---
title: "'മുഖം വെളുപ്പിക്കാൻ വാങ്ങിയ ക്രീമിൽ കൊടുംവിഷം'; 17കാരിയുടെ വൃക്കകളുടെ പ്രവർത്തനം തകരാറിലായി, കണ്ടെത്തിയത് 12,500 പി.പി.എം മെർക്കുറി"
english_title: "Mercury-Laced Fairness Cream Leaves 17-Year-Old With Kidney Damage"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392512/mercury-fairness-cream-kidney-damage"
published_at: "2026-11-21T06:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b00ede3cde80_mercury-fairness-cream-kidney-damage.jpg"
keywords: ["MercuryPoisoning", "FairnessCream", "KidneyDamage", "HealthAlert", "KeralaNews"]
---

# 'മുഖം വെളുപ്പിക്കാൻ വാങ്ങിയ ക്രീമിൽ കൊടുംവിഷം'; 17കാരിയുടെ വൃക്കകളുടെ പ്രവർത്തനം തകരാറിലായി, കണ്ടെത്തിയത് 12,500 പി.പി.എം മെർക്കുറി

> **Lead Summary:** മലപ്പുറം: അമിത അളവിൽ മെർക്കുറി കണ്ടെത്തിയ ഫെയർനെസ് ക്രീം ഉപയോഗിച്ച 17 കാരിയുടെ വൃക്കകളുടെ പ്രവർത്തനം തകരാറിലായി. കൃത്യമായ രോഗനിർണയത്തിലൂടെയും വിദഗ്ധ ചികിത്സയിലൂടെയും ജീവൻ രക്ഷിച്ചതായി അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റൽ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

## Article Content

മലപ്പുറം: അമിത അളവിൽ മെർക്കുറി കണ്ടെത്തിയ ഫെയർനെസ് ക്രീം ഉപയോഗിച്ച 17 കാരിയുടെ വൃക്കകളുടെ പ്രവർത്തനം തകരാറിലായി. കൃത്യമായ രോഗനിർണയത്തിലൂടെയും വിദഗ്ധ ചികിത്സയിലൂടെയും ജീവൻ രക്ഷിച്ചതായി അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റൽ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

‘മെംബ്രനസ് നെഫ്രോപ്പതി’ എന്ന അതിസങ്കീർണ രോഗാവസ്ഥയാണ് പെൺകുട്ടിയെ ബാധിച്ചത്. രക്തത്തിലും ശരീരത്തിലും അപകടകരമാംവിധം മെർക്കുറി കണ്ടെത്തി. തുടർന്ന്, നെഫ്രോളജി വിഭാഗം സീനിയർ സ്പെഷലിസ്റ്റ് ഡോ. എസ്. ഗൗരി നടത്തിയ അന്വേഷണത്തിലാണ് സൗന്ദര്യ വർധക ക്രീമാണ് കാരണമെന്ന് തിരിച്ചറിഞ്ഞത്.

കേന്ദ്ര സർക്കാർ അംഗീകൃത ലബോറട്ടറിയിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഈ ഫെയർനെസ് ക്രീമിൽ 1.25 ശതമാനം മെർക്കുറി അടങ്ങിയതായി സ്ഥിരീകരിച്ചത്. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ മാനദണ്ഡപ്രകാരം സൗന്ദര്യവർധക വസ്തുക്കളിൽ മെർക്കുറി പാടില്ല.

അനിവാര്യമായ സാഹചര്യങ്ങളിൽ അളവ് ഒരു പി.പി.എമ്മിൽ കൂടരുത്. എന്നാൽ, 12,500 പി.പി.എം മെർക്കുറിയാണ് ക്രീമിൽ കണ്ടെത്തിയത്.

മെർക്കുറി ശരീരത്തിൽ പ്രവേശിച്ചാൽ വൃക്കകളുടെ അരിപ്പകളെ സാരമായി ബാധിക്കുകയും മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന ‘നെഫ്രോട്ടിക് സിൻഡ്രോ’മിലേക്കെത്തുകയും ചെയ്യും. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ വൃക്കകളുടെ പ്രവർത്തനം നിലക്കുകയും നാഡീവ്യൂഹത്തെ ബാധിക്കുകയും ചെയ്യും.

വിഷയം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. സാമൂഹികമാധ്യമങ്ങളിൽ വൻപ്രചാരം നേടിയ ക്രീം ഓൺലൈൻ വഴിയാണ് വാങ്ങിയതെന്നും ഒരു വർഷത്തോളം ഉപയോഗിച്ചെന്നും കൂടെ പഠിക്കുന്ന കുട്ടികളിൽനിന്ന് അറിഞ്ഞാണ് വാങ്ങിയതെന്നും പെൺകുട്ടി പറഞ്ഞു.

കാരണക്കാരായവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും ആവർത്തിക്കാതിരിക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ വേണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ 17കാരിയും പിതാവും നെഫ്രോളജി വിഭാഗം സീനിയർ സ്പെഷലിസ്റ്റ് എസ്. ഗൗരി, സി.ഒ.ഒ സി.വി. റോബിൻ, സി.എം.എസ് ഡോ. സഹീർ കൊയപ്പൊത്തൊടിക എന്നിവരും പങ്കെടുത്തു.  

A 17-year-old girl suffered kidney dysfunction after using a fairness cream found to contain dangerously high levels of mercury. Doctors at Aster MIMS Mother Hospital said timely diagnosis and treatment saved her life, and the case has been reported to health authorities.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392512/mercury-fairness-cream-kidney-damage)