---
title: "ശബരിമല വെർച്വൽ ക്യൂ: ബുക്ക് ചെയ്ത ദിവസം എത്തിയില്ലെങ്കിൽ വീണ്ടും സ്ലോട്ട് കിട്ടില്ല, കടുത്ത നിയന്ത്രണം വരുന്നു"
english_title: "Sabarimala Virtual Queue: No new slot if darshan is missed on booked day"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392661/sabarimala-virtual-queue-no-new-slot-if-missed"
published_at: "2026-11-22T07:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0247129e786_sabarimala-virtual-queue-no-new-slot-if-missed.jpg"
keywords: ["SabarimalaVirtualQueue", "Sabarimala", "DevaswomBoard", "KeralaNews", "TempleNews"]
---

# ശബരിമല വെർച്വൽ ക്യൂ: ബുക്ക് ചെയ്ത ദിവസം എത്തിയില്ലെങ്കിൽ വീണ്ടും സ്ലോട്ട് കിട്ടില്ല, കടുത്ത നിയന്ത്രണം വരുന്നു

> **Lead Summary:** പത്തനംതിട്ട: ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിൽ കടുത്ത നിയന്ത്രണം വരുന്നു. ബുക്ക് ചെയ്ത ദിവസം ദർശനത്തിന് എത്തിയില്ലെങ്കിൽ പിന്നീട് വീണ്ടും സ്ലോട്ട് ലഭിക്കില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

## Article Content

പത്തനംതിട്ട: ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിൽ കടുത്ത നിയന്ത്രണം വരുന്നു. ബുക്ക് ചെയ്ത ദിവസം ദർശനത്തിന് എത്തിയില്ലെങ്കിൽ പിന്നീട് വീണ്ടും സ്ലോട്ട് ലഭിക്കില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

അയൽ സംസ്ഥാനങ്ങളിലെ ട്രാവൽ ഏജൻസികൾ ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചുവിൽക്കുന്നത് തടയാനാണ് നടപടി. ബുക്ക് ചെയ്ത ദിവസം എത്താത്തവർക്കും ബുക്കിങ് റദ്ദാക്കാത്തവർക്കും മണ്ഡലക്കാലത്ത് പിന്നീടുള്ള ബുക്കിങ് അനുവദിക്കില്ലെന്നാണ് തീരുമാനം.

എന്നാൽ, ബുക്ക് ചെയ്ത ദിവസം എത്താൻ കഴിയാത്തവർക്ക് മറ്റൊരു ദിവസത്തേക്ക് സമയം മാറ്റാനുള്ള സൗകര്യം ഉണ്ടാകും. ബുക്കിങ് റദ്ദാക്കണമെങ്കിൽ അതിനും സംവിധാനം ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.

കൂട്ടത്തോടെയുള്ള ബുക്കിങ് അവസാനിപ്പിക്കാൻ ആധാർ അധിഷ്ഠിത ഒടിപി വെരിഫിക്കേഷൻ കഴിഞ്ഞദിവസം മുതൽ നിർബന്ധമാക്കിയിട്ടുണ്ട്. ഓരോ തീർത്ഥാടകന്റെയും ആധാർ നമ്പർ നൽകി, അതുമായി ബന്ധിപ്പിച്ച ഫോൺ നമ്പറിലേക്ക് ഒടിപി അയച്ച് ഉറപ്പാക്കിയാൽ മാത്രമേ ഇപ്പോൾ വെർച്വൽ ക്യൂ ബുക്ക് ചെയ്യാനാകൂ.

ഓരോ തീർത്ഥാടകന്റെയും ടിക്കറ്റിൽ പ്രത്യേക ക്യൂ ആർ കോഡ് നൽകുകയും അത് പമ്പയിലോ നിലയ്ക്കലോ പരിശോധിക്കുകയും ചെയ്യണമെന്ന ആലോചനയും നടക്കുന്നുണ്ട്. എന്നാൽ അത് ഉടൻ നടപ്പാക്കില്ലെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.

The Devaswom Board has decided that devotees who fail to turn up on the booked day will not be allowed to book another virtual queue slot during the Mandala season. The move is aimed at stopping travel agents from bulk-booking slots and reselling them, while OTP-based Aadhaar verification has already been made mandatory.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392661/sabarimala-virtual-queue-no-new-slot-if-missed)