---
title: "കാശ്മീരി വളകൾ മുതൽ കോലാപുരി ചെരിപ്പുകൾ വരെ; ഫാഷനിൽ പാരമ്പര്യത്തിന്റെ തിരിച്ചുവരവ്"
english_title: "From Kashmiri Bangles to Kolhapuri Sandals: Tradition Returns to Fashion"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392223/tradition-returns-indian-fashion"
published_at: "2026-11-19T08:41:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe694330f44_tradition-returns-indian-fashion.jpg"
keywords: ["IndianFashion", "TraditionalWear", "KolhapuriSandals", "KashmiriBangles", "HandloomStyle"]
---

# കാശ്മീരി വളകൾ മുതൽ കോലാപുരി ചെരിപ്പുകൾ വരെ; ഫാഷനിൽ പാരമ്പര്യത്തിന്റെ തിരിച്ചുവരവ്

> **Lead Summary:** ** **പാശ്ചാത്യ ഫാഷൻ ട്രെൻഡുകൾക്ക് പിന്നാലെ പോകുന്നതിൽ നിന്ന് മാറി, സ്വന്തം പാരമ്പര്യ വസ്ത്രധാരണ രീതികളിലേക്ക് തിരിയുകയാണ് ഇന്ത്യൻ ഫാഷൻ ലോകം. പരമ്പരാഗത ആഭരണങ്ങൾ, പ്രാദേശിക സാരി ഉടുപ്പുരീതികൾ, കൈത്തറി വസ്ത്രങ്ങൾ എന്നിവ പുതിയ തലമുറയ്ക്കിടയിൽ സ്വാധീനം ചെലുത്തുകയാണ്. കാലങ്ങളായി നിലനിന്നിരുന്ന പല ശൈലികളും പുതിയ രൂപത്തിലും ഭാവത്തിലും ഏറ്റെടുക്കുകയാണ്.

## Article Content

** **പാശ്ചാത്യ ഫാഷൻ ട്രെൻഡുകൾക്ക് പിന്നാലെ പോകുന്നതിൽ നിന്ന് മാറി, സ്വന്തം പാരമ്പര്യ വസ്ത്രധാരണ രീതികളിലേക്ക് തിരിയുകയാണ് ഇന്ത്യൻ ഫാഷൻ ലോകം. പരമ്പരാഗത ആഭരണങ്ങൾ, പ്രാദേശിക സാരി ഉടുപ്പുരീതികൾ, കൈത്തറി വസ്ത്രങ്ങൾ എന്നിവ പുതിയ തലമുറയ്ക്കിടയിൽ സ്വാധീനം ചെലുത്തുകയാണ്. കാലങ്ങളായി നിലനിന്നിരുന്ന പല ശൈലികളും പുതിയ രൂപത്തിലും ഭാവത്തിലും ഏറ്റെടുക്കുകയാണ്.

കാശ്മീരി വളകളാണ് ഇതിൽ ശ്രദ്ധേയമായ ഒരു ട്രെൻഡ്. ചെറിയ മണികളോടുകൂടിയ സ്വർണ വളകളും പാസ്റ്റൽ നിറങ്ങളിലുള്ള ഗ്ലാസ് വളകളും ചേർന്ന ഈ ആഭരണങ്ങൾക്ക് 2026-ലെ ഈദ് കാലത്ത് വലിയ പ്രചാരം ലഭിച്ചിരുന്നു. പരമ്പരാഗത വസ്ത്രങ്ങൾക്കൊപ്പം മാത്രമല്ല, മറ്റ് വസ്ത്രധാരണ രീതികളിലും ഇത്തരം ആഭരണങ്ങൾ ഇടംപിടിക്കുന്നുണ്ട്. അരയിൽ അണിയുന്ന കമർബന്ദും വീണ്ടും ശ്രദ്ധ നേടുന്നുണ്ട്. ഒരുകാലത്ത് ഇന്ത്യൻ വസ്ത്രധാരണത്തിന്റെ ഭാഗമായിരുന്ന ഈ ആഭരണം പാശ്ചാത്യ ഫാഷനിലും ഇടം നേടിയിരുന്നു.

സാരി ഉടുക്കുന്നതിലെ പ്രാദേശിക വൈവിധ്യങ്ങളും വീണ്ടും ചർച്ചയാകുന്നുണ്ട്. മഹാരാഷ്ട്രയിലെ നൗവാരി, കർണാടകയിലെ കൂർഗ് ഡ്രേപ്പ്, ഗുജറാത്തി ശൈലി, ബംഗാളിലെ ആറ്റ്‌പൗരെ, തമിഴ്നാട്ടിലെ മടിസാർ തുടങ്ങിയ രീതികൾക്ക് പുതിയ തലമുറയിൽ താൽപര്യം വർധിക്കുകയാണ്. സാരി ഉടുക്കുന്നതിലെ ഈ വ്യത്യസ്ത രീതികൾ ഓരോ പ്രദേശത്തിന്റെയും സംസ്കാരവും പാരമ്പര്യവും അടയാളപ്പെടുത്തുന്നു.

മഹാരാഷ്ട്രയിലും കർണാടകയിലും കൈകൊണ്ട് നിർമിക്കുന്ന കോലാപുരി ചെരിപ്പുകളും ഫാഷൻ ലോകത്ത് വീണ്ടും ശ്രദ്ധ നേടുകയാണ്. 2025-ൽ ആഗോള ഫാഷൻ ബ്രാൻഡായ പ്രാഡ അവതരിപ്പിച്ച ചെരിപ്പുകൾക്ക് കോലാപുരി ചെരിപ്പുകളുമായുള്ള സാമ്യം ചർച്ചയായിരുന്നു.

പുരുഷന്മാരുടെ വസ്ത്രധാരണത്തിലും പരമ്പരാഗത ശൈലികൾക്ക് പ്രാധാന്യം ലഭിക്കുന്നുണ്ട്. ഔദ്യോഗിക ചടങ്ങുകൾക്ക് മാത്രമായി കരുതിയിരുന്ന ബന്ദ്ഗല ജാക്കറ്റുകൾ ഇപ്പോൾ കുർത്തകൾക്കും ജീൻസിനുമൊപ്പം ധരിക്കുന്ന രീതിയും വ്യാപകമാകുന്നു. അതേസമയം, അജ്രഖ് പ്രിന്റുകൾ, ചിക്കൻകാരി എംബ്രോയ്ഡറി, ബ്ലോക്ക് പ്രിന്റുകൾ തുടങ്ങിയ പരമ്പരാഗത കൈത്തറി-കരകൗശല രീതികൾക്കും പുതിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.

ലളിതമായ കുർത്തകൾക്കൊപ്പം ഓക്സിഡൈസ്ഡ് വെള്ളി ആഭരണങ്ങൾ അണിയുന്നതും പുതിയ ഫാഷൻ ശൈലികളിലൊന്നാണ്. പുതിയ തലമുറയുടെ അമിതമായ ഫോൺ ഉപയോഗത്തെ പലപ്പോഴും വിമർശിക്കാറുണ്ടെങ്കിലും, അതിലൂടെ സാധ്യമാകുന്ന സാംസ്കാരിക കൈമാറ്റം ഫാഷനിലും മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്.

സോഷ്യൽ മീഡിയയിലൂടെയും മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും പരിചയപ്പെടുന്ന വ്യത്യസ്ത സംസ്കാരങ്ങളും വസ്ത്രധാരണ രീതികളും പുതിയ തലമുറയുടെ ഫാഷൻ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നു. അങ്ങനെയാണ് പല പരമ്പരാഗത ശൈലികളും വീണ്ടും ശ്രദ്ധ നേടുകയും ട്രെൻഡുകളായി മാറുകയും ചെയ്യുന്നത്.

Indian fashion is witnessing a renewed embrace of traditional styles, from Kashmiri bangles and kamarbands to regional sari drapes and handwoven textiles. Kolhapuri sandals, bandhgal jackets, and heritage craft techniques are also gaining fresh popularity among younger consumers.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392223/tradition-returns-indian-fashion)