---
title: "യുഎപിഎ: കുറ്റാരോപണവും തടവും നീതിയും തമ്മിലുള്ള പോരാട്ടം"
english_title: "UAPA: The Battle Between Allegations, Detention and Justice"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392599/uapa-detention-justice-debate-new-update-NEW"
published_at: "2026-11-21T16:03:00+05:30"
category: "Talks & Topics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0175f241dad_WhatsApp_Image_2026-11-21_at_4.13.16_PM.jpeg"
keywords: ["UAPA", "CivilLiberties", "Journalism", "BailLaw", "HumanRights"]
---

# യുഎപിഎ: കുറ്റാരോപണവും തടവും നീതിയും തമ്മിലുള്ള പോരാട്ടം

> **Lead Summary:** ****560 ദിവസത്തെ തടവിന് ശേഷം മലയാളി മാധ്യമപ്രവർത്തകൻ റിജാസ് എം. സിദ്ദിഖിനെതിരായ യുഎപിഎ കുറ്റങ്ങൾ ഒഴിവാക്കിയതോടെ വീണ്ടും ചർച്ചയാകുകയാണ് അൺലോഫുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് (യുഎപിഎ).

## Article Content

****560 ദിവസത്തെ തടവിന് ശേഷം മലയാളി മാധ്യമപ്രവർത്തകൻ റിജാസ് എം. സിദ്ദിഖിനെതിരായ യുഎപിഎ കുറ്റങ്ങൾ ഒഴിവാക്കിയതോടെ വീണ്ടും ചർച്ചയാകുകയാണ് അൺലോഫുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് (യുഎപിഎ).

ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാകുന്ന പ്രവർത്തനങ്ങൾ തടയുക, നിയമവിരുദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ നടപടിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ നിയമം നിലവിൽ വന്നത്. എന്നാൽ, പൗരസ്വാതന്ത്ര്യത്തിന്മേലുള്ള കൈകടത്തലും നിയമത്തിന്റെ കർശനമായ വ്യവസ്ഥകളും ജാമ്യം ലഭിക്കുന്നതിനുള്ള നിയന്ത്രണങ്ങളും വിചാരണയ്ക്ക് മുമ്പുള്ള നീണ്ട തടവുമെല്ലാം വർഷങ്ങളായി വിമർശനങ്ങൾക്ക് വഴിവെക്കുന്നുണ്ട്.

2025 മേയ് മാസത്തിൽ നിരോധിത സംഘടനയായ സി.പി.ഐ (മാവോയിസ്റ്റ്)യുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത റിജാസിനെതിരെ പിന്നീട് യുഎപിഎയിലെ 38, 39 വകുപ്പുകൾ ചുമത്തുകയായിരുന്നു. നാഗ്പൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ തടവറയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിനെതിരായ യുഎപിഎ കുറ്റങ്ങൾ 2026 നവംബർ 20-ന് നാഗ്പൂർ സെഷൻസ് കോടതി ഒഴിവാക്കി. എന്നാൽ ഭാരതീയ ന്യായ സംഹിതയിലെ 152, 353(1) വകുപ്പുകൾ പ്രകാരമുള്ള നടപടികൾ തുടരുന്നതിനാൽ യുഎപിഎ കുറ്റങ്ങൾ ഒഴിവാക്കിയത് അദ്ദേഹത്തിന്റെ ഉടനെയുള്ള മോചനത്തിന് വഴിയൊരുക്കിയിട്ടില്ല. ജാമ്യാപേക്ഷയിൽ കോടതി ഡിസംബർ മൂന്നിന് വാദം കേൾക്കാനിരിക്കുകയാണ്.

റിജാസ് എം. സിദ്ദിഖിന്റെ കേസ് മാത്രമല്ല, യുഎപിഎയുടെ പരിധിയിൽ പ്രതി ചേർക്കപ്പെട്ട മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളും ഉൾപ്പെടെ നിരവധി പേരുണ്ട്. അവരിൽ ഇപ്പോഴും ജയിലിൽ കഴിയുന്നവരുമുണ്ട്. 2020-ൽ ഹാഥ്റസിൽ ദലിത് യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് റിപ്പോർട്ടിങ്ങിനായി യാത്ര ചെയ്യുന്നതിനിടെ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തപ്പെട്ട് രണ്ട് വർഷത്തിലധികം തടവിൽ കഴിഞ്ഞശേഷം 2023 ഫെബ്രുവരിയിലാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.

2020-ലെ ഡൽഹി സമരവുമായി ബന്ധപ്പെട്ട കേസിൽ വിദ്യാർഥി പ്രവർത്തകരായ ഉമർ ഖാലിദും ഷർജീൽ ഇമാമും മറ്റൊരു ഉദാഹരണമാണ്. ഇവരുടെ നീണ്ട തടവും ജാമ്യാപേക്ഷകളുമായി ബന്ധപ്പെട്ട കോടതി നടപടികളും യുഎപിഎയുടെ ജാമ്യവ്യവസ്ഥകളെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതേ കേസിൽ അറസ്റ്റിലായ വിദ്യാർഥിനി സഫൂറ സർഗറിന്റെ കേസും ശ്രദ്ധേയമാണ്. ഗർഭിണിയായിരിക്കെ തടവിലായിരുന്ന സഫൂറയ്ക്ക് 2020 ജൂണിലാണ് ജാമ്യം ലഭിച്ചത്.

ഭീമ കൊറേഗാവ് കേസിൽ സുധ ഭരദ്വാജ്, വരവര റാവു, ഗൗതം നവ്ലഖ, ആനന്ദ് തെൽതുംബ്ഡെ, വെർണൺ ഗോൺസാൽവസ്, അരുൺ ഫെരേര തുടങ്ങിയവരും യുഎപിഎ പ്രകാരം അറസ്റ്റിലായവരാണ്. ഈ കേസുമായി ബന്ധപ്പെട്ട് തടവിലായിരുന്ന ഫാ. സ്റ്റാൻ സ്വാമി 2021-ൽ ജയിലിൽവെച്ച് മരണപ്പെട്ട സന്ദർഭം വരെയുണ്ടായി.

യുഎപിഎ കേസുകളിൽ അറസ്റ്റിലായവരിൽ സാമൂഹിക പ്രവർത്തകരും മാധ്യമപ്രവർത്തകരും വിദ്യാർഥി പ്രവർത്തകരും ഉൾപ്പെടുന്നത് സർക്കാരിന്റെ അധികാരദുർവിനിയോഗത്തെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് വഴിവെക്കുന്നുണ്ട്. അറസ്റ്റിലായവരിൽ പലരും സർക്കാരിനെ വിമർശിച്ചവരാണ്. മാധ്യമപ്രവർത്തനത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും പരിധികളെർപെടുത്തുകയാണ് സർക്കാർ. 2019-ൽ യുഎപിഎ നിയമത്തിൽ നടത്തിയ ഭേദഗതി സർക്കാരിന് ഭീകരസംഘടനകളെ മാത്രമല്ല, വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാനുള്ള അധികാരം നൽകുന്ന തരത്തിലേക്ക് നിയമത്തെ വികസിപ്പിച്ചതോടെ ജനങ്ങൾക്കിടയിൽ സംശയങ്ങളും ശക്തമായി.

സംഘടനകളിൽ അംഗമല്ലാത്ത വ്യക്തികൾക്കും ഭീകരപ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തുന്ന സാഹചര്യത്തിൽ നടപടി സ്വീകരിക്കാൻ കഴിയണമെന്നായിരുന്നു ഭേദഗതിയുടെ പ്രധാന ലക്ഷ്യമായി സർക്കാർ വിശദീകരിച്ചത്. എന്നാൽ, ഈ ഭേദഗതി വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായും അധികാരങ്ങളുടെ അമിതവിനിയോഗത്തിനുള്ള സാധ്യതയായും വിമർശിക്കപ്പെടുന്നു.

കുറ്റം തെളിയിക്കപ്പെടാതെയുള്ള ദീർഘനാളത്തെ ജയിൽവാസവും വിചാരണ നടപടികളുടെ ദൈർഘ്യവും ജാമ്യം പോലും നിഷേധിക്കുന്ന രീതിയിലുള്ള നിയമവ്യവസ്ഥകളും പൗരന്റെ അവകാശങ്ങളെ ചോദ്യം ചെയ്യുന്നതാണ്. ഇത് വ്യക്തികളുടെ സ്വാതന്ത്ര്യത്തെയും നീതിയിലേക്കുള്ള അവകാശത്തെയും സംബന്ധിച്ച ആശങ്കകൾ ഉയർത്തുന്നു.

കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഒരാൾ നിരപരാധിയാണെന്ന നിയമപരമായ തത്ത്വം ഇവിടെ പാലിക്കപ്പെടുന്നില്ല. അതോടൊപ്പം, അറസ്റ്റിലാകുന്ന വ്യക്തികളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നില്ല. നീതിപൂർവമായ വിചാരണ ഉറപ്പാക്കേണ്ടത് പ്രധാനമാണ്.

നിയമത്തിന്റെ ലക്ഷ്യം രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതാണെങ്കിൽ, അതിന്റെ പ്രയോഗവും നീതിന്യായ നടപടികളും വ്യക്തികളുടെ സ്വാതന്ത്ര്യവും നീതിയിലേക്കുള്ള അവകാശവും സംരക്ഷിക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392599/uapa-detention-justice-debate-new-update-NEW)