---
title: "ലാഭവിഹിതം കണ്ട് വീഴല്ലേ...! സംസ്ഥാനത്ത് സൈബർ തട്ടിപ്പുകൾ വ്യാപകം; കോഴിക്കോട് സ്വദേശികളായ ദമ്പതികൾക്ക് 26 ലക്ഷം രൂപ നഷ്ടമായി"
english_title: "Cyber Fraud Surges in Kerala; Kozhikode Couple Loses ₹26 Lakh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392314/kerala-cyber-fraud-kozhikode-couple-loss-new"
published_at: "2026-11-19T17:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afee04f300f5_kerala-cyber-fraud-kozhikode-couple-loss-new.jpg"
keywords: ["CyberFraud", "KeralaNews", "OnlineTrading", "PoliceInvestigation", "Kozhikode", "OnlineScam"]
---

# ലാഭവിഹിതം കണ്ട് വീഴല്ലേ...! സംസ്ഥാനത്ത് സൈബർ തട്ടിപ്പുകൾ വ്യാപകം; കോഴിക്കോട് സ്വദേശികളായ ദമ്പതികൾക്ക് 26 ലക്ഷം രൂപ നഷ്ടമായി

> **Lead Summary:** **കോഴിക്കോട്: **സംസ്ഥാനത്ത് സൈബർ തട്ടിപ്പുകൾ വ്യാപകമാകുന്നതായി റിപ്പോർട്ട്. ഓൺലൈൻ ട്രേഡിങ് ആപ്പിൽ പണം നിക്ഷേപിച്ച കോഴിക്കോട് ഉണ്ണികുളം സ്വദേശികളായ ദമ്പതികൾക്ക് 26 ലക്ഷം രൂപ നഷ്ടമായി. പ്രമുഖ ബാങ്കിന്റെ കസ്റ്റമർ കെയറിൽ നിന്നെന്ന വ്യാജേന എറണാകുളം കണയന്നൂരിൽ വയോധികനിൽ നിന്ന് 1.18 ലക്ഷം രൂപയും തട്ടിയെടുത്തു.

## Article Content

**കോഴിക്കോട്: **സംസ്ഥാനത്ത് സൈബർ തട്ടിപ്പുകൾ വ്യാപകമാകുന്നതായി റിപ്പോർട്ട്. ഓൺലൈൻ ട്രേഡിങ് ആപ്പിൽ പണം നിക്ഷേപിച്ച കോഴിക്കോട് ഉണ്ണികുളം സ്വദേശികളായ ദമ്പതികൾക്ക് 26 ലക്ഷം രൂപ നഷ്ടമായി. പ്രമുഖ ബാങ്കിന്റെ കസ്റ്റമർ കെയറിൽ നിന്നെന്ന വ്യാജേന എറണാകുളം കണയന്നൂരിൽ വയോധികനിൽ നിന്ന് 1.18 ലക്ഷം രൂപയും തട്ടിയെടുത്തു.

ട്രേഡിങ് വഴി ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്താണ് കോഴിക്കോട് സ്വദേശികളായ ദമ്പതികളെ തട്ടിപ്പുകാർ വലയിലാക്കിയത്. ഫേസ്ബുക്ക് വഴി ഷെയർ ട്രേഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് പല തവണയായി പണം നിക്ഷേപിപ്പിച്ചു. ലാഭവിഹിതം ലഭിക്കാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്ന് ദമ്പതികൾക്ക് മനസ്സിലായത്. സംഭവത്തിൽ ബാലുശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കണയന്നൂർ സ്വദേശി ബാലരാജ പണിക്കരാണ് തട്ടിപ്പിനിരയായ വയോധികൻ. ഗൂഗിളിൽ ബാങ്കിന്റെ കസ്റ്റമർ കെയർ നമ്പർ തിരഞ്ഞപ്പോൾ തട്ടിപ്പ് സംഘം അപ്ലോഡ് ചെയ്ത വ്യാജ നമ്പറാണ് ലഭിച്ചതെന്ന് പൊലീസ് പറയുന്നു. അതിലേക്ക് ബന്ധപ്പെട്ടതോടെ 81കാരന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തട്ടിപ്പുകാർ ചോദിച്ചറിഞ്ഞു. പിന്നാലെ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി പണം നഷ്ടമായി.

വാഹന ചലാന്റെ പേരിലുള്ള തട്ടിപ്പുകളും സംസ്ഥാനത്ത് കൂടിവരികയാണ്. ഇലക്ട്രിക് സ്കൂട്ടറിന് ഫൈൻ എന്ന പേരിൽ വന്ന സന്ദേശത്തിൽ ക്ലിക്ക് ചെയ്തതോടെ കോഴിക്കോട് നല്ലളം സ്വദേശിയായ യുവതിക്ക് ഒരുലക്ഷത്തിലധികം രൂപ നഷ്ടമായി. നല്ലളം സ്വദേശിയുടെ 30,000 രൂപയും സമാന രീതിയിൽ പോയതായി റിപ്പോർട്ടുണ്ട്. രണ്ട് കേസുകളിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Cyber fraud cases are rising across Kerala, with a Kozhikode couple losing ₹26 lakh after investing through a fake online trading app. In separate incidents, an elderly man in Ernakulam and others in Kozhikode were also cheated through bogus bank and traffic fine messages.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392314/kerala-cyber-fraud-kozhikode-couple-loss-new)