---
title: "അരിയിൽ ഷുക്കൂർ കേസ്: ഗൂഢാലോചനാ ആരോപണം പൂർണ്ണമായും തകർന്നു; ലീഗ് നേതൃത്വം പരസ്യമായി മാപ്പുപറയണമെന്ന് പി. ജയരാജൻ"
english_title: "Ariyil Shukoor Case: Conspiracy Allegation Has Collapsed, Says P. Jayarajan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392292/ariyil-shukoor-case-p-jayarajan-reaction-"
published_at: "2026-11-19T14:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afec19b8e6c6_ariyil-shukoor-case-p-jayarajan-reaction-.jpg"
keywords: ["PJayarajan", "AriyilShukoorCase", "CPM", "KeralaNews", "CBICourt", "CBI", "KeralaPolitics"]
---

# അരിയിൽ ഷുക്കൂർ കേസ്: ഗൂഢാലോചനാ ആരോപണം പൂർണ്ണമായും തകർന്നു; ലീഗ് നേതൃത്വം പരസ്യമായി മാപ്പുപറയണമെന്ന് പി. ജയരാജൻ

> **Lead Summary:** **കൊച്ചി: **അരിയിൽ ഷുക്കൂർ വധക്കേസിൽ സി.ബി.ഐ. കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ, തങ്ങൾക്കെതിരായ ഗൂഢാലോചനാ ആരോപണം പൂർണ്ണമായും തകർന്നെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജൻ പറഞ്ഞു. അന്നത്തെ യു.ഡി.എഫ്. സർക്കാരിന്റെയും ലീഗ്-കോൺഗ്രസ് നേതൃത്വത്തിന്റെയും രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി പോലീസും പിന്നീട് സി.ബി.ഐയും ചേർന്ന് കെട്ടിച്ചമച്ച കള്ളക്കേസായിരുന്നു ഇതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

## Article Content

**കൊച്ചി: **അരിയിൽ ഷുക്കൂർ വധക്കേസിൽ സി.ബി.ഐ. കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ, തങ്ങൾക്കെതിരായ ഗൂഢാലോചനാ ആരോപണം പൂർണ്ണമായും തകർന്നെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജൻ പറഞ്ഞു. അന്നത്തെ യു.ഡി.എഫ്. സർക്കാരിന്റെയും ലീഗ്-കോൺഗ്രസ് നേതൃത്വത്തിന്റെയും രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി പോലീസും പിന്നീട് സി.ബി.ഐയും ചേർന്ന് കെട്ടിച്ചമച്ച കള്ളക്കേസായിരുന്നു ഇതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി. ജയരാജൻ. 2012 ഫെബ്രുവരി 19 മുതൽ അരിയിൽ പ്രദേശത്ത് ലീഗ് ഗുണ്ടകളുടെ ആക്രമണങ്ങൾ തുടർച്ചയായി നടന്നുവെന്നും വായനശാലകളും ക്ലബ്ബുകളും സിപിഎം പ്രവർത്തകരുടെ വീടുകളും ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ഓഫീസുവരെ പച്ച പെയിന്റടിച്ച് വികൃതമാക്കിയ സാഹചര്യമുണ്ടായിരുന്നുവെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

ആക്രമിക്കപ്പെട്ട വീടുകളും സാംസ്കാരിക സ്ഥാപനങ്ങളും കാണാനാണ് അന്നത്തെ എം.എൽ.എ. ടി.വി. രാജേഷിനൊപ്പം താൻ അരിയിലേക്കു പോയതെന്ന് ജയരാജൻ പറഞ്ഞു. 11.45ഓടെ എത്തിയപ്പോൾ സമീപത്തുള്ള ലീഗ് ഓഫീസിനടുത്ത് വച്ചാണ് അവരുടെ വാഹനം ആക്രമിക്കപ്പെട്ടതെന്നും വാഹനത്തിന് കേടുപാട് പറ്റിയതായും അദ്ദേഹം പറഞ്ഞു. തനിക്കും മാധ്യമപ്രവർത്തകർക്കും പരിക്കേറ്റുവെന്നും തുടർന്ന് തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലും ആശുപത്രിയിലും എത്തി ചികിത്സ തേടിയെന്നും അദ്ദേഹം വിശദീകരിച്ചു.

> ആശുപത്രിയിൽ ചികിത്സ തേടുന്നതിനിടെയാണ് ദൗർഭാഗ്യകരമായ സംഭവം ഉണ്ടായതെന്ന് ജയരാജൻ പറഞ്ഞു. സിപിഎം പ്രവർത്തകരെയും പ്രവർത്തനങ്ങളെയും അരിയിൽ അനുവദിക്കില്ല എന്ന നിലപാടാണ് ലീഗിന്റെ ഒരു വിഭാഗം സ്വീകരിച്ചതെന്നും അതിനെതിരായ ജനപ്രതിഷേധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങളെ സന്ദർശിക്കാൻ പോലും അനുവദിക്കില്ല എന്നതായിരുന്നു ലീഗിന്റെ ഹുങ്ക്” എന്നും ജയരാജൻ ആരോപിച്ചു.

അന്വേഷണ ഏജൻസിക്ക് സംഭവത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്തുന്നതിലായിരിക്കണം താൽപര്യമുണ്ടായിരിക്കേണ്ടതെന്നും, എന്നാൽ അന്നത്തെ കോൺഗ്രസ്-ലീഗ് ഭരണത്തിന്റെ സമ്മർദ്ദത്തിൽ പോലീസ് ഉദ്യോഗസ്ഥരെ പാവകളിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐപിസിയിലെ 118-ാം വകുപ്പ് ഇതിന് മുമ്പ് ഒരു കേസിലും പ്രയോഗിച്ചിട്ടില്ലെന്നും, ആശുപത്രിയിൽ നൂറുകണക്കിന് ആളുകളും മാധ്യമപ്രവർത്തകരും ഉണ്ടായിരുന്നിടത്ത് ഗൂഢാലോചന നടത്തിയെന്ന കള്ളക്കേസാണ് ഉണ്ടാക്കിയതെന്നും ജയരാജൻ ആരോപിച്ചു.

‘സ്വയം പ്രഖ്യാപിത നാടുവാഴികൾ’ എന്നായിരുന്നു ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് പരാമർശമുണ്ടായതെന്നും, ആ ജഡ്ജി ഇപ്പോൾ സർവീസിൽ ഇല്ലെങ്കിലും രാഷ്ട്രീയപ്രവർത്തനം തുടരുകയാണെന്നും ജയരാജൻ പറഞ്ഞു. അദ്ദേഹത്തിന്റെ ബെഞ്ചാണ് കേസ് സിബിഐക്ക് വിട്ടതെന്നും, ലീഗും കോൺഗ്രസും സിബിഐയും ചേർന്നാണ് 120-ാം വകുപ്പ് ചേർത്തതെന്നും അദ്ദേഹം ആരോപിച്ചു. ഗൂഢാലോചനക്കേസിൽ പെടുത്താൻ നടത്തിയ ശ്രമങ്ങൾക്ക് ലീഗ് നേതൃത്വം ജനങ്ങളോട് പരസ്യമായി മാപ്പുപറയണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.

Following the CBI court’s acquittal in the Ariyil Shukoor murder case, CPM leader P. Jayarajan said the conspiracy allegations against him and others have completely collapsed. He alleged that the case was fabricated under political pressure from the then UDF government and League-Congress leadership.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392292/ariyil-shukoor-case-p-jayarajan-reaction-)