---
title: "ഷുക്കൂർ വധക്കേസ്: ഷുക്കൂറിന്റെ രക്തം പി ജയരാജന്റെ കൈയില്‍ പതിഞ്ഞിട്ടുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നു, നിയമപോരാട്ടം തുടരുമെന്ന് സഹോദരൻ ദാവൂദ്"
english_title: "Ariyoor Shukoor Case: Dawood Says Legal Battle Will Continue to the Supreme Court"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392384/ariyoor-shukoor-case-legal-battle-continues-new"
published_at: "2026-11-20T09:19:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6affc4e5ade1f_ariyoor-shukoor-case-legal-battle-continues-new.jpg"
keywords: ["AriyilShukoorCase", "PJayarajan", "KeralaNews", "CBI", "HighCourt", "AriyoorShukoorCase", "SupremeCourt", "HighCourtAppeal"]
---

# ഷുക്കൂർ വധക്കേസ്: ഷുക്കൂറിന്റെ രക്തം പി ജയരാജന്റെ കൈയില്‍ പതിഞ്ഞിട്ടുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നു, നിയമപോരാട്ടം തുടരുമെന്ന് സഹോദരൻ ദാവൂദ്

> **Lead Summary:** **കൊച്ചി: **അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ നിയമപോരാട്ടം സുപ്രീംകോടതി വരെ തുടരുമെന്ന് ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദ് പറഞ്ഞു. കേസില്‍ ഗൂഢാലോചന തെളിയിക്കാനായി ഹാജരാകേണ്ടിയിരുന്ന രണ്ടു സാക്ഷികള്‍ കോടതിയില്‍ എത്തിയില്ലെന്നും, വിധിക്ക് പിന്നില്‍ എന്താണ് സംഭവിച്ചതെന്ന് കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**കൊച്ചി: **അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ നിയമപോരാട്ടം സുപ്രീംകോടതി വരെ തുടരുമെന്ന് ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദ് പറഞ്ഞു. കേസില്‍ ഗൂഢാലോചന തെളിയിക്കാനായി ഹാജരാകേണ്ടിയിരുന്ന രണ്ടു സാക്ഷികള്‍ കോടതിയില്‍ എത്തിയില്ലെന്നും, വിധിക്ക് പിന്നില്‍ എന്താണ് സംഭവിച്ചതെന്ന് കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഷുക്കൂറിന്റെ രക്തം പി ജയരാജന്റെ കൈയില്‍ പതിഞ്ഞിട്ടുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്നും ദാവൂദ് വ്യക്തമാക്കി. അടുത്ത ദിവസം തന്നെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും, സിബിഐയും അതുപോലെ അപ്പീല്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരമാവധി സാക്ഷികളെ ഹാജരാക്കിയിട്ടുണ്ടായിരുന്നുവെന്നും, കോടതിയുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു വിധി എന്തുകൊണ്ടുണ്ടായി എന്നത് വ്യക്തമല്ലെന്നും ദാവൂദ് പറഞ്ഞു.

പത്ത് പതിനാല് വര്‍ഷത്തിന് ശേഷമാണ് ഈ നിയമപോരാട്ടത്തിന് ഇങ്ങനെ ഒരു അന്ത്യമാകുന്നതെന്നും, അത് കേസിലെ വലിയൊരു വെല്ലുവിളിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാന പ്രതിയായ സിപിഐഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ പറ്റിയിട്ടില്ലെന്നാണ് പറയുന്നത് എന്നും ദാവൂദ് പറഞ്ഞു.

അതേസമയം, കേസില്‍ ശിക്ഷിക്കപ്പെട്ട ഏഴ് പ്രതികളെ ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിക്കും. ഒന്നാം പ്രതി കെ വി സുമേഷ് ഉള്‍പ്പെടെയുള്ളവരെയാണ് എറണാകുളം സബ് ജയിലില്‍ നിന്ന് കണ്ണൂരിലേക്ക് മാറ്റുന്നത്. എല്ലാവര്‍ക്കും ജീവപര്യന്തം ശിക്ഷയാണ് സിബിഐ കോടതി വിധിച്ചത്. കേസില്‍ ആകെ 13 പേരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്.

സിപിഐഎം നേതാക്കളായ പി ജയരാജന്‍, ടി വി രാജേഷ് എന്നിവര്‍ അടക്കം 18 പേരെ കുറ്റവിമുക്തരാക്കിയ നടപടിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കും. സാക്ഷികളെ എത്തിക്കുന്നതില്‍ അടക്കം പ്രോസിക്യൂഷന് ഗുരുതര വീഴ്ച്ച സംഭവിച്ചെന്നാണ് വിധി പകര്‍പ്പില്‍ പറഞ്ഞിരുന്നത്.

Dawood, the brother of Ariyoor Shukoor, said the legal battle in the murder case will continue up to the Supreme Court. He also said he believes the conspiracy was not fully proved and expects both the prosecution and the CBI to file appeals against the verdict.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392384/ariyoor-shukoor-case-legal-battle-continues-new)