---
title: "ഡാൻസാഫ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന മാഫിയയ്ക്കെതിരെ  പോലിസ്   കടുത്ത നടപടിയിലേക്ക്; ഡാൻസാഫിന് പിസ്റ്റൾ പരിശീലനം"
english_title: "Special pistol training for DANSAF officers as attacks rise"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392492/dansaf-officers-special-pistol-training"
published_at: "2026-11-20T20:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b005d91c0561_dansaf-officers-special-pistol-training.jpg"
keywords: ["DANSAF", "KeralaPolice", "PVijayan", "DrugMafia", "Thiruvananthapuram"]
---

# ഡാൻസാഫ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന മാഫിയയ്ക്കെതിരെ  പോലിസ്   കടുത്ത നടപടിയിലേക്ക്; ഡാൻസാഫിന് പിസ്റ്റൾ പരിശീലനം

> **Lead Summary:** തിരുവനന്തപുരം: ലഹരി വേട്ടയ്ക്കിറങ്ങുന്ന ഡാൻസാഫ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന മാഫിയ സംഘങ്ങൾക്കെതിരെ പൊലീസ് കടുത്ത നടപടിയിലേക്ക്. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഡാൻസാഫ് സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് പിസ്റ്റൾ ഉപയോഗത്തിൽ പ്രത്യേക പരിശീലനം നൽകാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി.

## Article Content

തിരുവനന്തപുരം: ലഹരി വേട്ടയ്ക്കിറങ്ങുന്ന ഡാൻസാഫ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന മാഫിയ സംഘങ്ങൾക്കെതിരെ പൊലീസ് കടുത്ത നടപടിയിലേക്ക്. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഡാൻസാഫ് സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് പിസ്റ്റൾ ഉപയോഗത്തിൽ പ്രത്യേക പരിശീലനം നൽകാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി.

പൊലീസുകാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. അടിയന്തര ഘട്ടങ്ങളിൽ ആയുധം കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ കഴിയുന്നവിധം ഡാൻസാഫ് ഉദ്യോഗസ്ഥരെ സജ്ജരാക്കുകയാണ് ലക്ഷ്യം.

എല്ലാ ഡാൻസാഫ് ഉദ്യോഗസ്ഥർക്കും അടിയന്തര പരിശീലനം നൽകണമെന്നാണ് നിർദേശത്തിലുള്ളത്. ദ്രുതവേഗത്തിലുള്ള സ്ട്രിപ്പിങ്, അസംബ്ലിങ്, ഫയറിങ് എന്നിവ ഇതിൽ ഉൾപ്പെടും.

പരിശീലന പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സോൺ ഐജിമാർക്കും റേഞ്ച് ഡിഐജിമാർക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് എഡിജിപി പി. വിജയൻ അറിയിച്ചു. ലഹരിക്കെതിരായ നടപടികൾ ശക്തമാക്കുന്നതിനൊപ്പം ഉദ്യോഗസ്ഥരുടെ സുരക്ഷയും ഉറപ്പാക്കാനാണ് പൊലീസ് നീക്കം.

Police in Thiruvananthapuram are taking stricter action against mafia groups attacking DANSAF officers during anti-drug operations. ADGP P. Vijayan has directed district police chiefs to provide special pistol training to all DANSAF personnel to improve their readiness in emergency situations.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392492/dansaf-officers-special-pistol-training)