---
title: "സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി നിയമസഭാ പരിസ്ഥിതി സമിതി, കണ്ടെത്തലുകൾ വിലയിരുത്തി വിശദമായ റിപ്പോർട്ട് നൽകും"
english_title: "Legislative Committee Satisfied With Government and Devaswom Board Operations, to Submit Detailed Report"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392227/sabarimala-legislative-committee-report"
published_at: "2026-11-19T09:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe6db66b733_sabarimala-legislative-committee-report.jpg"
keywords: ["Sabarimala", "KeralaAssembly", "DevaswomBoard", "EnvironmentCommittee", "AyyappaPilgrimage"]
---

# സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി നിയമസഭാ പരിസ്ഥിതി സമിതി, കണ്ടെത്തലുകൾ വിലയിരുത്തി വിശദമായ റിപ്പോർട്ട് നൽകും

> **Lead Summary:** ശബരിമല: ഭക്തരുടെ വൈകാരികതയും ശബരിമലയിലെ പ്രവർത്തനങ്ങളും വിലയിരുത്തി വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകുമെന്ന് നിയമസഭാ പരിസ്ഥിതി സമിതി. ചെയർപേഴ്‌സൺ സജീവ് ജോസഫ് എം.എൽ.എ., അംഗങ്ങളായ ചാണ്ടി ഉമ്മൻ, ഫൈസൽ ബാബു എന്നിവരടങ്ങുന്ന നിയമസഭാ സമിതിയാണ് ബുധനാഴ്ച രാത്രി സന്നിധാനത്തെത്തി പ്രവർത്തനങ്ങൾ വിലയിരുത്തിയത്.

## Article Content

ശബരിമല: ഭക്തരുടെ വൈകാരികതയും ശബരിമലയിലെ പ്രവർത്തനങ്ങളും വിലയിരുത്തി വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകുമെന്ന് നിയമസഭാ പരിസ്ഥിതി സമിതി. ചെയർപേഴ്‌സൺ സജീവ് ജോസഫ് എം.എൽ.എ., അംഗങ്ങളായ ചാണ്ടി ഉമ്മൻ, ഫൈസൽ ബാബു എന്നിവരടങ്ങുന്ന നിയമസഭാ സമിതിയാണ് ബുധനാഴ്ച രാത്രി സന്നിധാനത്തെത്തി പ്രവർത്തനങ്ങൾ വിലയിരുത്തിയത്.

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രാധാന്യമുള്ളതും മലയാളികൾക്ക് ഏറെ വൈകാരിക ബന്ധമുള്ളതുമായ ശബരിമലയിലെ എല്ലാ പ്രവർത്തനങ്ങളും സൂക്ഷ്മതയോടെ നടപ്പിലാക്കുമെന്ന് സമിതി വ്യക്തമാക്കി. ഭക്തർക്കായി ഏർപ്പെടുത്തിയ സൗകര്യങ്ങളിൽ സമിതി സംതൃപ്തി രേഖപ്പെടുത്തി.

കോടിക്കണക്കിന് തീർഥാടകർ എത്തുമ്പോൾ ഒരു അയ്യപ്പഭക്തനുപോലും യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. അതിനുള്ള ശുപാർശകൾ നൽകുമെന്ന് സമിതി അധ്യക്ഷൻ സജീവ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയുടെ വികസനവും സംരക്ഷണവും കക്ഷിരാഷ്ട്രീയ, മത വ്യത്യാസങ്ങളില്ലാതെ എല്ലാ മലയാളികളുടെയും കൂട്ടുത്തരവാദിത്വമാണ്. വർഷത്തിലെ 365 ദിവസവും സർക്കാരിന്റെ ശ്രദ്ധ ശബരിമലയിൽ ഉണ്ടാകുമെന്ന് സമിതി പറഞ്ഞു.

സന്നിധാനത്തെ മാലിന്യനിർമാർജനം മികച്ച രീതിയിൽ നടക്കുന്നുണ്ട്. മണ്ഡലകാലം മുന്നിൽക്കണ്ട് എല്ലാ വകുപ്പുകളുടെയും കൃത്യമായ ഏകോപനം സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. ശബരിമലയിലേക്ക് ഭക്തർക്ക് എത്താനുള്ള റോഡുകളുടെ നവീകരണ പ്രവർത്തനങ്ങളെല്ലാം റെക്കോർഡ് വേഗത്തിലാണ് പൂർത്തീകരിച്ചത്. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രശ്നങ്ങൾ ഒന്നൊന്നായി സർക്കാർ പരിഹരിക്കുമെന്നും സമിതി വ്യക്തമാക്കി.

സമിതി കണ്ടെത്തിയ കാര്യങ്ങൾ ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. റിപ്പോർട്ടിന്മേൽ സത്വര നടപടി ഉണ്ടാകുമെന്ന് സമിതിക്ക് ഉറപ്പുണ്ട്.

പവർ ലോൺട്രി, സ്റ്റാഫ് ക്വാർട്ടേഴ്സ്, ദിവസവേതന തൊഴിലാളികളുടെ താമസസ്ഥലം, ഭസ്മക്കുളം, അരവണ നിർമാണ കേന്ദ്രം എന്നിവ സമിതി പരിശോധിച്ച് വിലയിരുത്തി.

ബുധനാഴ്ച സന്നിധാനത്ത് തങ്ങിയ ശേഷം വ്യാഴാഴ്ച മലയിറങ്ങി പമ്പയിൽ അവലോകനയോഗം ചേരുമെന്നും സമിതി അംഗങ്ങൾ അറിയിച്ചു.

The Kerala Legislative Environment Committee said it was satisfied with the arrangements and operations at Sabarimala after an on-site review at Sannidhanam. The panel will submit a detailed report to the government based on its findings and recommendations.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392227/sabarimala-legislative-committee-report)