---
title: "മനുഷ്യരെ കണ്ടാൽ പൂച്ചയെപ്പോലെ, പൂച്ചയെ കണ്ടാൽ മനുഷ്യനെപ്പോലെ, തലച്ചോറിലെ ശസ്ത്രക്രിയയ്ക്ക് ശേഷം 28കാരന് അപൂർവ കാഴ്ചവൈകല്യം"
english_title: "Prosopometamorphopsia: 28-Year-Old Sees Humans as Cats"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392323/prosopometamorphopsia-28-year-old-sees-cats"
published_at: "2026-11-19T18:18:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afef2cbd26e4_prosopometamorphopsia-28-year-old-sees-cats.jpg"
keywords: ["Prosopometamorphopsia", "BrainSurgery", "RareDisorder", "HealthNews", "MedicalReport"]
---

# മനുഷ്യരെ കണ്ടാൽ പൂച്ചയെപ്പോലെ, പൂച്ചയെ കണ്ടാൽ മനുഷ്യനെപ്പോലെ, തലച്ചോറിലെ ശസ്ത്രക്രിയയ്ക്ക് ശേഷം 28കാരന് അപൂർവ കാഴ്ചവൈകല്യം

> **Lead Summary:** ലണ്ടൻ: തലച്ചോറിൽ ശസ്ത്രക്രിയ നടത്തിയ 28കാരനായ കാൾ ഇപ്പോൾ അനുഭവിക്കുന്നത് അത്യപൂർവമായ ഒരു കാഴ്ചവൈകല്യമാണ്. മനുഷ്യരെ കാണുമ്പോൾ പൂച്ചകളെപ്പോലെ തോന്നുകയും പൂച്ചയെ കാണുമ്പോൾ മനുഷ്യരെപ്പോലെ തോന്നുകയും ചെയ്യുന്ന അവസ്ഥയാണ് ഇയാൾക്കുള്ളത്.

## Article Content

ലണ്ടൻ: തലച്ചോറിൽ ശസ്ത്രക്രിയ നടത്തിയ 28കാരനായ കാൾ ഇപ്പോൾ അനുഭവിക്കുന്നത് അത്യപൂർവമായ ഒരു കാഴ്ചവൈകല്യമാണ്. മനുഷ്യരെ കാണുമ്പോൾ പൂച്ചകളെപ്പോലെ തോന്നുകയും പൂച്ചയെ കാണുമ്പോൾ മനുഷ്യരെപ്പോലെ തോന്നുകയും ചെയ്യുന്ന അവസ്ഥയാണ് ഇയാൾക്കുള്ളത്.

പ്രോസോപോമെറ്റമോർഫോസിയസ് (Prosopometamorphopsia - PMO) എന്ന നാഡീവ്യവസ്ഥാസംബന്ധമായ അവസ്ഥയാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു. മുഖങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന തലച്ചോറിന്റെ ഭാഗത്ത് നടന്ന ശസ്ത്രക്രിയയ്ക്കുശേഷമാണ് കാളിന് ഈ മാറ്റം തുടങ്ങിയത്.

തലച്ചോറിന്റെ വലത് പോസ്റ്റീരിയർ ടെമ്പറൽ ലോബിൽ ഉണ്ടായിരുന്ന രക്തക്കുഴലുകളുടെ തകരാറായ ആർട്ടീരിയോവെനസ് മാൽഫർമേഷൻ നീക്കം ചെയ്യാനായിരുന്നു ശസ്ത്രക്രിയ. അതിന് പിന്നാലെ മനുഷ്യരുടെ മുഖത്തേക്ക് നോക്കുമ്പോൾ കണ്ണുകളുടെ ആകൃതി പൂച്ചയുടേതുപോലെയാകുന്നതും കൃഷ്ണമണികൾ വലുതാകുന്നതും മുഖത്ത് പൂച്ചയുടെ രോമങ്ങൾ പോലുള്ള പാടുകൾ കാണുന്നതുമാണ് കാൾ പറയുന്നത്.

ചിലപ്പോൾ സ്വന്തം വളർത്തുപൂച്ചയുടെ മുഖം മനുഷ്യന്റെ മുഖവുമായി സാമ്യമുള്ളതായി തോന്നുകയും ആളുകളുടെ മുഖങ്ങൾ പരസ്പരം മാറിപ്പോകുന്നതുപോലെയും അനുഭവപ്പെടുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. രണ്ട് വർഷം മുൻപാണ് ശസ്ത്രക്രിയ നടന്നത്. അതിനുശേഷം തുടങ്ങിയ ഈ വികലമായ കാഴ്ചകൾ മണിക്കൂറുകളോളം, ചിലപ്പോൾ ഒരു ദിവസം മുഴുവൻ വരെ നീളാറുണ്ടെന്നും പറയുന്നു.

കോർട്ടെക്സ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ അപൂർവ അവസ്ഥയെക്കുറിച്ച് വിശദമാക്കുന്നത്. മുഖം തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട് തലച്ചോറിൽ സൂക്ഷിച്ച പഴയ ഓർമ്മകളും ആളുകളെ കാണുമ്പോൾ അവരുടെ മുഖവും തമ്മിൽ കൂടിച്ചേരുന്നതാണ് കാരണമെന്ന് ഡാർട്ട്മൗത്ത് കോളജിലെ പ്രഫസർ ബ്രാഡ് ഡുചെയ്ൻ പറഞ്ഞു.

PMO ബാധിച്ചവരിൽ മുഖങ്ങൾ വലിഞ്ഞുമുറുകിയോ സ്ഥാനമാറ്റം സംഭവിച്ചോ അല്ലെങ്കിൽ വിചിത്ര നിറത്തിലും രൂപത്തിലുമാണ് കാണപ്പെടാറുള്ളത്. ദൈനംദിന ജീവിതം ബുദ്ധിമുട്ടിലാക്കുന്ന ഈ അവസ്ഥയുമായി കാൾ ഇപ്പോൾ പൊരുത്തപ്പെട്ട് ജീവിക്കാൻ പഠിച്ചുവരികയാണെന്നും ഗവേഷകർ പറയുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ നൂറിൽ താഴെ ആളുകൾക്കേ ഈ രോഗം കണ്ടെത്തിയിട്ടുള്ളൂ എന്നും ചികിത്സയ്ക്ക് ഇതുവരെ വ്യക്തമായ പരിഹാരം കണ്ടെത്താനായിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392323/prosopometamorphopsia-28-year-old-sees-cats)