---
title: "അമ്മയ്ക്ക് മുന്നിൽ കണ്ണീരായി 18കാരൻ; ചുറ്റികയും കത്തിയും ഉപയോഗിച്ച് മകനെ കൊലപ്പെടുത്തി, അമ്മയെ തടവിലാക്കി പങ്കാളിയുടെ ക്രൂരത"
english_title: "Sudeep Arrested After Brutal Killing of Partner's Son in Bengaluru"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392506/sudeep-arrested-bengaluru-partners-son-killed"
published_at: "2026-11-20T22:31:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b007de96a45c_sudeep-arrested-bengaluru-partners-son-killed.jpg"
keywords: ["BengaluruCrime", "SudeepArrest", "SeemaDas", "SohamDas", "KarnatakaPolice"]
---

# അമ്മയ്ക്ക് മുന്നിൽ കണ്ണീരായി 18കാരൻ; ചുറ്റികയും കത്തിയും ഉപയോഗിച്ച് മകനെ കൊലപ്പെടുത്തി, അമ്മയെ തടവിലാക്കി പങ്കാളിയുടെ ക്രൂരത

> **Lead Summary:** ബെംഗളൂരുവിൽ 18 വയസുകാരനെ അമ്മയുടെ പങ്കാളി ചുറ്റികകൊണ്ടും കത്തികൊണ്ടും ആക്രമിച്ച് കൊലപ്പെടുത്തി. പിന്നാലെ യുവാവിന്റെ അമ്മയെ നാല് ദിവസം മുറിക്കുള്ളിൽ പൂട്ടിയിട്ടെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ സുദീപ് അറസ്റ്റിലായി.

## Article Content

ബെംഗളൂരുവിൽ 18 വയസുകാരനെ അമ്മയുടെ പങ്കാളി ചുറ്റികകൊണ്ടും കത്തികൊണ്ടും ആക്രമിച്ച് കൊലപ്പെടുത്തി. പിന്നാലെ യുവാവിന്റെ അമ്മയെ നാല് ദിവസം മുറിക്കുള്ളിൽ പൂട്ടിയിട്ടെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ സുദീപ് അറസ്റ്റിലായി.

സേഹം ദാസ് എന്ന 18കാരനാണ് കൊല്ലപ്പെട്ടത്. അമ്മ സീമാ ദാസും സുദീപും സേഹവും ഒരുമിച്ചാണ് ബെംഗളൂരുവിലെ വാടക അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്നത്. നവംബർ 16-ന് രാത്രി ബെംഗളൂരുവിലെ പദ്മനാഭനഗറിലെ രാഘവേന്ദ്ര ലേഔട്ടിലുള്ള SRRK തുളസി അപ്പാർട്ട്മെന്റിലാണ് സംഭവം നടന്നതെന്നാണ് വിവരം.

സേഹമിനെ കൊലപ്പെടുത്തിയതിന് പിന്നാലെ സുദീപ് സീമയെ അപ്പാർട്ട്മെന്റിലെ ഒരു മുറിക്കുള്ളിൽ പൂട്ടിയിട്ടു. തന്നെ കൂടി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് സീമ പൊലീസിനോട് പറഞ്ഞത്. സുദീപ് കത്തിയും ചുറ്റികയും ഉപയോഗിച്ച് ഇരുവരെയും ആക്രമിച്ചെന്നും, ഭയന്ന് ഓടി മുറിക്കുള്ളിൽ കയറിയപ്പോൾ പുറത്തുനിന്ന് പൂട്ടിയിട്ടെന്നും അവർ മൊഴി നൽകി.

അപ്പാർട്ട്മെന്റിൽ നിരന്തരം വഴക്കുകൾ നടക്കുന്നതായി വീട്ടുടമയ്ക്കും അയൽവാസികൾക്കും വിവരം ലഭിച്ചിരുന്നു. നവംബർ 16-ന് രാത്രി വീണ്ടും പ്രശ്‌നമുണ്ടെന്ന ഫോൺ കോൾ ലഭിച്ചെങ്കിലും പിന്നീട് സ്ഥിതി ശാന്തമാണെന്നായിരുന്നു സെക്യൂരിറ്റി ഗാർഡ് അറിയിച്ചത്. എന്നാൽ നവംബർ 19-ന് ഉടമ എത്തിയപ്പോൾ വാതിൽ തുറന്നില്ല. തുടർന്ന് അയൽവാസികളിൽ നിന്ന് സീമയുടെ സുഹൃത്തിന്റെ നമ്പർ സംഘടിപ്പിച്ച് പൊലീസിനെ സമീപിക്കുകയായിരുന്നു.

രാത്രി 11 മണിയോടെ പൊലീസ് വാതിൽ തുറന്നപ്പോൾ വീടിന്റെ തറയിലും ചുമരുകളിലും രക്തക്കറകൾ കണ്ടു. പൂട്ടിയിട്ട മുറിക്കുള്ളിൽ നിന്ന് സീമയുടെ നിലവിളിയും കേട്ടു. മുറി തുറന്ന് രക്ഷപ്പെടുത്തിയ ശേഷമാണ് സീമ സംഭവവിവരം പൊലീസിനോട് പറഞ്ഞതെന്ന് റിപ്പോർട്ടിൽ പറയുന്നു. പിന്നീടുള്ള പരിശോധനയിൽ സേഹത്തിന്റെ മൃതദേഹം ബാത്ത്റൂമിനുള്ളിൽ കണ്ടെത്തി.

ബനശങ്കരി പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 103(1) പ്രകാരം കൊലപാതകത്തിനും സെക്ഷൻ 109(1) പ്രകാരം വധശ്രമത്തിനും കേസെടുത്തു. 2024 ഒക്ടോബർ മുതൽ സീമയും സുദീപും സേഹവും ഈ അപ്പാർട്ട്മെന്റിൽ താമസിച്ചുവരികയായിരുന്നു എന്നും ഉടമയുടെ മൊഴിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392506/sudeep-arrested-bengaluru-partners-son-killed)