---
title: "'മൂർഖനായാലും പെരുമ്പാമ്പായാലും 500 രൂപ'; ഓരോ പാമ്പിനും സഹായധനം, വേറിട്ട തീരുമാനവുമായി പള്ളിക്കൽ പഞ്ചായത്ത്"
english_title: "Pallickal Panchayat to give Rs 500 aid to snake catchers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392670/pallickal-panchayat-snake-catcher-aid"
published_at: "2026-11-22T08:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b025a10c7681_pallickal-panchayat-snake-catcher-aid.jpg"
keywords: ["PallickalPanchayat", "SnakeCatchers", "KeralaNews", "LocalBody", "WildlifeSafety"]
---

# 'മൂർഖനായാലും പെരുമ്പാമ്പായാലും 500 രൂപ'; ഓരോ പാമ്പിനും സഹായധനം, വേറിട്ട തീരുമാനവുമായി പള്ളിക്കൽ പഞ്ചായത്ത്

> **Lead Summary:** പള്ളിക്കൽ: പള്ളിക്കൽ പഞ്ചായത്തിൽ ഇനി പാമ്പുപിടിത്തക്കാർക്ക് ഓരോ പാമ്പിനും 500 രൂപ സഹായധനം ലഭിക്കും. വീടിനുള്ളിലോ പരിസരത്തോ പാമ്പ് കണ്ടാൽ, വനംവകുപ്പിന്റെ അംഗീകൃത ലൈസൻസുള്ള പാമ്പുപിടിത്തക്കാരെ വിളിക്കാമെന്നാണ് പഞ്ചായത്തിന്റെ അറിയിപ്പ്.

## Article Content

പള്ളിക്കൽ: പള്ളിക്കൽ പഞ്ചായത്തിൽ ഇനി പാമ്പുപിടിത്തക്കാർക്ക് ഓരോ പാമ്പിനും 500 രൂപ സഹായധനം ലഭിക്കും. വീടിനുള്ളിലോ പരിസരത്തോ പാമ്പ് കണ്ടാൽ, വനംവകുപ്പിന്റെ അംഗീകൃത ലൈസൻസുള്ള പാമ്പുപിടിത്തക്കാരെ വിളിക്കാമെന്നാണ് പഞ്ചായത്തിന്റെ അറിയിപ്പ്.

നിയമപരമായും സുരക്ഷിതമായും പാമ്പുകളെ പിടികൂടി സ്വാഭാവിക ആവാസവ്യവസ്ഥയിൽ വിട്ടയക്കുന്നവർക്കാണ് ഈ തുക നൽകുക. ഏതു പാമ്പിനെ പിടിച്ചാലും സഹായധനം ലഭിക്കും. തുക കാലാനുസൃതമായി കൂട്ടിക്കൊടുക്കുമെന്നും പഞ്ചായത്ത് അറിയിച്ചു.

പള്ളിക്കൽ പഞ്ചായത്തിലെ നെടുങ്ങോട്ടുമാട് വാർഡംഗം മുസ്തഫ പള്ളിക്കൽ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണസമിതി തീരുമാനം എടുത്തത്. നിലവിൽ പൊതുവിടങ്ങളിൽ ചത്തുകിടക്കുന്ന നായ്‌ക്കളെ മറവുചെയ്യാൻ മാത്രമാണ് പഞ്ചായത്ത് സഹായം അനുവദിക്കുന്നത്.

വിഷപ്പാമ്പുകൾ, പെരുമ്പാമ്പുകൾ തുടങ്ങിയവയെ പിടികൂടി നിയമാനുസൃതമായി മോചിപ്പിക്കാൻ പാമ്പുപിടിത്തക്കാരെ ആശ്രയിക്കേണ്ട സാഹചര്യമുണ്ടെന്ന് പഞ്ചായത്ത് ചൂണ്ടിക്കാട്ടി. യാത്രാച്ചെലവ്, പാമ്പുകൾക്കുള്ള ഭക്ഷണം, സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള ചെലവ് എന്നിവ വിളിച്ചുവരുത്തുന്നവർ വഹിക്കേണ്ടിവരുന്നതും പലർക്കും ഭാരമാകുന്നുണ്ടെന്നും പറയുന്നു.

നിർധന കുടുംബങ്ങൾക്കിത് വലിയ ബുദ്ധിമുട്ടാണെന്ന് വിലയിരുത്തിയാണ് സഹായധനം നൽകാൻ തീരുമാനിച്ചത്. പദ്ധതി ഉടൻ നിലവിൽവരും. യോഗത്തിൽ പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി. സാബിറ അധ്യക്ഷയായി.

വൈസ് പ്രസിഡന്റ് കെ.പി. സക്കീർ, സ്ഥിരംസമിതി അധ്യക്ഷരായ കെ.പി. മുസ്തഫ തങ്ങൾ, കെ.പി. ഖൈറുന്നീസ, പി.എ. നഫീസ റിൻസി, സെക്രട്ടറി ഒ. വിനോദ്കുമാർ എന്നിവർ പങ്കെടുത്തു.

Pallikkal Panchayat has decided to provide ₹500 as assistance for each snake caught by licensed snake catchers. The aid will be given for any snake, including venomous species and pythons, if they are safely captured and released into their natural habitat.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392670/pallickal-panchayat-snake-catcher-aid)