---
title: "തീർത്ഥാടകർ സഞ്ചരിച്ച വാഹനം നിർത്തിയിട്ട ട്രക്കിലേക്ക് ഇടിച്ചുകയറി; ഒരേ കുടുംബത്തിലെ ഒമ്പത് പേർക്ക് ദാരുണാന്ത്യം"
english_title: "Pilgrims’ Vehicle Rams Parked Truck, Killing 9 of One Family"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392686/pilgrims-vehicle-rams-parked-truck"
published_at: "2026-11-22T10:50:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b027c26003a2_pilgrims-vehicle-rams-parked-truck.jpg"
keywords: ["RoadAccident", "RajasthanNews", "Pilgrimage", "TruckCollision", "KotaUdaipur"]
---

# തീർത്ഥാടകർ സഞ്ചരിച്ച വാഹനം നിർത്തിയിട്ട ട്രക്കിലേക്ക് ഇടിച്ചുകയറി; ഒരേ കുടുംബത്തിലെ ഒമ്പത് പേർക്ക് ദാരുണാന്ത്യം

> **Lead Summary:** **കോട്ട: **രാജസ്ഥാനിലെ കോട്ട-ഉദയ്പൂർ ദേശീയപാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു. അപകടത്തിൽ ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ ശംഭുപുര ഗ്രാമത്തിന് സമീപമായിരുന്നു നാടിനെ നടുക്കിയ അപകടം. രാജസ്ഥാനിലെ പ്രശസ്തമായ ഖാതു ശ്യാംജി ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്.

## Article Content

**കോട്ട: **രാജസ്ഥാനിലെ കോട്ട-ഉദയ്പൂർ ദേശീയപാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു. അപകടത്തിൽ ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ ശംഭുപുര ഗ്രാമത്തിന് സമീപമായിരുന്നു നാടിനെ നടുക്കിയ അപകടം. രാജസ്ഥാനിലെ പ്രശസ്തമായ ഖാതു ശ്യാംജി ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്.

അമിതവേഗതയിലെത്തിയ തീർത്ഥാടക സംഘത്തിന്റെ വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മഹാരാഷ്ട്രയിലെ ഒരു കുടുംബത്തിൽ നിന്നുള്ള 15 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഉഷാ ഭായ്, സുശീല, കൈലാഷ്, സാൺവി, സജ്ജൻ, അനിത, ബാബുലാൽ, ജാഹ്നവി, മാധവി എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു.

വിവരമറിഞ്ഞ ഉടൻ സിറ്റി പൊലീസ് സൂപ്രണ്ട് തേജസ്വിനി ഗൗതം, അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. പൂർണ്ണമായും തകർന്ന വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്നവരെ പൊലീസും രക്ഷാസേനയും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.

ഗുരുതരമായി പരിക്കേറ്റ ആറുപേരെയും ആംബുലൻസിൽ കോട്ടയിലെ ന്യൂ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരെല്ലാം നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പരിക്കേറ്റവർക്ക് അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആശുപത്രിയിൽ പ്രത്യേക മെഡിക്കൽ സംഘത്തെ സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

A tragic road accident on the Kota-Udaipur National Highway in Rajasthan killed nine members of the same family and left six others seriously injured. The pilgrims were returning from the Khatu Shyamji temple when their vehicle crashed into a parked truck, with police suspecting the driver may have fallen asleep.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392686/pilgrims-vehicle-rams-parked-truck)