---
title: "ഷുക്കൂർ വധക്കേസ്, ഗൂഢാലോചന വാദം കള്ളമെന്ന് തെളിഞ്ഞെന്ന് കെ.കെ. ശൈലജ"
english_title: "KK Shailaja says conspiracy claim in Ariyil Shukoor case is false"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392326/kk-shailaja-ariyil-shukoor-case-response"
published_at: "2026-11-19T18:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afef8d459e96_kk-shailaja-ariyil-shukoor-case-response.jpg"
keywords: ["AriyilShukoorCase", "KKShailaja", "CPM", "KeralaNews", "CBICourt"]
---

# ഷുക്കൂർ വധക്കേസ്, ഗൂഢാലോചന വാദം കള്ളമെന്ന് തെളിഞ്ഞെന്ന് കെ.കെ. ശൈലജ

> **Lead Summary:** കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിലെ ഗൂഢാലോചന വാദം കള്ളമാണെന്ന് തെളിഞ്ഞതായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ പറഞ്ഞു. കോടതി ഗൂഢാലോചനാക്കുറ്റം ചുമത്തിയ എല്ലാവരെയും വെറുതേവിട്ടതിനെ സ്വാഗതം ചെയ്യുന്നതായും അവർ പ്രതികരിച്ചു.

## Article Content

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിലെ ഗൂഢാലോചന വാദം കള്ളമാണെന്ന് തെളിഞ്ഞതായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ പറഞ്ഞു. കോടതി ഗൂഢാലോചനാക്കുറ്റം ചുമത്തിയ എല്ലാവരെയും വെറുതേവിട്ടതിനെ സ്വാഗതം ചെയ്യുന്നതായും അവർ പ്രതികരിച്ചു.

ഷുക്കൂർ വധം നിർഭാഗ്യകരമായ സംഭവമാണെന്ന് കെ.കെ. ശൈലജ പറഞ്ഞു. അന്ന് സംഘർഷമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കാൻ പോയ സംഘത്തിൽ താനും ഉണ്ടായിരുന്നുവെന്നും അവർ ഓർമ്മിപ്പിച്ചു. ഓട്ടോയിലായിരുന്നു യാത്ര. ആക്രമണം പ്രതീക്ഷിച്ചിരുന്നില്ലെന്നും കുടുംബങ്ങളെ ആശ്വസിപ്പിക്കാനാണ് പോയതെന്നും അവർ പറഞ്ഞു.

ഓട്ടോയിൽനിന്ന് ഇറങ്ങുമ്പോൾ തന്നെ ലീഗ് പ്രവർത്തകർ എറിയുകയായിരുന്നു. ഞാൻ ഇറങ്ങിയില്ല, ജയരാജൻ ഇറങ്ങിയിരുന്നു. അതുകൊണ്ടാണ് ജയരാജനടക്കം ഏറ് കിട്ടിയത്. ആശുപത്രിയിൽ ആളുകൾക്കിടയിൽ നിന്ന് എന്ത് ഗൂഢാലോചന നടത്താനാണ് പറ്റുക? 14 വർഷത്തോളം അനുഭവിച്ച പ്രയാസത്തിന് അറുതി ഉണ്ടായിരിക്കുന്നു എന്നും കെ.കെ. ശൈലജ പറഞ്ഞു.

കണ്ണൂരിലെ യൂത്ത് ലീഗ് പ്രവർത്തകനും തളിപ്പറമ്പ് മണ്ഡലം എംഎസ്എഫ് ട്രഷറുമായിരുന്ന അരിയിൽ അബ്ദുൾ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ വ്യാഴാഴ്ചയാണ് എറണാകുളത്തെ സിബിഐ പ്രത്യേക കോടതി വിധി പറഞ്ഞത്. കേസിൽ 13 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജൻ, സംസ്ഥാന സമിതി അംഗം ടി.വി. രാജേഷ്, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് ഉൾപ്പെടെ 18 പ്രതികളെ കോടതി വെറുതേവിട്ടു.

പി. ജയരാജനും ടി.വി. രാജേഷിനും എതിരേ ഗൂഢാലോചനാക്കുറ്റമാണ് ചുമത്തിയിരുന്നത്. രണ്ട് പ്രതികൾ വിചാരണയ്ക്കിടെ മരിച്ചിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയവരിൽ ഏഴ് പ്രതികളെ ജീവപര്യന്തം തടവിനാണ് കോടതി ശിക്ഷിച്ചത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെന്ന് കണ്ടെത്തിയവർക്കാണ് ഈ ശിക്ഷ. അതേസമയം, മൂന്നുവർഷം താഴെ ശിക്ഷ ലഭിച്ച ആറ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392326/kk-shailaja-ariyil-shukoor-case-response)