ ഇന്നിറങ്ങും, മേഖലയിൽ വിനോദ സഞ്ചാരത്തിന് നിരോധനം, നിരോധനാജ്ഞ"
english_title: "Chakkakomban Mission Intensifies; Kumkis to Arrive Today, Tourism Banned"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392940/chakkakomban-mission-kumkis-tourism-ban"
published_at: "2026-11-24T08:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b04fa75d8d75_chakkakomban-mission-kumkis-tourism-ban.jpg"
keywords: ["MissionChakkakomban", "Chinnakanal", "IdukkiNews", "KeralaForest", "KumkiElephants"]
---

# ചക്കക്കൊമ്പൻ ദൗത്യം ഊർജിതം; കുങ്കികൾ ഇന്നിറങ്ങും, മേഖലയിൽ വിനോദ സഞ്ചാരത്തിന് നിരോധനം, നിരോധനാജ്ഞ

> **Lead Summary:** ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാലിലും ശാന്തൻപാറയിലും ഭീതി പരത്തുന്ന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം ഇന്ന് ഊർജിതമാകും. ഇതിനായി വയനാട്ടിൽ നിന്ന് രണ്ട് കുങ്കിയാനകളും 20 അംഗ സംഘവും ചിന്നക്കനാലിൽ എത്തി.

## Article Content

ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാലിലും ശാന്തൻപാറയിലും ഭീതി പരത്തുന്ന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം ഇന്ന് ഊർജിതമാകും. ഇതിനായി വയനാട്ടിൽ നിന്ന് രണ്ട് കുങ്കിയാനകളും 20 അംഗ സംഘവും ചിന്നക്കനാലിൽ എത്തി.

വനംവകുപ്പിന്റെ നിരവധി ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുള്ള വിക്രം, ഭരത് എന്നീ കുങ്കികളാണ് ഈ ദൗത്യത്തിൽ പങ്കെടുക്കുന്നത്. ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കാനാണ് നിലവിലെ തീരുമാനം.

ഇന്ന് കുങ്കികൾ പ്രദേശത്ത് പട്രോളിംഗ് നടത്തും. സൗകര്യപ്രദമായ സ്ഥലത്ത് ആനയെ കണ്ടെത്താനായാൽ ബുധനാഴ്ചയോ വ്യാഴാഴ്ചയോ മയക്കുവെടി വെക്കും. ഇതിനായി നാളെ മേഖലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പഞ്ചായത്തിലെ 1, 2, 9, 10, 11, 12 വാർഡുകളിലാണ് നിരോധനാജ്ഞ ബാധകമാകുക.

ഇന്ന് മുതൽ മൂന്ന് ദിവസം വിനോദസഞ്ചാരത്തിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് സ്വകാര്യ ഡ്രോൺ പറത്തുന്നതിനും വിലക്കുണ്ട്. അതേസമയം ഇന്നലെയും ചക്കക്കൊമ്പൻ ജനവാസ മേഖലയിലേക്ക് ഇറങ്ങിയതോടെ നാട്ടുകാർക്കിടയിൽ ആശങ്ക ശക്തമായി.

പകൽ മുഴുവൻ ജനവാസ മേഖലയ്ക്ക് സമീപം ആന ഉണ്ടായിരുന്നുവെന്നും വ്യാപകമായി കൃഷി നശിപ്പിച്ചുവെന്നും റിപ്പോർട്ടുണ്ട്. റേഡിയോ കോളർ ഘടിപ്പിച്ച് ആനയെ തിരികെ ചിന്നക്കനാലിൽ തന്നെ വിടാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവും തുടരുകയാണ്. ഇതിന്റെ ഭാഗമായി സി പി ഐ ചിന്നക്കനാലിൽ ഇന്നലെ റോഡ് ഉപരോധിച്ചിരുന്നു.

Forest officials in Idukki are set to intensify efforts to tranquillize the wild elephant Chakkakomban and fit it with a radio collar. Two kumki elephants and a 20-member team from Wayanad have reached Chinnakkanal for the operation, while restrictions have been imposed in the area.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392940/chakkakomban-mission-kumkis-tourism-ban)