---
title: "'പച്ചപ്പരവതാനി വിരിച്ച് സ്വീകരിക്കേണ്ട, നുണകൾ തിരുത്തി സമൂഹത്തോട് മാപ്പ് പറഞ്ഞിട്ടുവേണം മടങ്ങിവരാൻ'; പത്മജയുടെ തിരിച്ചുവരവിൽ അലോഷ്യസ് സേവ്യര്‍"
english_title: "Padmaja Should Return Only After Correcting Lies and Apologizing: Aloysius Xavier"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392423/padmaja-return-congress-apology"
published_at: "2026-11-20T13:37:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0000dbc378c_padmaja-return-congress-apology.jpg"
keywords: ["Congress", "PadmajaVenugopal", "KSU", "AloysiusXavier", "KeralaPolitics"]
---

# 'പച്ചപ്പരവതാനി വിരിച്ച് സ്വീകരിക്കേണ്ട, നുണകൾ തിരുത്തി സമൂഹത്തോട് മാപ്പ് പറഞ്ഞിട്ടുവേണം മടങ്ങിവരാൻ'; പത്മജയുടെ തിരിച്ചുവരവിൽ അലോഷ്യസ് സേവ്യര്‍

> **Lead Summary:** തിരുവനന്തപുരം: നുണകള്‍ തിരുത്തി സമൂഹത്തോട് മാപ്പ് പറഞ്ഞിട്ടുവേണം പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിവരാനെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. കെ. കരുണാകരനെക്കുറിച്ചും ചന്ദനക്കുറിയെക്കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ തിരുത്തി പത്മജ സമൂഹത്തോട് മാപ്പ് പറയണമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

## Article Content

തിരുവനന്തപുരം: നുണകള്‍ തിരുത്തി സമൂഹത്തോട് മാപ്പ് പറഞ്ഞിട്ടുവേണം പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിവരാനെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. കെ. കരുണാകരനെക്കുറിച്ചും ചന്ദനക്കുറിയെക്കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ തിരുത്തി പത്മജ സമൂഹത്തോട് മാപ്പ് പറയണമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

പച്ചപ്പരവതാനി വിരിക്കാതെ ബൂത്ത് തലത്തില്‍ പ്രവര്‍ത്തിക്കാന്‍ പറയണം. സാധാരണ പ്രവര്‍ത്തകരുടെ ത്യാഗത്തിന്റെ ഫലം അധികാരക്കൊതിയോടെ പാളയം മാറുന്നവര്‍ക്ക് അവകാശപ്പെട്ടതല്ലെന്നും പത്മജയും പത്മിനി തോമസും ബൂത്തില്‍ പ്രവര്‍ത്തിക്കട്ടെയെന്നും അലോഷ്യസ് സേവ്യര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.

വര്‍ഗീയതയുടെ പൊരിവെയിലത്ത് ഇന്ത്യാ രാജ്യം വെന്തമര്‍ന്ന 12 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യം കോണ്‍ഗ്രസിനൊപ്പം ഒഴുകി ചേരുന്ന വര്‍ത്തമാനകാലത്ത്, സമസ്ത മേഖലയിലെയും ജനങ്ങളെ ചേര്‍ത്തുപിടിച്ച് സംഘപരിവാര്‍ സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി പോരാട്ടം നടത്തി മുന്നോട്ട് പോകുമ്പോള്‍ ആര്‍ക്കും കോണ്‍ഗ്രസിലേക്ക് വരാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസില്‍ സെലിബ്രേറ്റഡ് പ്രിവിലേജുകളുടെ കാലം കഴിഞ്ഞുവെന്ന് നേതൃത്വം തിരിച്ചറിയുമെന്ന് കരുതുന്നുവെന്നും അലോഷ്യസ് സേവ്യര്‍ പ്രതികരിച്ചു. അതേസമയം പദവികള്‍ വാഗ്ദാനം ചെയ്യാതെ പത്മജയെ തിരിച്ചെടുക്കാനാണ് കെപിസിസിയുടെ തീരുമാനം. കെ. കരുണാകരന്റെ മകള്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരുമ്പോള്‍ എതിര്‍പ്പുകള്‍ ഉണ്ടാകില്ലെന്നാണ് കെപിസിസിയുടെ വിലയിരുത്തല്‍.

***അലോഷ്യസ് സേവ്യര്‍ ഫേസ്ബുക്ക് കുറിപ്പ്
***

**കോൺഗ്രസ് പാർട്ടിക്ക് ഇത് ഘർ വാപ്പസികളുടെ (തിരിച്ചു വരവുകളുടെ) കാലം.**

**വർഗീയതയുടെ പൊരിവെയിലത്ത് ഇന്ത്യാ രാജ്യം വെന്തമർന്ന 12 വർഷങ്ങൾക്ക് ശേഷം രാജ്യം കോൺഗ്രസിനൊപ്പം ഒഴുകി ചേരുന്ന വർത്തമാനകാലത്ത്, സമസ്ത മേഖലയിലെയും ജനങ്ങളെ ചേർത്ത് പിടിച്ചു സംഘപരിവാർ സർക്കാരിനെതിരെ രാഹുൽ ഗാന്ധി പോരാട്ടം നടത്തി മുന്നോട്ട് പോകുമ്പോൾ ആർക്കും കോൺഗ്രസിലേക്ക് വരാം,**

**പക്ഷേ പ്രശ്നമെന്നത് അവർക്കായി ഒരുക്കി കൊടുക്കുന്ന പച്ച പരവതാനികളാണ്,**

**പാർട്ടിയിൽ അവർക്കായി റിസർവ് ചെയ്യാൻ ഉദ്ദേശിക്കുന്ന സെലിബ്രേറ്റഡ് പ്രിവിലേജുകളാണ്.**

**കോൺഗ്രസ് പാർട്ടിയുടെ ഏറ്റവും മോശം അവസ്ഥയിലാണ് ഈ പാർട്ടിയുടെ അസ്തിത്വമായ മതേതര സ്വഭാവത്തെ വെല്ലുവിളിച്ചു കൊണ്ട് പദ്മജ വേണുഗോപാൽ കോൺഗ്രസ് പാർട്ടി വിട്ട് ബിജെപി യിൽ ചേർന്നത്.**

**കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വം എടുത്ത് തിരികെ വരുന്നുണ്ടെങ്കിൽ, അവർ കോൺഗ്രസ് വിട്ടപ്പോൾ പറഞ്ഞ രണ്ട് നുണകൾ തിരുത്തേണ്ടതായുണ്ട് ; പാർട്ടിയോടും അണികളോടും മാപ്പ് പറയേണ്ടതുണ്ട്:**

**1. ശ്രീ കെ കരുണാകരൻ ഇന്ന് ജീവിച്ചിരുന്നേൽ അദ്ദേഹം ബിജെപി യിൽ പോയേനെ എന്നതും.**

**2. കോൺഗ്രസിൽ ആയിരുന്നപ്പോൾ തനിക്ക് മര്യാദക്ക് ചന്ദന കുറി തൊടാൻ പോലും കഴിയുമായിരുന്നില്ല എന്നും , ആ പേടി ബിജെപി യിൽ എത്തിയപ്പോൾ ഇല്ലായെന്നതും.**

**അങ്ങനെ പൊതു സമൂഹത്തോട് മാപ്പ് പറഞ്ഞ് തിരികെ വന്നാൽ അവർക്ക് നൽകേണ്ടത് പച്ചപരവതാനിയോ അധികാരത്തിന്റെ ശീതളതയോ അല്ല, മറിച്ച് ബൂത്ത് തലം മുതലുള്ള പടിപടിയായുള്ള പരിഗണന മാത്രമായിരിക്കണം.**

**ലക്ഷകണക്കിന് കോൺഗ്രസ് പ്രവർത്തകർ തെരുവിൽ കിടന്ന് മുദ്രാവാക്യം വിളിച്ചതും, ആശയ സമരം ചെയ്തതും, പോരാടിയതും ഒരിക്കലും അവസരവാദ/ അധികാര കൊതി മൂത്ത് പാളയങ്ങൾ മാറി ചേക്കേറുന്ന പദ്മജമാർക്ക് വേണ്ടിയല്ല.**

**കോൺഗ്രസിൽ സെലിബ്രേറ്റഡ് പ്രിവിലേജുകളുടെ കാലം കഴിഞ്ഞു എന്ന് നേതൃത്വം തിരിച്ചറിയുമെന്ന് കരുതുന്നു. ഇപ്പോൾ കേൾക്കുന്ന വാർത്ത പദമജയ്ക്ക് ശേഷം പദ്മിനി തോമസും കോൺഗ്രസിലേക്ക് എന്നാണ്.**

**പദ്മജ-പദ്മിനിമാർ ബൂത്തുകളിൽ പ്രവർത്തിക്കട്ടെ. പത്ത് വർഷം പണിയെടുത്ത സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകർ എല്ലാ മേഖലകളിലേക്കും പരിഗണിക്കപ്പെടട്ടെ. ചുവന്ന ബോർഡുകളുടെ മനോഹാരിതയും ഉത്തരവാദിത്തവും സാധാരണ പാർട്ടി പ്രവർത്തകരും അനുഭവിക്കട്ടെ.**

KSU state president Aloysius Xavier said Padmaja Venugopal should return to the Congress only after correcting her earlier remarks and apologizing to the public. He also said she should be given no special treatment and should work from the booth level like ordinary party workers.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392423/padmaja-return-congress-apology)