---
title: "വാഹന ഉടമകൾക്ക് ആശ്വാസം; പുകപരിശോധന സർട്ടിഫിക്കറ്റിന് ഇനി മൂന്ന് വർഷം വരെ കാലാവധി, പുതിയ ചട്ടങ്ങളുമായി കേന്ദ്രം"
english_title: "Central revises PUC certificate rules; BS6 vehicles get up to 3 years"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392316/central-revises-puc-certificate-rules"
published_at: "2026-11-19T17:11:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afee44a071c4_central-revises-puc-certificate-rules.jpg"
keywords: ["PUCCertificate", "RoadTransportMinistry", "BS6Vehicles", "PollutionCertificate", "IndiaNews"]
---

# വാഹന ഉടമകൾക്ക് ആശ്വാസം; പുകപരിശോധന സർട്ടിഫിക്കറ്റിന് ഇനി മൂന്ന് വർഷം വരെ കാലാവധി, പുതിയ ചട്ടങ്ങളുമായി കേന്ദ്രം

> **Lead Summary:** ന്യൂഡൽഹി: വാഹനങ്ങളുടെ പുകപരിശോധന സർട്ടിഫിക്കറ്റുകളുടെ കാലാവധിയിൽ വലിയ മാറ്റവുമായി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. വാഹനങ്ങളുടെ പഴക്കം, വിഭാഗം എന്നിവ കണക്കിലെടുത്താണ് പുതുക്കിയ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്.

## Article Content

ന്യൂഡൽഹി: വാഹനങ്ങളുടെ പുകപരിശോധന സർട്ടിഫിക്കറ്റുകളുടെ കാലാവധിയിൽ വലിയ മാറ്റവുമായി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. വാഹനങ്ങളുടെ പഴക്കം, വിഭാഗം എന്നിവ കണക്കിലെടുത്താണ് പുതുക്കിയ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്.

നവംബർ 13ന് വിജ്ഞാപനം ചെയ്ത ചട്ടപ്രകാരം ബിഎസ് 6 വാഹനങ്ങൾക്ക് പുകപരിശോധന സർട്ടിഫിക്കറ്റിന് മൂന്ന് വർഷംവരെ കാലാവധി ലഭിക്കും. വാഹനം ആദ്യമായി രജിസ്റ്റർ ചെയ്ത തീയതിയെ അടിസ്ഥാനമാക്കിയാണ് പഴക്കം നിശ്ചയിക്കുക.

ബിഎസ്-6 സ്വകാര്യ വാഹനങ്ങളിൽ രജിസ്ട്രേഷൻ തീയതി മുതൽ ആറ് വർഷംവരെ പഴക്കമുള്ള വാഹനങ്ങൾക്ക് മൂന്ന് വർഷത്തെ സാധുതയാകും. ആറ് വർഷത്തിൽ കൂടുതലും 10 വർഷത്തിൽ താഴെയും പഴക്കമുള്ള വാഹനങ്ങൾ ഓരോ വർഷവും സർട്ടിഫിക്കറ്റ് പുതുക്കണം. 10 വർഷത്തിന് മുകളിൽ പഴക്കമുള്ളവയ്ക്ക് ആറ് മാസത്തിലൊരിക്കൽ പുതുക്കേണ്ടതുണ്ട്.

ബിഎസ്-6 വാണിജ്യ വാഹനങ്ങളിൽ ആറ് വർഷംവരെ രണ്ട് വർഷത്തിലൊരിക്കൽ പുകപരിശോധന സർട്ടിഫിക്കറ്റ് എടുത്താൽ മതി. ആറ് വർഷത്തിന് മുകളിലും 10 വർഷത്തിൽ താഴെയും പഴക്കമുള്ള വാഹനങ്ങൾക്ക് വർഷത്തിലൊരിക്കൽ പുതുക്കണം. 10 വർഷത്തിന് മുകളിൽ പഴക്കമുള്ളവയ്ക്ക് ആറ് മാസത്തിലൊരിക്കൽ പരിശോധന വേണം.

ബിഎസ്-1, ബിഎസ്-2, ബിഎസ്-3 വിഭാഗങ്ങളിലെ എല്ലാ വാഹനങ്ങളും മൂന്ന് മാസത്തിലൊരിക്കൽ പുകപരിശോധന നടത്തി സർട്ടിഫിക്കറ്റ് കൈവശംവെക്കണം. ബിഎസ്-4 വാഹനങ്ങൾക്ക് ആറ് മാസത്തിലൊരിക്കൽ പരിശോധന നടത്തേണ്ടതുണ്ട്.

പുതിയ ഭേദഗതി ചട്ടങ്ങൾ നിലവിൽ വരുന്നതിന് മുൻപ് എടുത്ത സർട്ടിഫിക്കറ്റുകൾക്ക്, ചട്ടം പ്രാബല്യത്തിൽ വന്നതിന് ശേഷമുള്ള ആദ്യ പുതുക്കലിന് ശേഷമായിരിക്കും പുതിയ കാലാവധി ബാധകമാകുക. കാലാവധി അവസാനിക്കുന്നതിന് 10 ദിവസം മുൻപ് പുതുക്കിയാൽ പഴയ സർട്ടിഫിക്കറ്റിന്റെ അവസാന തീയതി മുതലായിരിക്കും പുതിയ സർട്ടിഫിക്കറ്റിന് പ്രാബല്യം. കാലാവധി കഴിഞ്ഞ ശേഷം പുതുക്കുന്നവയ്ക്ക് പുതുക്കുന്ന തീയതി മുതലായിരിക്കും പ്രാബല്യം.

The Centre has notified revised rules extending the validity of pollution check certificates for BS-6 vehicles up to three years, depending on vehicle age and category. Older BS-1 to BS-3 vehicles will still require checks every three months, while BS-4 vehicles need renewal every six months.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392316/central-revises-puc-certificate-rules)