---
title: "ശബരിമല തീർത്ഥാടകരുടെ ശ്രദ്ധയ്ക്ക്; മലകയറുമ്പോൾ പാലിക്കേണ്ട പ്രധാന നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്"
english_title: "Sabarimala Health Advisory: Key Rules for Pilgrims on the Climb"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392718/sabarimala-health-advisory-pilgrims-climb"
published_at: "2026-11-22T14:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b02af8be7d12_sabarimala-health-advisory-pilgrims-climb.jpg"
keywords: ["SabarimalaNews", "KeralaNews", "HealthGuidelines", "PilgrimsSafety", "DevaswomBoard", "Sabarimala", "HealthAdvisory", "PilgrimageSafety", "HeartHealth"]
---

# ശബരിമല തീർത്ഥാടകരുടെ ശ്രദ്ധയ്ക്ക്; മലകയറുമ്പോൾ പാലിക്കേണ്ട പ്രധാന നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്

> **Lead Summary:** ** ശ**ബരിമല അയ്യപ്പദർശനത്തിന് എത്തുന്ന ഭക്തർ മലകയറുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്. കഠിനമായ മലകയറ്റത്തിനിടെ ആരോഗ്യവകുപ്പും ആരോഗ്യപ്രവർത്തകരും നൽകുന്ന നിർദ്ദേശങ്ങൾ നിർബന്ധമായും അനുസരിക്കണമെന്ന് അധികൃതർ അറിയിച്ചു.

## Article Content

** ശ**ബരിമല അയ്യപ്പദർശനത്തിന് എത്തുന്ന ഭക്തർ മലകയറുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്. കഠിനമായ മലകയറ്റത്തിനിടെ ആരോഗ്യവകുപ്പും ആരോഗ്യപ്രവർത്തകരും നൽകുന്ന നിർദ്ദേശങ്ങൾ നിർബന്ധമായും അനുസരിക്കണമെന്ന് അധികൃതർ അറിയിച്ചു.

ഹൃദ്രോഗമുള്ളവർ തീർഥാടനത്തിന് മുമ്പ് പരിശോധന നടത്തി യാത്രയ്ക്കുള്ള ആരോഗ്യാനുമതി ഡോക്ടറിൽ നിന്ന് വാങ്ങണം. അടുത്തിടെ ഹൃദയാഘാതം, ഹൃദയശസ്ത്രക്രിയ, ആൻജിയോപ്ലാസ്റ്റി, ഹൃദയസ്തംഭനം എന്നിവ ഉണ്ടായിട്ടുള്ളവർ വിദഗ്ധ ഡോക്ടറുടെ നിർദ്ദേശമില്ലാതെ മല കയറരുതെന്നും ആരോഗ്യവകുപ്പ് പറഞ്ഞു. ജീവിതശൈലി രോഗങ്ങൾ നിയന്ത്രണത്തിലാണെന്ന് ഉറപ്പാക്കണം. ഉപയോഗിക്കുന്ന മരുന്നുകൾ കൃത്യമായി തുടരുകയും ആവശ്യമായ മരുന്നുകളും കുറിപ്പടിയും കൈവശം വയ്ക്കുകയും വേണം.

ശാരീരികശേഷിക്കനുസരിച്ച് മാത്രം മലകയറാനും അമിതവേഗവും കഠിനാധ്വാനവും ഒഴിവാക്കാനും നിർദ്ദേശം ഉണ്ട്. ഇടയ്ക്കിടെ വിശ്രമിക്കണം. ധാരാളം വെള്ളം കുടിക്കണം. ഹൃദയസ്തംഭനം മൂലം വെള്ളത്തിന് നിയന്ത്രണമുള്ളവർ ഡോക്ടറുടെ നിർദേശം പാലിക്കണം. ഭക്ഷണം ഒഴിവാക്കി മലകയറരുത്. തിരക്കിനിടയിൽ തള്ളിക്കയറുന്നതും ഓടുന്നതും ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.

നെഞ്ചുവേദനയോ ശ്വാസംമുട്ടലോ അനുഭവപ്പെട്ടാൽ ഉടൻ യാത്ര നിർത്തി വൈദ്യസഹായം തേടണം. നെഞ്ചിൽ വേദന, ഭാരം, മുറുക്കം, അസ്വസ്ഥത, അമിതവിയർപ്പ്, തലകറക്കം, ബോധക്ഷയം, ഹൃദയമിടിപ്പിലെ അസാധാരണ മാറ്റം, പെട്ടെന്നുള്ള അമിതക്ഷീണം, കൈകളിലേക്കോ താടിയെല്ലിലേക്കോ പുറംഭാഗത്തേക്കോ പടരുന്ന വേദന എന്നിവ ഹൃദയസംബന്ധമായ അടിയന്തരാവസ്ഥയായി കണക്കാക്കണമെന്നും ആരോഗ്യവകുപ്പ് പറഞ്ഞു.

ഉടൻ തന്നെ നടത്തം നിർത്തി സുരക്ഷിതമായ സ്ഥലത്ത് വിശ്രമിക്കണം. ഏറ്റവും അടുത്തുള്ള അടിയന്തര വൈദ്യസഹായ കേന്ദ്രത്തിന്റെ സഹായം തേടുകയും ആവശ്യമെങ്കിൽ ആംബുലൻസ് സേവനം ഉപയോഗിച്ച് ആശുപത്രിയിലെത്തിക്കുകയും വേണം. അടിയന്തര ആവശ്യത്തിന് 04735 203232 എന്ന നമ്പറിൽ വിളിക്കാമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, ഭക്തർക്ക് തളർച്ച അകറ്റാൻ ദേവസ്വം ബോർഡ് ചുക്കുവെള്ളവും ബിസ്‌ക്കറ്റും വിതരണം ചെയ്യുന്നുണ്ട്. പതിനെട്ടാം പടിക്ക് താഴെ നടപന്തലിൽ ഇതിനായി ആളുകളെ നിയോഗിച്ചിട്ടുണ്ട്. നിലവിൽ 10 ലക്ഷം ബിസ്‌കറ്റ് പാക്കറ്റുകൾ വാങ്ങി സൂക്ഷിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കിൽ കൂടുതൽ എത്തിക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

The Health Department has issued strict guidelines for pilgrims climbing to Sabarimala, urging those with heart conditions or other illnesses to seek medical clearance before the trek. Officials also advised devotees to avoid overexertion, stay hydrated, rest when needed and seek immediate help if they experience chest pain or breathlessness.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392718/sabarimala-health-advisory-pilgrims-climb)