---
title: "'ഭാര്യ വിഷം കഴിച്ചെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു; പക്ഷേ ശരീരത്തിലെ പാടുകൾ കണ്ട് ഡോക്ടർമാർക്ക് സംശയം'; മൂന്നാറിൽ 24കാരിയുടെ കൊലപാതകത്തിൽ ഭർത്താവ് അറസ്റ്റിൽ"
english_title: "Munnar Murder: Husband Arrested for Strangling Wife Over Suspicion"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392665/munnar-husband-arrested-wife-strangling-death"
published_at: "2026-11-22T07:53:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0252dcc70c1_munnar-husband-arrested-wife-strangling-death.jpg"
keywords: ["MunnarMurder", "KeralaCrime", "JageshwarKumar", "KavitaBora", "CrimeNews"]
---

# 'ഭാര്യ വിഷം കഴിച്ചെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു; പക്ഷേ ശരീരത്തിലെ പാടുകൾ കണ്ട് ഡോക്ടർമാർക്ക് സംശയം'; മൂന്നാറിൽ 24കാരിയുടെ കൊലപാതകത്തിൽ ഭർത്താവ് അറസ്റ്റിൽ

> **Lead Summary:** മൂന്നാറിൽ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവ് അറസ്റ്റിലായി. അസം ഡപോറ നാഗോൺ സ്വദേശിനിയായ കവിതാ ബോറ യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഝാർഖണ്ഡ് സ്വദേശി ജെഗേശ്വർ കുമാർ പോലീസ് പിടിയിലായി.

## Article Content

മൂന്നാറിൽ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവ് അറസ്റ്റിലായി. അസം ഡപോറ നാഗോൺ സ്വദേശിനിയായ കവിതാ ബോറ യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഝാർഖണ്ഡ് സ്വദേശി ജെഗേശ്വർ കുമാർ പോലീസ് പിടിയിലായി.

സംശയത്തിന്റെ പേരിലാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. കവിത അടുത്തിടെ സഹോദരനോടൊപ്പം മുംബൈയിൽ പോയത് ചോദ്യം ചെയ്ത് ജെഗേശ്വർ വഴക്കിട്ടിരുന്നുവെന്നും, ഇതേ ചൊല്ലി ഇരുവരും തമ്മിൽ തർക്കം തുടർന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. കെ.ഡി.എച്ച്.പി. കമ്പനി പെരിയവര എസ്റ്റേറ്റിലെ ചോലമല ഡിവിഷനിൽ തൊഴിലാളികളായിരുന്നു ഇരുവരും.

എസ്റ്റേറ്റിൽ ബന്ധുക്കളോടൊപ്പം കഴിഞ്ഞിരുന്ന ദമ്പതികൾ കഴിഞ്ഞ ബുധനാഴ്ച രാത്രി മൂന്നാർ ടൗണിലെ സ്വകാര്യ റിസോർട്ടിലാണ് മുറിയെടുത്തത്. അവിടെയും വഴക്ക് തുടർന്നു. ഇതിനിടെ ജെഗേശ്വർ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്.

തുടർന്ന് സുഹൃത്തിനെ വിളിച്ചുവരുത്തി കവിത വിഷം കഴിച്ചതാണെന്ന് അറിയിച്ചു. സുഹൃത്തിന്റെ സഹായത്തോടെ കവിതയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും അവിടെയും വിഷം കഴിച്ചതായാണ് പറഞ്ഞതെന്നും പോലീസ് അറിയിച്ചു. പക്ഷേ പരിശോധനയിൽ വിഷം കഴിച്ചതിന്റെ ലക്ഷണം കണ്ടില്ല. ശരീരത്തിൽ ബലപ്രയോഗത്തിന്റെ പാടുകൾ കണ്ടെത്തിയതോടെ ഡോക്ടർമാർക്ക് സംശയം തോന്നി ആശുപത്രി അധികൃതർ മൂന്നാർ പോലീസിനെ വിവരം അറിയിച്ചു.

ആശുപത്രിയിലെത്തിയ പോലീസ് ജെഗേശ്വറിനോട് സംസാരിച്ചപ്പോഴാണ് സംഭവം മറനീക്കി പുറത്തുവന്നത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. രണ്ടുവർഷം മുൻപാണ് ഇരുവരും വിവാഹിതരായത്.

A man has been arrested in Munnar in connection with the alleged strangling death of his wife, Kavitha Bora, a native of Assam. Police said the couple had been arguing over suspicions about her recent trip to Mumbai, and the case came to light after hospital staff noticed signs of assault rather than poisoning.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392665/munnar-husband-arrested-wife-strangling-death)