---
title: "ശബരിമല : ഇന്നലെ 80,000 പേർക്ക് ദർശനത്തിന് അനുമതിയുണ്ടായിരുന്നെങ്കിലും 37,000 പേരാണ് സന്നിധാനത്ത് എത്തിയത്."
english_title: "Sabarimala Mandala Season: Virtual Queue Full, Only 37,000 Arrive"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392324/sabarimala-mandala-season-virtual-queue-full"
published_at: "2026-11-19T18:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afef68c01cb5_sabarimala-mandala-season-virtual-queue-full.png"
keywords: ["Sabarimala", "MandalaSeason", "VirtualQueue", "KeralaNews", "DevaswomBoard"]
---

# ശബരിമല : ഇന്നലെ 80,000 പേർക്ക് ദർശനത്തിന് അനുമതിയുണ്ടായിരുന്നെങ്കിലും 37,000 പേരാണ് സന്നിധാനത്ത് എത്തിയത്.

> **Lead Summary:** വിർച്വൽ ക്യൂ നിറഞ്ഞിട്ടും സന്നിധാനത്ത് പകുതി പേർ മാത്രം, ദേവസ്വം ബോർഡ് അന്വേഷണം തുടങ്ങി

## Article Content

വിർച്വൽ ക്യൂ നിറഞ്ഞിട്ടും സന്നിധാനത്ത് പകുതി പേർ മാത്രം, ദേവസ്വം ബോർഡ് അന്വേഷണം തുടങ്ങി

പത്തനംതിട്ട: ശബരിമല മണ്ഡലകാലത്ത് വിർച്വൽ ക്യൂ ബുക്കിങ് മുഴുവൻ നിറഞ്ഞിട്ടും ദർശനത്തിന് എത്തുന്നത് പകുതിയോളം പേർ മാത്രമാണെന്ന് റിപ്പോർട്ട്. ഇന്നലെ 80,000 പേർക്ക് ദർശനത്തിന് അനുമതിയുണ്ടായിരുന്നെങ്കിലും 37,000 പേരാണ് സന്നിധാനത്ത് എത്തിയത്.

ഒരു ദിവസം വിർച്വൽ ക്യൂ വഴിയായി 66,000 പേരും സ്പോട്ട് ബുക്കിങ് വഴി 14,000 പേരും ഉൾപ്പെടെ 80,000 പേർക്കാണ് ദർശനാനുമതി. മണ്ഡല മകരവിളക്ക് തീർത്ഥാടനം തുടങ്ങിയതിന് പിന്നാലെ തന്നെ വിർച്വൽ ക്യൂ മുഴുവൻ ബുക്കിങ് ആയി. നിലവിൽ ഡിസംബർ 25 വരെ വിർച്വൽ ക്യൂയിൽ ഒഴിവില്ലെന്നാണ് വിവരം.

എന്നാൽ ഓരോ ദിവസവും ബുക്ക് ചെയ്തവരിൽ പകുതിയോളം പേർ മാത്രമാണ് നേരിട്ട് ദർശനത്തിന് എത്തുന്നത്. ചില സീസണുകളുടെ ആദ്യ ദിവസങ്ങളിൽ തീർത്ഥാടകർ കുറയാറുണ്ടെന്നും ബുക്ക് ചെയ്തവർ മുഴുവൻ എപ്പോഴും എത്തണമെന്നില്ലെന്നും അധികൃതർ പറയുന്നു. എന്നിരുന്നാലും സാഹചര്യം വിശദമായി പരിശോധിക്കാൻ ദേവസ്വം ബോർഡ് ഇൻറലിജൻസ് വിഭാഗത്തോട് നിർദേശിച്ചിട്ടുണ്ട്.

സ്പോട്ട് ബുക്കിങ് കൂട്ടാൻ ആലോചന

വിർച്വൽ ക്യൂ ബുക്ക് ചെയ്യാൻ കഴിയാതെ ശബരിമലയിൽ എത്തുന്നവർക്ക് സ്പോട്ട് ബുക്കിങ്ങിലൂടെ മലകയറാൻ അവസരമുണ്ട്. ക്യൂ നിറഞ്ഞതിനാൽ സ്പോട്ട് ബുക്കിങ് കൂട്ടാനും ബോർഡ് ആലോചിക്കുന്നുണ്ട്. ടൂർ ട്രാവൽ ഏജൻസികൾ കൂട്ടത്തോടെ ബുക്ക് ചെയ്തതാണോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.

എന്നാൽ അതിന് അടിസ്ഥാനമില്ലെന്നാണ് പൊലീസ് നിലപാട്. ആധാർ അടിസ്ഥാനത്തിലുള്ള ബുക്കിങ്ങായതിനാൽ അത്തരമൊരു സാധ്യത കുറവാണെന്നാണ് പൊലീസ് പറയുന്നത്. അതേസമയം ബുക്കിങ് ഏജന്റുമാരുടെ ഇടപെടലെന്ന വാദം ശബരിമല സ്പെഷ്യൽ ഓഫീസർ തള്ളിക്കളഞ്ഞു.

ഇതിനിടെ നിയമസഭയിലെ പരിസ്ഥിതി സമിതിയിലെ എംഎൽഎമാരുടെ ശബരിമല സന്ദർശനം തുടരുകയാണ്. ക്രമീകരണങ്ങളിൽ തൃപ്തിയുണ്ടെന്ന് മൂന്നംഗ പ്രതിനിധി സംഘം പറഞ്ഞു. എന്നാൽ എരുമേലിയിലടക്കം ചില ക്രമീകരണങ്ങളിൽ പോരായ്മയുണ്ടെന്നും സമിതി വ്യക്തമാക്കി. മാസ്റ്റർപ്ലാൻ നടപ്പാക്കുന്നതിലെ കാലതാമസം സർക്കാരിനെ അറിയിക്കുമെന്നും സജീവ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392324/sabarimala-mandala-season-virtual-queue-full)