---
title: "ജാമാമസ്ജിദ് സ്റ്റേഷൻ ആക്രമണം: അഞ്ച് പോലീസുകാർക്ക് കുത്തേറ്റു; നബീലിനെ വെടിവെച്ച് പിടികൂടി"
english_title: "Five Police Officers Stabbed at Jama Masjid Police Station in Delhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392890/jama-masjid-police-station-attack-delhi"
published_at: "2026-11-23T19:15:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0444c8bdec3_jama-masjid-police-station-attack-delhi.jpg"
keywords: ["DelhiCrime", "JamaMasjid", "PoliceAttack", "CrimeNews", "DelhiPolice"]
---

# ജാമാമസ്ജിദ് സ്റ്റേഷൻ ആക്രമണം: അഞ്ച് പോലീസുകാർക്ക് കുത്തേറ്റു; നബീലിനെ വെടിവെച്ച് പിടികൂടി

> **Lead Summary:** ന്യൂഡൽഹി: ജാമാമസ്ജിദ് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനിടെ അക്രമാസക്തനായ യുവാവ് അഞ്ച് പൊലീസുകാരെ കുത്തിപ്പരിക്കേൽപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടാൻ പൊലീസ് വെടിയുതിർക്കുകയും ചെയ്തു.

## Article Content

ന്യൂഡൽഹി: ജാമാമസ്ജിദ് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനിടെ അക്രമാസക്തനായ യുവാവ് അഞ്ച് പൊലീസുകാരെ കുത്തിപ്പരിക്കേൽപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടാൻ പൊലീസ് വെടിയുതിർക്കുകയും ചെയ്തു.

മാതാവും സഹോദരിയുമായി ബന്ധപ്പെട്ട കുടുംബതർക്ക കേസിൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് സ്റ്റേഷനിൽ എത്തിച്ച നബീൽ എന്നയാളാണ് ആക്രമണം നടത്തിയത്. ചോദ്യം ചെയ്യലിനിടെ പെട്ടെന്ന് കത്തി പുറത്തെടുത്ത ഇയാൾ പൊലീസുകാരുടെ മുഖത്തും കഴുത്തിലും കുത്തുകയായിരുന്നു. ആക്രമണത്തിനു പിന്നാലെ ഇയാൾ സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടു.

പുറത്തിറങ്ങിയ നബീൽ പ്രദേശത്തുനിന്ന് കടന്നുകളയാൻ ഒരു ഇരുചക്രവാഹനം മോഷ്ടിച്ചതായും പൊലീസ് അറിയിച്ചു. പിന്നാലെ സെൻട്രൽ ഡിസ്ട്രിക്റ്റ് ഓപ്പറേഷൻസ് യൂണിറ്റിന്റെ സംഘം സമീപ പ്രദേശത്ത് ഇയാളെ കണ്ടെത്തി. പിടികൂടാൻ ശ്രമിക്കുമ്പോൾ വീണ്ടും പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതോടെ പ്രതിയെ തടയാൻ വെടിയുതിർക്കേണ്ടി വന്നു.

വെടിവെപ്പിൽ പരിക്കേറ്റ നബീലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ പൊലീസുകാരെ ഉടൻ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്ന് പൊലീസുകാരുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് അവരെ കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെയും ചികിത്സയ്ക്കായി അതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392890/jama-masjid-police-station-attack-delhi)