---
title: "ഹണിമൂണിനിടെ ബാർബിക്യൂ തീ പടർന്ന് പൊള്ളലേറ്റ നവവധു മരിച്ചു; ഹോംസ്റ്റേയുടെ അനാസ്ഥയെന്ന് ഭർത്താവ്"
english_title: "Darjeeling Honeymoon Fire: Nikita Saha Dies After Burn Injuries"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392470/darjeeling-honeymoon-fire-nikita-saha-dies"
published_at: "2026-11-20T18:29:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b004480323ea_darjeeling-honeymoon-fire-nikita-saha-dies.jpg"
keywords: ["DarjeelingHoneymoonFire", "NikitaSaha", "WestBengalNews", "HomestayFire", "PoliceInvestigation"]
---

# ഹണിമൂണിനിടെ ബാർബിക്യൂ തീ പടർന്ന് പൊള്ളലേറ്റ നവവധു മരിച്ചു; ഹോംസ്റ്റേയുടെ അനാസ്ഥയെന്ന് ഭർത്താവ്

> **Lead Summary:** കൊൽക്കത്ത: ഡാർജലിങ്ങിൽ ഹണിമൂണിനിടെ ബാർബിക്യൂ അടുപ്പിൽനിന്ന് ഗുരുതരമായി പൊള്ളലേറ്റ ബംഗാൾ സ്വദേശിനി നികിത സാഹ മരിച്ചു. ഭർത്താവ് സമീറിനൊപ്പം സിറ്റിയോങ്ങിലെ ഹോംസ്റ്റേയിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്. സെപ്റ്റംബർ 13നായിരുന്നു സംഭവം.

## Article Content

കൊൽക്കത്ത: ഡാർജലിങ്ങിൽ ഹണിമൂണിനിടെ ബാർബിക്യൂ അടുപ്പിൽനിന്ന് ഗുരുതരമായി പൊള്ളലേറ്റ ബംഗാൾ സ്വദേശിനി നികിത സാഹ മരിച്ചു. ഭർത്താവ് സമീറിനൊപ്പം സിറ്റിയോങ്ങിലെ ഹോംസ്റ്റേയിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്. സെപ്റ്റംബർ 13നായിരുന്നു സംഭവം.

പൊള്ളലേറ്റ നികിതയെ ആദ്യം സിലിഗുരുവിലെ ആശുപത്രിയിലും പിന്നീട് കൂടുതൽ ചികിത്സയ്ക്കായി കൊൽക്കത്തിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചികിത്സയ്ക്കിടെ ഇന്നലെ പുലർച്ചെയായിരുന്നു മരണം.

നികിതയും സമീറും താമസിച്ച ഹോംസ്റ്റേയിൽ ബാർബിക്യൂ തയാറാക്കുന്നതിനിടെയാണ് തീ പടർന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹോംസ്റ്റേ അധികൃതരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായെന്നാണ് സമീറിന്റെ ആരോപണം. തീയുടെ സമീപത്ത് ഓയിൽ ഡ്രം ഉപയോഗിച്ചതാണ് തീ ആളിപ്പടരാൻ കാരണമായതെന്നും ഭാര്യയുടെ ശരീരത്തിൽ 60 ശതമാനത്തോളം പൊള്ളലേറ്റെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഹോംസ്റ്റേ ഉടമ ഈ ആരോപണങ്ങൾ നിഷേധിച്ചു. തീയോടു ചേർന്ന് ഇരിക്കരുതെന്ന് ദമ്പതികൾക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അവർ അത് കേൾക്കാൻ കൂട്ടാക്കിയില്ലെന്നും ഉടമ പറഞ്ഞു. തണുപ്പ് കൂടുതലായതോടെ ദമ്പതികളുടെ ആവശ്യപ്രകാരം പുറത്തുനിന്ന് ഒരാളാണ് തീയിലേക്ക് മണ്ണെണ്ണ ഒഴിച്ചതെന്നും, അയാൾ ഹോംസ്റ്റേ ജീവനക്കാരനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.[https://x.com/sirajnoorani/status/2100829644371141016?s=20](https://x.com/sirajnoorani/status/2100829644371141016?s=20)

ഹോംസ്റ്റേ ജീവനക്കാരൻ ഭക്ഷണം ക്രമീകരിക്കാനായി പോയ സമയത്താണ് മറ്റൊരാൾ മണ്ണെണ്ണ ഒഴിച്ചതെന്നും ഉടമ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളും റിസോർട്ട് ഉടമ പുറത്തുവിട്ടിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392470/darjeeling-honeymoon-fire-nikita-saha-dies)