---
title: "വളർച്ചയോ, വീണ്ടെടുപ്പോ? ജി.ഡി.പിക്ക് ബദലായി ജി.ഡി.ആർ; ഡൽഹിയിലെ വിഷവായു പോലും 'വളർച്ച'യാകുന്ന കാലത്ത് പുതിയ സാമ്പത്തിക മാനദണ്ഡവുമായി കാലാവസ്ഥാ നിക്ഷേപക ടെൻസിൻ സെൽഡൻ"
english_title: "Growth or Recovery? GDR Proposed as an Alternative to GDP"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392540/gdp-alternative-gross-domestic-regeneration-new-update"
published_at: "2026-11-21T09:43:00+05:30"
category: "Talks & Topics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b011b4703802_WhatsApp_Image_2026-11-21_at_9.46.42_AM.jpeg"
keywords: ["GDP", "ClimateEconomy", "SustainableDevelopment", "EnvironmentalPolicy", "EconomicMetrics"]
---

# വളർച്ചയോ, വീണ്ടെടുപ്പോ? ജി.ഡി.പിക്ക് ബദലായി ജി.ഡി.ആർ; ഡൽഹിയിലെ വിഷവായു പോലും 'വളർച്ച'യാകുന്ന കാലത്ത് പുതിയ സാമ്പത്തിക മാനദണ്ഡവുമായി കാലാവസ്ഥാ നിക്ഷേപക ടെൻസിൻ സെൽഡൻ

> **Lead Summary:** ** ന്യൂയോർക്ക്: **ഒരു രാജ്യത്തിന്റെ പുരോഗതി അളക്കാൻ നാം ഇന്നും ആശ്രയിക്കുന്നത് മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജി.ഡി.പി) എന്ന ഒറ്റ കണക്കിനെയാണ്. എന്നാൽ ആ കണക്ക് എത്രത്തോളം സത്യസന്ധമാണ്? ഡൽഹിയുടെ ഉദാഹരണം തന്നെ നോക്കൂ.

## Article Content

** ന്യൂയോർക്ക്: **ഒരു രാജ്യത്തിന്റെ പുരോഗതി അളക്കാൻ നാം ഇന്നും ആശ്രയിക്കുന്നത് മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജി.ഡി.പി) എന്ന ഒറ്റ കണക്കിനെയാണ്. എന്നാൽ ആ കണക്ക് എത്രത്തോളം സത്യസന്ധമാണ്? ഡൽഹിയുടെ ഉദാഹരണം തന്നെ നോക്കൂ.

ഡൽഹിയിൽ ശുദ്ധവായു ശ്വസിക്കാൻ ജനങ്ങൾ നെബുലൈസർ, എയർ പ്യൂരിഫയർ, മാസ്ക് എന്നിവയ്ക്കും ആശുപത്രി ചികിത്സയ്ക്കുമായി ചെലവഴിക്കുന്നത് മൊത്തം കൂട്ടിയാൽ ഏകദേശം 8,000 കോടി രൂപ വരും. ഈ ചെലവെല്ലാം സമ്പദ്‌വ്യവസ്ഥയ്ക്കുള്ള സംഭാവനയായി ജി.ഡി.പി കണക്കിൽ ചേർക്കപ്പെടുന്നു.

അതായത്, ഡൽഹിയിലെ വായു നാളെ ശുദ്ധമായാൽ, ഈ 8,000 കോടി രൂപയുടെ ചെലവ് ഇല്ലാതാകും. ജി.ഡി.പി സൂചിക പ്രകാരം അത് ‘നഷ്ട’മായി രേഖപ്പെടുത്തപ്പെടും. വായു ശുദ്ധമാകുന്നതിന്റെ ഗുണം കണക്കിൽ വരില്ല, മലിനീകരണം മൂലമുണ്ടാകുന്ന ചെലവ് മാത്രം വളർച്ചയായി മാറും.

ഇത് ഡൽഹിയുടെ മാത്രം പ്രശ്നമല്ല.

ഒരു കാട് വെട്ടിമാറ്റിയാൽ ലഭിക്കുന്ന തടിയും, പ്രകൃതിവിഭവങ്ങൾ അമിതമായി ചൂഷണം ചെയ്ത് ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങളും, ഒരു ദുരന്തത്തിന് ശേഷം നഗരങ്ങൾ പുനർനിർമ്മിക്കുമ്പോൾ ചെലവഴിക്കുന്ന തുകയുമെല്ലാം സാമ്പത്തിക വളർച്ചയുടെ കണക്കുകളിൽ പ്രതിഫലിക്കും. എന്നാൽ ഇതിലൂടെ നഷ്ടപ്പെടുന്ന പ്രകൃതിയുടെ മൂല്യം അതേ രീതിയിൽ ജി.ഡി.പിയിൽ പ്രതിഫലിക്കുന്നില്ല.

ഒരു നിശ്ചിത കാലയളവിൽ ഒരു രാജ്യത്തിനുള്ളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും ആകെ മൂല്യമാണ് ജി.ഡി.പി കണക്കാക്കുന്നത്. സാമ്പത്തിക നേട്ടങ്ങൾ രേഖപ്പെടുത്തുമ്പോൾ, അതിന് പിന്നിലെ നഷ്ടങ്ങൾ കൂടി പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ജി.ഡി.പി അതിനെ പരിഗണിക്കുന്നില്ല. അതാണ് അതിന്റെ ഏറ്റവും വലിയ പരിമിതി.

ഈ പശ്ചാത്തലത്തിലാണ് ന്യൂയോർക്കിൽ 2026 സെപ്റ്റംബറിൽ നടന്ന ആഗോള കാലാവസ്ഥാ ചർച്ചകളിൽ കാലാവസ്ഥാ നിക്ഷേപകയായ ടെൻസിൻ സെൽഡൻ പുതിയൊരു സമീപനം മുന്നോട്ടുവെച്ചത്. ജി.ഡി.പിക്ക് ഒരു അനുബന്ധമായി *മൊത്ത ആഭ്യന്തര പുനരുജ്ജീവനം (ഗ്രോസ് ഡൊമസ്റ്റിക് റീജനറേഷൻ - ജി.ഡി.ആർ) എന്ന പുതിയ അളവുകോൽ അവർ നിർദ്ദേശിച്ചു.

ഒരു രാജ്യത്തിന്റെ വികസനം താഴെ പറയുന്ന മൂന്ന് മേഖലകളിൽ എത്രത്തോളം ഗുണപരമായ മാറ്റം ഉണ്ടാക്കുന്നു എന്നാണ് ജി.ഡി.ആർ വിലയിരുത്തുന്നത്:

1. പാരിസ്ഥിതികം: മണ്ണ്, ജലം, ജൈവവൈവിധ്യം എന്നിവയുടെ വീണ്ടെടുപ്പ്.

2. സാമൂഹികം: പൊതുജനാരോഗ്യവും സമൂഹത്തിന്റെ അതിജീവനശേഷിയും.

3. സാമ്പത്തികം: പ്രകൃതിവിഭവങ്ങളെ നശിപ്പിക്കാതെ സാമ്പത്തിക-കാലാവസ്ഥാ പ്രതിസന്ധികളെ നേരിടാനുള്ള ശേഷി.

സാമ്പത്തിക വളർച്ചയുടെ കണക്കുകൾ മാത്രം ഒരു രാജ്യത്തിന്റെ പുരോഗതിയെ പൂർണ്ണമായി പ്രതിഫലിപ്പിക്കണമെന്നില്ല എന്നാണ് ജി.ഡി.ആർ മുന്നോട്ടുവയ്ക്കുന്ന ചിന്ത. വളർച്ചയ്ക്കൊപ്പം, നിലനിൽപ്പിന് ആവശ്യമായ വിഭവങ്ങളും സംവിധാനങ്ങളും ശക്തിപ്പെടുന്നുണ്ടോ എന്ന് കൂടി പരിഗണിക്കണം.

വളർച്ചയുടെ കണക്കുകൾക്കപ്പുറം, പ്രകൃതിയുടെയും മനുഷ്യരുടെയും ക്ഷേമം കൂടി വികസനത്തിന്റെ ഭാഗമാകേണ്ടതിന്റെ ആവശ്യകതയാണ് ഈ ആശയം ചൂണ്ടിക്കാട്ടുന്നത്.

Climate investor Tenzin Selden has proposed Gross Domestic Regeneration (GDR) as a complementary measure to GDP. The framework aims to capture ecological recovery, public health, and economic resilience—areas that traditional GDP often overlooks.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392540/gdp-alternative-gross-domestic-regeneration-new-update)