---
title: "വൈദ്യുതി മന്ത്രി പങ്കെടുത്ത പരിപാടിക്കിടെ കറന്റ് പോയി; സബ് എഞ്ചിനീയറെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ശക്തം"
english_title: "Protest Grows Over Suspension of Sub-Engineer After Power Outage at Sunny Joseph Event"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392705/sunny-joseph-event-power-outage-suspension-NEW-"
published_at: "2026-11-22T12:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b029893ad48c_sunny-joseph-event-power-outage-suspension-NEW-.jpg"
keywords: ["KSEB", "PowerOutage", "SunnyJoseph", "Suspension", "Kannur"]
---

# വൈദ്യുതി മന്ത്രി പങ്കെടുത്ത പരിപാടിക്കിടെ കറന്റ് പോയി; സബ് എഞ്ചിനീയറെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ശക്തം

> **Lead Summary:** **കണ്ണൂർ: **വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ സബ് എഞ്ചിനീയറെ സസ്പെൻഡ് ചെയ്തതിനെതിരെ കെ.എസ്.ഇ.ബി ജീവനക്കാർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. ഏകപക്ഷീയമായ സസ്പെൻഷൻ ഉത്തരവ് ഉടൻ പിൻവലിച്ച് ജീവനക്കാരുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കണമെന്ന് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

## Article Content

**കണ്ണൂർ: **വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ സബ് എഞ്ചിനീയറെ സസ്പെൻഡ് ചെയ്തതിനെതിരെ കെ.എസ്.ഇ.ബി ജീവനക്കാർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. ഏകപക്ഷീയമായ സസ്പെൻഷൻ ഉത്തരവ് ഉടൻ പിൻവലിച്ച് ജീവനക്കാരുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കണമെന്ന് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

അതേസമയം, സസ്പെൻഷൻ ശാശ്വതമല്ലെന്നും വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചു. സണ്ണി ജോസഫ് ഉദ്ഘാടകനായ സഹകരണ വകുപ്പിന്റെ റിസ്ക് ഫണ്ട് വിതരണ ചടങ്ങിനിടെയാണ് ഇന്നലെ അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയത്. വൈദ്യുതി പോയതോടെ സ്വാഗത പ്രസംഗകൻ മൈക്കില്ലാതെ സംസാരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് മന്ത്രിക്കും സംഘാടകർക്കും നാണക്കേടായിരുന്നു.

തുടർന്ന്, ചടങ്ങിൽ പങ്കെടുത്ത കണ്ണൂർ എം.എൽ.എ ടി.ഒ. മോഹനൻ കെ.എസ്.ഇ.ബി ചെയർമാന് നൽകിയ പരാതിയിലാണ് കണ്ണൂർ സെക്ഷൻ സബ് എഞ്ചിനീയർ പി.വി. സതീഷ് ബാബുവിനെ സസ്പെൻഡ് ചെയ്തത്. എന്നാൽ, വൈദ്യുതി മന്ത്രി പങ്കെടുക്കുന്ന പരിപാടിയെക്കുറിച്ച് സെക്ഷൻ ഓഫീസിൽ മുൻകൂട്ടി അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നാണ് വർക്കേഴ്സ് അസോസിയേഷന്റെ വിശദീകരണം.

കണ്ണൂർ സെക്ഷൻ പരിധിയിലെ ഒരു ഫ്ലാറ്റിന് സമീപമുള്ള എയർ ബ്രേക്ക് സ്വിച്ചിൽ തീപ്പൊരി ഉണ്ടായതിനെത്തുടർന്ന് അടിയന്തര ഫോൺ സന്ദേശം ലഭിച്ചിരുന്നു. വൻ അപകടം ഒഴിവാക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതിനാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. പത്ത് മിനിറ്റിനുള്ളിൽ തന്നെ മറ്റൊരു ലൈനിലൂടെ പ്രദേശത്ത് വൈദ്യുതി പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.

കത്തുന്ന എയർ ബ്രേക്ക് സ്വിച്ചിൽ സുരക്ഷിതമായി അറ്റകുറ്റപ്പണി നടത്തി വലിയൊരു അപകടം ഒഴിവാക്കാനാണ് സബ് എഞ്ചിനീയർ ശ്രമിച്ചത്. കൃത്യമായ മുന്നൊരുക്കങ്ങളില്ലാതെ പരിപാടി സംഘടിപ്പിച്ചവരുടെ വീഴ്ചയ്ക്ക് സത്യസന്ധമായി ജോലി ചെയ്ത ഉദ്യോഗസ്ഥനെ ബലിയാടാക്കരുതെന്നും വർക്കേഴ്സ് അസോസിയേഷൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

A protest is growing among KSEB employees after a sub-engineer was suspended over a power outage during an event attended by Power Minister Sunny Joseph. The workers’ association says the officer acted to prevent a bigger accident and should not be made a scapegoat for lapses in event planning.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392705/sunny-joseph-event-power-outage-suspension-NEW-)