---
title: "'ഒളിയമ്പെയ്യുന്ന ശീലം തനിക്കില്ല, കാര്യങ്ങൾ നേർക്കുനേരെയാണ്'; മന്ത്രിസഭാ വിവരച്ചോർച്ച ആരോപണം തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരൻ"
english_title: "No rifts in government, no veiled attacks: K. Muraleedharan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392702/no-rifts-in-government-veiled-attacks-NEW-"
published_at: "2026-11-22T12:25:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0292fd5dfd4_no-rifts-in-government-veiled-attacks-NEW-.jpg"
keywords: ["KeralaPolitics", "KMuraleedharan", "UDFGovernment", "CentralScheme", "Thiruvananthapuram", "CabinetMeeting", "HealthScheme", "GovernmentResponse"]
---

# 'ഒളിയമ്പെയ്യുന്ന ശീലം തനിക്കില്ല, കാര്യങ്ങൾ നേർക്കുനേരെയാണ്'; മന്ത്രിസഭാ വിവരച്ചോർച്ച ആരോപണം തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരൻ

> **Lead Summary:** **തിരുവനന്തപുരം: മ**ന്ത്രിസഭാ യോഗത്തിലെ വിവരങ്ങൾ ചോർത്തി സർക്കാർ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്ന ആരോപണം തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ഒളിയമ്പെയ്യുന്ന ശീലം തനിക്കില്ലെന്നും കാര്യങ്ങൾ നേർക്കുനേരെ മാത്രമാണ് ചെയ്യാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**തിരുവനന്തപുരം: മ**ന്ത്രിസഭാ യോഗത്തിലെ വിവരങ്ങൾ ചോർത്തി സർക്കാർ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്ന ആരോപണം തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ഒളിയമ്പെയ്യുന്ന ശീലം തനിക്കില്ലെന്നും കാര്യങ്ങൾ നേർക്കുനേരെ മാത്രമാണ് ചെയ്യാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിലും മുന്നണിയിലും തർക്കങ്ങളില്ലെന്ന് വ്യക്തമാക്കിയ മുരളീധരൻ, അനാവശ്യ വിവാദങ്ങൾക്ക് ഇനി പ്രാധാന്യം നൽകേണ്ടതില്ലെന്ന് കൂട്ടായി തീരുമാനിച്ചിട്ടുണ്ടെന്നും പറഞ്ഞു. എല്ലാ ബുധനാഴ്ചകളിലും കൃത്യമായി മന്ത്രിസഭാ യോഗം ചേരുകയും മുഖ്യമന്ത്രി തന്നെ വിവരങ്ങൾ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്യുന്ന ചിട്ടയായ സംവിധാനമാണ് സർക്കാരിന്റേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനാധിപത്യ സംവിധാനത്തിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണെന്ന് പറഞ്ഞ മന്ത്രി, പി.എസ്.സി ലിസ്റ്റുമായി ബന്ധപ്പെട്ട ചെറിയ സംശയങ്ങൾ മുഖ്യമന്ത്രി ഇടപെട്ട് അന്നുതന്നെ പരിഹരിച്ച് നിർദ്ദേശം ഗവർണർക്ക് അയച്ചതായും പറഞ്ഞു. നല്ല കാര്യങ്ങൾ ഇവിടെ ചർച്ച ചെയ്യപ്പെടാറില്ലെന്നതാണ് വാസ്തവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രമേശ് ചെന്നിത്തല അടക്കമുള്ള മുതിർന്ന നേതാക്കളുടെ നിർദ്ദേശങ്ങൾ സർക്കാർ പോസിറ്റീവായി സ്വീകരിക്കുന്നുണ്ടെന്നും, ആലപ്പുഴ മെഡിക്കൽ കോളേജ് വിഷയത്തിൽ അദ്ദേഹം നൽകിയ നല്ല നിർദ്ദേശങ്ങൾ സർക്കാർ നടപ്പിലാക്കിയിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.

അതേസമയം, കേന്ദ്ര സർക്കാരിന്റെ കുട്ടികളുടെ ആരോഗ്യ പദ്ധതിയിൽ നിന്ന് ഇടുക്കി, വയനാട് ജില്ലകളെ ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു. എല്ലാ കുട്ടികൾക്കും പദ്ധതി ലഭിക്കാൻ അവകാശമുണ്ടെന്നും എല്ലാ കുഞ്ഞുങ്ങൾക്കും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്നതാണ് സംസ്ഥാനത്തിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ മൂന്ന് തവണ കേന്ദ്രത്തിന് കത്തയച്ചെങ്കിലും മറ്റു സംസ്ഥാനങ്ങളിലും എല്ലാ ജില്ലകളും ഉൾപ്പെടുത്തിയിട്ടില്ലെന്ന മറുപടിയാണ് ആദ്യം ലഭിച്ചതെന്ന് മുരളീധരൻ വ്യക്തമാക്കി. പിന്നീട് വീണ്ടും കത്തയച്ചിട്ടും കേന്ദ്രം പ്രതികരിച്ചിട്ടില്ല. പദ്ധതി പൂർണ്ണമായും കേന്ദ്രത്തിന്റേതായതിനാൽ ബദൽ സംവിധാനം ഒരുക്കുന്നത് എളുപ്പമല്ലെന്നും അടുത്ത ക്യാബിനറ്റ് യോഗത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

K. Muraleedharan denied allegations that cabinet meeting details were leaked to damage the government’s image, saying he does not resort to veiled criticism and prefers to speak directly. He said there are no disputes within the government or the ruling front, and that the state follows a disciplined system in which the chief minister briefs the media after cabinet meetings. He also said the exclusion of Idukki and Wayanad from a central children’s health scheme was unjust and would be discussed with the chief minister.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392702/no-rifts-in-government-veiled-attacks-NEW-)