---
title: "ഒരു ഹോട്ടലിൽനിന്ന് മാത്രം 36,000 രൂപയുടെ ഭക്ഷണം കഴിച്ചു; പതിനഞ്ചിലധികം ഹോട്ടലുകളിൽ പരിശോധനാ നാടകം, വ്യാജ ഉദ്യോഗസ്ഥൻ പിടിയിൽ"
english_title: "Man arrested for posing as food safety officer and duping hotels"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392774/mohan-babu-arrest-food-safety-officer-thrissur"
published_at: "2026-11-23T07:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b039f83b7ec1_mohan-babu-arrest-food-safety-officer-thrissur.jpg"
keywords: ["MohanBabu", "ThrissurPolice", "FoodSafety", "HotelScam", "KeralaCrime"]
---

# ഒരു ഹോട്ടലിൽനിന്ന് മാത്രം 36,000 രൂപയുടെ ഭക്ഷണം കഴിച്ചു; പതിനഞ്ചിലധികം ഹോട്ടലുകളിൽ പരിശോധനാ നാടകം, വ്യാജ ഉദ്യോഗസ്ഥൻ പിടിയിൽ

> **Lead Summary:** തൃശ്ശൂർ : തൃശ്ശൂരിൽ ഫുഡ് സേഫ്റ്റി ഓഫീസറായും ഹെൽത്ത് ഇൻസ്പെക്ടറായും ചമഞ്ഞ് ഹോട്ടലുകളിൽ പരിശോധന നടത്തി ഭക്ഷണവും പണവും തട്ടിയെടുത്തെന്ന പരാതിയിൽ ഒരാൾ അറസ്റ്റിലായി. വടക്കേക്കാട് വന്നേരിപ്പാട്ട് വീട്ടിൽ മോഹൻബാബുവിനെയാണ് തൃശ്ശൂർ വെസ്റ്റ് പോലീസ് പിടികൂടിയത്.

## Article Content

തൃശ്ശൂർ : തൃശ്ശൂരിൽ ഫുഡ് സേഫ്റ്റി ഓഫീസറായും ഹെൽത്ത് ഇൻസ്പെക്ടറായും ചമഞ്ഞ് ഹോട്ടലുകളിൽ പരിശോധന നടത്തി ഭക്ഷണവും പണവും തട്ടിയെടുത്തെന്ന പരാതിയിൽ ഒരാൾ അറസ്റ്റിലായി. വടക്കേക്കാട് വന്നേരിപ്പാട്ട് വീട്ടിൽ മോഹൻബാബുവിനെയാണ് തൃശ്ശൂർ വെസ്റ്റ് പോലീസ് പിടികൂടിയത്.

എഫ്.എസ്.എസ്.ഐ. ഉദ്യോഗസ്ഥനും ഹെൽത്ത് ഇൻസ്പെക്ടറുമാണെന്ന് പറഞ്ഞ് ഇയാൾ ജില്ലയിലെ പതിനഞ്ചിലധികം ഹോട്ടലുകളിൽ എത്തിയതായാണ് പോലീസ് പറയുന്നത്. പരിശോധനയുടെ മറവിൽ ഭക്ഷണം കഴിക്കുകയും പിന്നീട് പണം നൽകാതെ മുങ്ങുകയും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്തതായും ആരോപണമുണ്ട്.

ചാവക്കാട് മേഖലയിലെ ഒരു ഹോട്ടലിൽനിന്ന് മാത്രം 36,000 രൂപയുടെ ഭക്ഷണം ഇയാൾ കഴിച്ചതായാണ് വിവരം. വടക്കേക്കാട്, പുന്നയൂർക്കുളം ഭാഗങ്ങളിലെ ഹോട്ടലുകളിൽ സ്ഥിരമായി എത്തി സൗഹൃദം സ്ഥാപിച്ച് ഭക്ഷണം കഴിച്ച ശേഷം പണം പിന്നീട് നൽകാമെന്ന് പറഞ്ഞ് വൻതുക കടമാക്കിയതായും പരാതിയുണ്ട്.

പുന്നയൂർക്കുളം ആൽത്തറയിലെ അമ്പാടി ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച ശേഷം പണം ചോദിച്ചപ്പോൾ നൽകിയ ചെക്ക് അക്കൗണ്ടിൽ പണമില്ലാതെ മടങ്ങിയതായും പരാതിക്കാർ പറയുന്നു. ചെറുതും വലുതുമായ നിരവധി തുകകൾ പല ഹോട്ടലുകളിലും നൽകാനുണ്ടെന്നും ആരോപണമുണ്ട്.

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ പരാതിയെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. കൂടുതൽ പരാതികൾ ഉണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

A man identified as Mohanbabu has been arrested in Thrissur for allegedly posing as a food safety officer and health inspector to cheat hotels. Police say he visited more than 15 hotels, ate food without paying, and extorted money from some establishments.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392774/mohan-babu-arrest-food-safety-officer-thrissur)